Health

ഗുണങ്ങളാല്‍ സമൃദ്ധം മധുര നാരങ്ങ

പ്രായഭേദമന്യെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് മധുരനാരങ്ങ അഥവാ ഓറഞ്ച്. ആരോഗ്യവര്‍ദ്ധനവിനും സൗന്ദര്യവര്‍ദ്ധനവിനും ഓറഞ്ച് ഒരു പോലെ ഫലപ്രദമാണ്. നിത്യജീവിതത്തിന് വേണ്ട അടിസ്ഥാന പോഷക ഘടകങ്ങളായ വൈറ്റമിന്‍ എ, ബി, സി, നികോട്ടിനിക് ആസിഡ്, തുടങ്ങിയവയെല്ലാം ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. വിശപ്പിനെ ത്വരിതപ്പെടുത്തുക, ആരോഗ്യം പരിപുഷ്ടമാക്കുക, ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ കഴിവുകളും ഓറഞ്ചിനുണ്ട്

മധുരനാരങ്ങയില്‍ അടങ്ങിയ പോഷകാംശം പാലിന് തുല്യമാണ്. ഓറഞ്ച് നീര് പാലിനേക്കാള്‍ വേഗത്തില്‍ ദഹിക്കുകയും ചെയ്യുന്നു. രോഗികള്‍ക്ക് ഓറഞ്ച് നല്‍കുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചില്‍ നിന്നും മനുഷ്യശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ വൈറ്റമിന്‍ സി ലഭിക്കുന്നു. ഓറഞ്ചിലെ പ്രധാന ഘടകവും വൈറ്റമിന്‍ സി തന്നെയാണ്.

വൈറ്റമിന്‍ സി അധികമായി ഉള്ളത് കൊണ്ട് ദന്തസംബന്ധമായ പ്രശ്‌നങ്ങളെ വളരെ നന്നായി ചെറുക്കാന്‍ ഓറഞ്ചിന് കഴിയുന്നു. മോണയില്‍ നിന്നുള്ള രക്തസ്രാവം കുറയ്ക്കാനും അതുവഴി മോണവീക്കം തുടങ്ങിയ ദന്തരോഗങ്ങളെ ഇല്ലാതാക്കാനും ഓറഞ്ചിന് കഴിവുണ്ട്. മധുരനാരങ്ങാനീര്, ചെറുനാരങ്ങാനീര് പോലെ തന്നെ ജലദോഷത്തെ അകറ്റുന്നതാണ്. രോഗികള്‍ക്ക് രോഗശേഷം ശാരീരിക ബലം വീണ്ടെടുക്കുന്നതിന് ഓറഞ്ച് നീര് ഒരു പ്രകൃതിദത്ത ടോണിക്കായി ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ല.

പനി, ജലദോഷം, ദഹനക്കേട് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഓറഞ്ച് ഒരു ഉത്തമ പ്രതിവിധിയാണ്. ഒരു ഗ്ലാസ് ഓറഞ്ച്‌നീരില്‍ കുറച്ച് കല്‍ക്കണ്ടവും ഏലത്തരിയും പൊടിച്ചിട്ട് സേവിച്ചാല്‍ ജ്വരത്തിന് ശമനമുണ്ടാവും. അതുപോലെ ഓറഞ്ച് നീര് നിത്യവും സേവിച്ചാല്‍ രോഗപ്രതിരോധ ശക്തി ആര്‍ജിക്കാനും സാധിക്കും. ഗര്‍ഭവതികളായ സ്ത്രീകള്‍ ഓറഞ്ച് കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് നല്ല ആരോഗ്യവും സൗന്ദര്യവുമുണ്ടാവും.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ക്ഷയത്തിനും ഓറഞ്ച് നീര് നല്ലൊരു ഒറ്റമൂലിയാണ്. ഒരു ഗ്ലാസ് മധുരനാരങ്ങാനീരും കാല്‍ഭാഗം ഒലിവെണ്ണയും ദിവസേന രാവിലെ കഴിക്കുന്നത് മേല്‍പറഞ്ഞ അസുഖങ്ങള്‍ക്ക് വളരെ നല്ലതാണ്. ചുമ, കാസം എന്നിവയ്ക്ക് ഓറഞ്ച്‌നീരും തേനും ചേര്‍ത്തുകഴിച്ചാല്‍ ആശ്വാസം കിട്ടും.

ഓറഞ്ചിന്റെ തൊലി ഒരു ഉത്തമ സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. ഓറഞ്ച് തൊലി വെയിലില്‍ ഉണക്കിപൊടിച്ച് അതില്‍ പാലും ചെറുനാരങ്ങാനീരും ചേര്‍ത്തു കുഴമ്പ് രൂപത്തില്‍ മുഖത്ത് ലേപനം ചെയ്താല്‍ ചര്‍മത്തിന് ആരോഗ്യവും തിളക്കവുമുണ്ടാകും.

മുഖസൗന്ദര്യത്തിന് കോട്ടമാവുന്ന മുഖക്കുരു ഒഴിവാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് തൊലിക്ക് ശക്തിയുണ്ട്. വെയിലത്ത് ഉണക്കിപൊടിച്ച ഓറഞ്ച്‌തൊലി അത്രയും തന്നെ അമേരിക്കന്‍ മാവിനോട് ചേര്‍ത്ത് നെയ്യിലോ വെണ്ണയിലോ യോജിപ്പിക്കുക. ഈ ലേപനം മുഖത്ത് പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. മുഖക്കുരുവിന് മാത്രമല്ല കറുത്തപാടുകള്‍ മായാനും ഇത് ഉപകരിക്കും.

ഉപ്പിന്റെ അമിത ഉപയോഗത്താല്‍ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ പരിഹരിക്കാനും ഓറഞ്ചിന് കഴിവുണ്ട്. രക്തസമ്മര്‍ദ്ദം, കുടല്‍രോഗങ്ങള്‍ തുടങ്ങിയവയെ ശമിപ്പിക്കാന്‍ ഓറഞ്ച്‌നീരിലെ ഘടകങ്ങള്‍ സഹായിക്കുന്നു.

ഒരുപാട് ഔഷധഗുണങ്ങളുള്ള പോഷകസമൃദ്ധമായ ഒരു ഫലമാണ് മധുരനാരങ്ങ. ആരോഗ്യപരിപാലനത്തിനും സൗന്ദര്യ വര്‍ദ്ധനവിനും ഓറഞ്ച് നമ്മെ ഒരുപാട് സഹായിക്കുന്നു. മനുഷ്യ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങളുടെ കലവറയാണ് ഓറഞ്ച്. എല്ലാ ദിവസവും ഒരു ഓറഞ്ച് ശീലമാക്കിയാല്‍ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കും. നല്ല ഒരു സമീകൃത ഭക്ഷണക്രമത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഫലമാണ് ഓറഞ്ച്.

335 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close