റിയോ ഡി ജനീറോ: 2018 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീനയ്ക്കെതിരേ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. ദുര്‍ബ്ബലമായ പ്രതിരോധത്തില്‍ കളിയില്‍ ഉടനീളം അര്‍ജന്റീന വലയുകയായിരുന്നു.
ഇരുപത്തിയഞ്ചാം മിനിറ്റില്‍ കുടിന്യോ ആണ് ബ്രസീലിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നെയ്മര്‍ രണ്ടാമത്തെ ഗോളും അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ പൗലിന്യോ മൂന്നാമത്തെ ഗോളും നേടി. നെയ്മറിന്റെ കരിയറിലെ അന്‍പതാം അന്താരാഷ്ട്ര ഗോളെന്ന പ്രത്യേകതയും ഉണ്ട്.
കളിയില്‍ ഉടനീളം ബ്രസീല്‍ ആധിപത്യം പുലര്‍ത്തി. അര്‍ജന്റീനയുടെ ഗോള്‍മുഖത്തേക്ക് പലപ്പോഴും ആക്രമണം അഴിച്ചുവിട്ട ബ്രസീല്‍ സന്ദര്‍ശകരെ ആദ്യാവസാനം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. അവസാന നിമിഷങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം നേരിട്ട അര്‍ജന്റീന ഭാഗ്യത്തിന്റെ തുണയിലാണ് കൂടുതല്‍ പരിക്കില്ലാതെ രക്ഷപെട്ടത്.
അര്‍ജന്റീനയില്‍ നടന്ന ആദ്യപാദ മത്സരം സമനിലയില്‍ (1-1) ആയിരുന്നു കലാശിച്ചത്. 2014 ലോകകപ്പ് സെമിയില്‍ ജര്‍മനിയില്‍ നിന്ന് ബ്രസീലിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ബെലോ ഹൊറിസോണ്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. കോപ്പയിലെ ദയനീയ തോല്‍വിയില്‍ നിന്ന് ബ്രസീലിന്റെ തിരിച്ചുവരവ് കൂടിയായി ഈ വിജയം.
ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ഉറുഗ്വായ് ഇക്വഡോറിനെ 2-1 ന് തോല്പിച്ചപ്പോള് കൊളംബിയയും ചിലിയുമായുളള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.