Columns

നോട്ട് നിരോധനം : ജനുവരിയിൽ തെളിയുന്നതെന്താകും ?

ബിനോയ് അശോകൻ ചാലക്കുടി


500, 1000 നോട്ടുകൾ അസാധുവാക്കിയ തീരുമാനം പിൻവലിക്കില്ല എന്ന് സർക്കാർ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിക്ക് ഇത് വിജയമോ പരാജയമോ എന്നറിയാൻ ജനുവരി ഒന്ന് വരെ കാത്തിരിക്കണം. ഈ ഘട്ടത്തിൽ ഡീമോണിടൈസേഷൻ പ്രഖ്യാപനം വന്നതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തപ്പെടേണ്ടതാണ്

ജനുവരി ഒന്നിന് എങ്ങിനെയാണ് ഇതിലെ വിജയപരാജയം നിശ്ചയിക്കുന്നത് എന്നൊന്ന് നോക്കാം: രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ആകെയുള്ള കറൻസിയുടെ മൂല്യം ഏകദേശം 17.5 ലക്ഷം കോടി രൂപ (17.5 ട്രില്യൺ) വരുമെന്നാണ് പറയുന്നത്. അതിന്റെ ഏകദേശം 85% വരുമത്രെ ഇപ്പോൾ റദ്ദു ചെയ്യപ്പെട്ടിരിക്കുന്ന 500, 1000 നോട്ടുകളുടെ ആകെ മൂല്യം. ഏകദേശം 14 ലക്ഷം കോടി രൂപ വരുമത്. ആ കണക്കുപ്രകാരം ഈ നോട്ടുകൾ മാറ്റിയടുക്കാനുള്ള അവസാന തിയതിയായ ഡിസംബർ 31നകം ഈ 14 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകൾ സർക്കാരിൽ തിരിച്ചെത്തണം.

ദീർഘകാലാടിസ്ഥാടിസ്ഥാനത്തിലുള്ള  ഫലം അറിഞ്ഞു തുടങ്ങാൻ അടുത്ത വർഷം രണ്ടാം പാദം വരെ കാത്തിരിക്കണമെങ്കിലും ഈ പദ്ധതിയുടെ ആദ്യ ഫലം ഡിസംബർ 31 കഴിഞ്ഞാൽ ഉടൻ അറിയാവുന്നതാണ്. അത് നിശ്ചയിക്കുന്നത് വളരെ ലളിതമാണ്. ഈ കാലാവധിക്കുള്ളിൽ 14 ലക്ഷം കോടി രൂപയുടേയും മുഴുവൻ 500, 1000 നോട്ടുകൾ മാറ്റിയെടുക്കപ്പെടുകയാണെകിൽ പദ്ധതി പരാജയമാണെന്ന് വിധിയെഴുതപ്പെടും. പക്ഷെ തിരിച്ചു വരുന്ന തുക എത്രമാത്രം കുറവാണോ അത്രയ്ക്ക് വലിയതായിരിക്കും വിജയം.

ഉദാഹരണത്തിന് 10 ലക്ഷം കോടി രൂപയെ തിരിച്ചു വന്നുളളൂ എന്ന് കരുതുക. അതിന്റെ അർത്ഥം ബാക്കി വരുന്ന 4 ലക്ഷം കോടി രൂപ സർക്കാരിന്റെ നികുതി വല വെട്ടിച്ച് വച്ചിരിക്കുന്ന കള്ളപ്പണം ആയിരുന്നു എന്നും അത് തിച്ചടക്കാൻ രേഖകളിൽ ഇല്ലാത്തതിനാൽ അത് കൈവശം വച്ചിരിക്കുന്നവർക്ക് ഇനി അത് വെറും കടലാസ് കഷണങ്ങൾ മാത്രമായി മാറി എന്നുമാണ്. അതായത് 4 ലക്ഷം കോടി രൂപയുടെ ബ്ലാക്ക് മണി സമ്പദ് വ്യവസ്ഥയിൽ നിന്ന് പുറന്തള്ളപ്പെട്ടു, പദ്ധതി ഗംഭീര വിജയം!

