ധാക്ക: ന്യൂനപക്ഷങ്ങളുടെയും ക്ഷേത്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ന്യൂനപക്ഷങ്ങളായ ഹിന്ദു വിഭാഗങ്ങള്‍ക്കെതിരേ അക്രമം വ്യാപകമായ പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീനയുടെ ആഹ്വാനം.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇക്കാര്യം ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടത്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമെന്ന നിലയില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് അടുത്തിടെ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. വികസനത്തെ തുരങ്കം വെയ്ക്കുന്ന മോശം പ്രവണതകളില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്നും അവര്‍ പറഞ്ഞു.
നാസിര്നഗറിലെ ബ്രഹ്മന്ബാര്ഹിയയില് ഉള്‍പ്പെടെ ഹിന്ദുക്കള്‍ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. ബ്രഹ്മന്ബാര്ഹിയയില് മാത്രം ആറോളം വീടുകളും രണ്ട് ക്ഷേത്രങ്ങളും നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഇസ്ലാം മതത്തിനെതിരേ ഫെയ്സ്ബുക്കില്‍ വന്ന പരാമര്‍ശത്തിന്റെ പേരിലായിരുന്നു അക്രമങ്ങള്‍.
ഇതുവരെ ഏതാണ്ട് പതിനഞ്ചോളം ക്ഷേത്രങ്ങളും ഇരുപതിലധികം വീടുകളും ആക്രമിക്കപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭൂമി കൈയ്യേറാനുളള ആസൂത്രിത നീക്കമാണെന്ന് ബംഗ്ലാദേശ് മനുഷ്യാവകാശ കമ്മീഷനും അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.