NewsColumns

ഇവർക്കു മാത്രം കരളിലെന്തിനീ കുളിര്?

-കാവാലം ജയകൃഷ്ണൻ

സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിപ്ലവത്തിനു തുടക്കമിട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 8/11/2016ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെ, ഒരു സൂചന പോലും നൽകാതെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തുന്നത്.

പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ പോകുന്നു എന്നു കേട്ടപ്പോൾ ആദ്യം ചിന്തിച്ചത് മറ്റൊന്നാണ്. രാഷ്ട്രത്തിന്റെ പരമോന്നത സൈനികത്തലവന്മാരുമായി ചർച്ച നടത്തിയ പ്രധാനമന്ത്രി അതിനു ശേഷം രാഷ്ട്രപതിയെ കാണുന്നു. അതിനു ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. അതിർത്തിയിൽ പിരിമുറുക്കങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സ്വാഭാവികമായും ഒരു വ്യക്തി ചിന്തിക്കുക മറ്റൊന്നാണ്. എന്നാൽ സംഭവിച്ചതോ?

ചൂടുപിടിച്ചിരുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ്; ന്യൂസ് ഹെഡ്‌സുകളിൽ നിന്നും അപ്രത്യക്ഷമായി. ബ്രേക്കിംഗും, സ്ക്രോളുകളുമായി സമാനതകളില്ലാത്ത രാഷ്ട്രീയധിഷണയുടെ സൂത്രവാക്യങ്ങൾ മാദ്ധ്യമങ്ങളിലെങ്ങും ഇടം പിടിച്ചു. ഒരേ സമയം രാജ്യമൊന്നാകെ ആശ്ചര്യപ്പെടുകയും, ചലരുടെയുളളിലെങ്കിലും വെളളിടി വെട്ടുകയും ചെയ്തു. തുടർന്നുളള സംഭവവികാസങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്…

വെറുതേ ഒരു മുഹൂർത്തത്തിൽ പൊട്ടിവീണ പ്രഖ്യാപനമല്ല അത്. നന്നായി ഗൃഹപാഠം ചെയ്ത്, വ്യക്തവും കൃത്യവുമായ പ്ലാനിംഗോടു കൂടി മാത്രം ‘ഡിസൈൻ’ ചെയ്തെടുത്ത പദ്ധതിയാണിത്. രാജ്യത്തെ ബാങ്ക് അക്കൗണ്ടുകൾ, ആധാർ കാർഡുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം സമയമെടുത്ത്, വ്യക്തമായ ധാരണയോടെ ഏകീകരിച്ച്, കളളപ്പണമുളളവർക്ക് അതു വെളുപ്പിക്കാൻ ആവശ്യത്തിലുമധികം സമയം അനുവദിച്ചു കൊണ്ടാണ് ഇതിന്റെ ആരംഭമെങ്കിൽ, ഈ നയപ്രഖ്യാപനത്തിനു മുൻപേ തന്നെ ബാങ്കുകളിൽ പെട്ടെന്നുണ്ടായേക്കാവുന്ന സാമ്പത്തിക അസ്ഥിരതയെ നേരിടാനുതകുന്ന ബദൽ സംവിധാനങ്ങളും, പുതിയ കറൻസികളും എത്തിച്ചു കഴിഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതും രാജ്യത്തെ ഒരു വിധം പ്രധാനപ്പെട്ട വ്യാപാര സ്ഥാപനങ്ങളെല്ലാം അവരുടെ ദൈനം‌ദിന വ്യാപാരങ്ങളുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്തതിനു ശേഷം, ബാങ്കുകളെല്ലാം പ്രവർത്തനം അവസാനിപ്പിച്ചതിനു ശേഷം, രാത്രി എട്ടു മണിക്ക്!