ഡീമോണിടൈസേഷനിലൂടെ സർക്കാർ ഉദ്ദേശിക്കുന്ന മൂന്ന് ലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണ് മേൽ വിവരിച്ച കള്ളപ്പണം. അതിന്റെ കാര്യത്തിലാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. രണ്ടാമത്തെ കാര്യം, കാലങ്ങളായി പാകിസ്ഥാൻ കേന്ദ്രീകരിച്ചു ഇന്ത്യയിൽ എത്തിച്ചിരുന്ന കള്ള നോട്ട് ആണ്. മൂന്നാമത്തേതാണ് കള്ളനോട്ടും കള്ളപ്പണവും മുഖേന തീവ്രവാദത്തിന് ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കൽ. ഇതിലൂടെ അവസാനത്തെ രണ്ടു ലക്ഷ്യങ്ങൾ നേടുമെന്നതിൽ ഏറ്റവും കടുത്ത രാഷ്ട്രീയ എതിരാളികൾക്ക് പോലും എതിരഭിപ്രായമില്ല എന്ന കാര്യം ആദ്യത്തെ ചർച്ചയുടെ ബഹളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകരുത്.

ഇനി ഡീമോണിടൈസേഷൻ പ്രഖ്യാപനത്തിന് ശേഷം ഉരുത്തിരിഞ്ഞു വന്ന രാഷ്ട്രീയ സാഹചര്യം നോക്കാം. ആരെല്ലാം ആർക്കൊപ്പ മാണെന്നും, ഇതിൽ രാഷ്ട്രീയമായി നേട്ടമുണ്ടാക്കുന്നതാരെന്നും, രാഷ്ട്രീയമായി പരിക്ക് പറ്റുന്നതാർക്കെന്നും നോക്കാം. നവംബർ 8 ന് വൈകിട്ട് 8 മണിക്ക് പ്രധാനമന്ത്രി മോദി ഈ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങൾ എങ്ങിനെയാണ് അതിനോട് പ്രതികരിച്ചതെന്ന് ശ്രദ്ധിച്ചാൽ ഒരു കാര്യം വളരെ വ്യക്തമായിരുന്നു. രാ

ജ്യത്തെ മൊത്തം ജനങ്ങളുടെ വലിയ പിന്തുണയാണ് ആ തീരുമാനത്തിന് കിട്ടിയത്. അതിൽ സാധാരണക്കാരും, എല്ലാ പാർട്ടിയിലും പെട്ട രാഷ്ട്രീയക്കാരും, സിനിമ താരങ്ങളും, ബാങ്കിങ് മേഖലയിൽ നിന്നുള്ളവരും, കച്ചവടക്കാരും, തൊഴിലാളികളും, ബിസിനസുകാരും, ദേശീയ-അന്താരാഷ്ട്ര രംഗങ്ങളിൽ നിന്നുള്ള സാമ്പത്തിക വിദഗ്ദ്ധരും എല്ലാവരും ഉണ്ടായിരുന്നു. ഇതിൽ നിന്നും മനസിലാവുന്നത് രാജ്യത്തിൻറെ നന്മക്ക് വേണ്ടിയുള്ള ഒരു ശക്തമായ നടപടിയാണിതെന്നതിൽ ആർക്കും തർക്കമില്ല എന്നാണ്.