എത്ര ശ്രമിച്ചാലും തുടർന്നു വരുന്ന നാലു മണിക്കൂറിനുളളിൽ, പലയിടങ്ങളിലും പൂഴ്ത്തി വച്ചിരിക്കുന്ന കളളപ്പണശേഖരം ഒന്നനക്കാൻ പോലും കഴിയാത്ത തരത്തിലാണ് പ്രധാനമന്ത്രി തന്റെ നയം പ്രഖ്യാപിച്ചത്. നരേന്ദ്രദാമോദർദാസ് മോദി എന്ന ഭരണതന്ത്രജ്ഞന്റെ നട്ടെല്ലുറപ്പും, നിശ്ചയദാർഢ്യവും, പ്രൊഫഷണലിസവും വീണ്ടും വെളിവാക്കിയ മറ്റൊരു സംഭവമാണിത്.

ഒരു രാജ്യത്തെ സാധാരണ ജനസമൂഹം മുതൽ, അന്തർദേശീയതലത്തിലുളള സാമ്പത്തിക വിദഗ്ദ്ധരടക്കം ഈ നീക്കത്തെ ശ്ലാഘിക്കുകയും, സ്വാഗതം ചെയ്യുകയും ചെയ്തപ്പോൾ ചിലരെങ്കിലും മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം അസ്വസ്ഥരായതെന്തുകൊണ്ടാണ്?

എന്തുകൊണ്ട് എന്ന ചോദ്യത്തിലുപരി അവർ ആരൊക്കെ എന്ന് അടിവരയിട്ടു ചിന്തിക്കേണ്ടതുണ്ട്. ആദ്യമായി ഈ വിഷയത്തിൽ പ്രതികരിച്ചത് കേരളത്തിന്റെ ധനമന്ത്രി ഡോ.തോമസ് ഐസക് ആണ്. ധനകാര്യവിഷയത്തിൽ അവഗാഹമില്ലാത്തയാളല്ല അദ്ദേഹം. സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണബിരുദമുളള അദ്ദേഹത്തിന് ഈയൊരു മാറ്റത്തിന്റെ ഗുണവശങ്ങളേക്കുറിച്ച് വ്യക്തമായ ധാരണയുളളയാളാണ്. പക്ഷേ അതിശക്തമായി എതിർക്കുകയാണ് ചെയ്തത്. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടാകുമെന്ന് ഭീഷണി മുഴക്കുക കൂടി ചെയ്തു. തൊട്ടടുത്ത ദിവസം അദ്ദേഹം തന്റെ പ്രസ്താവനയെ നിയമസഭയിൽ തിരുത്താൻ നിർബന്ധിതനായെന്നതും ശ്രദ്ധേയമാണ്.

തൊട്ടു പിന്നാലെ വരുന്നു സാക്ഷാൽ പാർട്ടി സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന. അതും രാജ്യമൊന്നാകെ സ്വാഗതം ചെയ്ത ഒരു ഉജ്ജ്വലനീക്കത്തിനെതിരേ കേവലം ബാലിശമായ വാചാടോപം മാത്രം. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഇത് “ബുദ്ധിമുട്ടുണ്ടാക്കുന്ന” തീരുമാനമാണത്രേ !

ഈ എതിർപ്പുകളുടെയും, ബുദ്ധിമുട്ടുകളുടെയുമെല്ലാം അടിസ്ഥാനം കേവലം മോദി വിരോധം മാത്രമായിരുന്നുവോ? അതോ ആദ്യം സൂചിപ്പിച്ച ‘വെളളിടിവെട്ടൽ’ സ്വയം അനുഭവിച്ചതിന്റെ നിലവിളിയായിരുന്നോ അതെന്ന് നാം പൊതുസമൂഹത്തിനു ചിന്തിക്കാവുന്നതേയുളളൂ.

അതേസമയം എടുത്തു പറയേണ്ട ഒരു കാര്യം, ഒൻപതോളം തവണ മന്ത്രിപദമലങ്കരിക്കുകയും അതിൽത്തന്നെ കേരളത്തിൽ ഏറ്റവുമധികം പ്രാവശ്യം ധനമന്ത്രിയായിരിക്കുകയും ചെയ്ത കെ.എം.മാണി അക്ഷരം മിണ്ടിയില്ല. സാമ്പത്തികശാസ്ത്രത്തിൽ ഉന്നതബിരുദങ്ങൾ നേടിയ ഡോ.മന്മോഹൻ സിങ് ഈ വിഷയത്തോട് അനുകൂലമായോ, പ്രതികൂലമായോ പ്രതികരിച്ചു കണ്ടില്ല. എന്തുകൊണ്ട്? തെറ്റായ ഒരു നയമായിരുന്നുവെങ്കിൽ തീർച്ചയായും ബി.ജെ.പി സർക്കാരിനെതിരേ ആയുധമെടുക്കാൻ കഴിയുമായിരുന്നവരാണിവരൊക്കെ. തങ്ങളുടെ പ്രവർത്തി പരിചയത്തിന്റേയോ, വിദ്യാഭ്യാസയോഗ്യതയുടേയോ പിൻബലം ഈ വിമർശനത്തിന്റെ ആധികാരികതയ്ക്കുപയോഗിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ അവർ മിണ്ടിയില്ല?

എന്നാൽ സ്ഥിരം മോദിവിമർശകനായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോലും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. രാഷ്ട്രപതി, റിസർവ് ബാങ്ക് ഗവർണർ, ലോകം മുഴുവനുമുളള സാമ്പത്തിക വിദഗ്ദ്ധർ ഇവരെല്ലാം ധീരോദാത്തമായ ഈ തീരുമാനത്തെ അഭിനന്ദിച്ചു. അന്താരാഷ്ട്രമാദ്ധ്യമങ്ങൾ ഈ മാറ്റം ഇന്ത്യക്കു നേടിത്തരാൻ പോകുന്ന സാമ്പത്തിക വികസനത്തേക്കുറിച്ചു ചർച്ച ചെയ്തു.

ഏകദേശം 45 ബില്യൺ ഡോളറിനു മുകളിൽ അടുത്ത ബജറ്റിൽ ഇന്ത്യയ്ക്കു കുതിപ്പുണ്ടാക്കാൻ പോന്ന നടപടി, പാകിസ്ഥാന്റെ കളളനോട്ടു വ്യവസായത്തിന്റെ അടിത്തറയിളക്കിയ നടപടി, ആഭ്യന്തര കളളപ്പണ വിനിമയത്തിന്റെ നട്ടെല്ലൊടിച്ച നീക്കം ഇതിനെ കണ്ണും പൂട്ടിയെതിർത്തവർ ചില പ്രത്യേക-നിക്ഷിപ്ത-താല്പര്യത്തിനു കാവലിരിക്കുന്നവരും, മറ്റു ചില അഭിനവസുൽത്താന്മാരും ആണെന്നത് നമുക്കു മുന്നിൽ ചോദ്യങ്ങളല്ല മറിച്ച് സുവ്യക്തമായ ഉത്തരങ്ങൾ തന്നെയാണ് നൽകുന്നത്. ആ ഉത്തരങ്ങളെ “കോഴിയെ കട്ടവൻ തലയിൽ പൂട തിരയും” എന്ന പ്രയോഗം കൊണ്ട് അയത്നലളിതമായി ഉദാഹരിച്ചു കഴിഞ്ഞാൽ തീരാവുന്ന ആശങ്കകൾ മാത്രമേ ഈ പുതിയ സാമ്പത്തികമുന്നേറ്റത്തെ പിൻപറ്റി ഇക്കൂട്ടർ ഉയർത്തി വിട്ടിട്ടുള്ളൂ… അതേ നേതാക്കന്മാരേ ഒരു ചോദ്യം മാത്രം ചോദിക്കട്ടേ, കയ്യിൽ കളളപ്പണമില്ലാത്തവന് കരളിലെന്തിനീ കുളിര്?

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close