അവിടെ നിന്ന് ഒന്ന് രണ്ടു ദിവസങ്ങൾ പിന്നിടുമ്പോൾ കാണുന്നത് നോട്ടുകൾ മാറ്റിയെടുക്കാനായി ബാങ്കിലും എ.ടി.എമ്മുകളിലും വരി നിന്ന് കഷ്ടപ്പെടുന്ന സാധാരണക്കാരെയാണ്. അതെല്ലാം അതിശയോക്തി കലർത്തി പ്രക്ഷേപണം ചെയ്യുന്ന പത്ര മാധ്യമങ്ങളെയുമാണ്. ഈ സാഹചര്യം സർക്കാരിനെതിരെ തിരിക്കാമോ എന്ന ശ്രമം നടത്തുന്ന, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്ന ഏതാനും ചില പ്രതിപക്ഷ പാർട്ടികളെയും കണ്ടു. ‘ഏതാനും ചില’ എന്ന വാക്കുപയോഗിക്കാൻ കാരണം പ്രതിപക്ഷ നിരയിലെ പലരും ഒന്നുകിൽ സർക്കാരിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയോ അല്ലെങ്കിൽ സർക്കാരിനെതിരെ നിലപാടെടുക്കാൻ തയ്യാറാവാതിരിക്കുകയോ ചെയ്തു എന്നതിനാലാണ്. മോദി വിരുദ്ധ ചേരിയിലെ പ്രമുഖനായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്നയിക്, തമിഴ്‌നാട് സർക്കാർ, തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആർ എന്നിവരൊക്കെയാണ് ആ ഗണത്തിൽ പെട്ട പ്രതിപക്ഷം.

സർക്കാരിനെ എതിർക്കാൻ തുടങ്ങിയവരിലെ പ്രധാനികൾ കെജ്രിവാൾ, ഇടതു പക്ഷം, മമത ബാനർജി, രാഹുൽ ഗാന്ധി എന്നിവരാണ്. ഇവർക്കൊപ്പം ലാലു, മുലായം, മായാവതി എന്നിവരും. ഇനി ഇവരുടെ എതിർപ്പിനുള്ള പ്രത്യക്ഷമായ കാരണം എന്തെന്ന് നോക്കാം: ഈ തീരുമാനം കൊണ്ട് സാധാരണ ജനം കഷ്ടപ്പെടുന്നു, ബുദ്ധിമുട്ടുന്നു. തീരുമാനം നല്ലതായിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനായുള്ള വേണ്ട മുൻകരുതലുകൾ സർക്കാർ എടുത്തില്ല. ഇതാണ് ആ കാരണം.

ഇവിടെയാണ് ഇനിയങ്ങോട്ടുള്ള ദേശീയ രാഷ്ട്രീയം പുതിയ മാനങ്ങൾ കൈവരിക്കുന്നത്. ഇവിടെയാണ് മോദി എന്ന ജനസാമാന്യത്തിന്റെ മനസ് തൊട്ടറിഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞനെ കാണുന്നത്. ഇവിടെയാണ് അദ്ദേഹം ഒരുക്കി വച്ച കെണിയിലേക്ക് ഓടിക്കയറുന്ന, രാഷ്ട്രീയ വൈര്യത്താൽ ദീർഘവീക്ഷണം നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ എതിരാളികളെ കാണുന്നത്.കള്ളപ്പണം എന്ന വാക്ക് ഇന്ത്യൻ ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം തിന്മയുടെ പ്രതീകമാണ്. ആകെ ജനസംഖ്യയുടെ 25 ശതമാനത്തോളം ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു രാജ്യമാണ് ഇന്ത്യ.

നഗരങ്ങളിലും ഗ്രാമങ്ങളിലും യഥാക്രമം 34 രൂപയും 28 രൂപയും ചലവഴിക്കാൻ ശേഷിയുള്ളവരെല്ലാം ദാരിദ്യ്രത്തിന് മുകളിൽ ആണ് ഈ കണക്ക് പ്രകാരം എന്ന് പറയുമ്പോൾ ഇനിയും വലിയൊരു ശതമാനം യഥാർത്ഥ ദാരിദ്ര്യം അനുഭവിക്കുന്നവർ തന്നെയെന്നു വേണം മനസിലാക്കാൻ. പിന്നെയുള്ള മറ്റൊരു വിഭാഗം, ഭൂരിഭാഗവും ശമ്പളം വാങ്ങുന്ന, മധ്യവർഗ്ഗമാണ്. അവർ ജനസംഖ്യയുടെ 30%ത്തിൽ മുകളിൽ വരുമെന്നാണ് കണക്ക്. അതായത് ഈ രാജ്യത്തെ ഏകദേശം 75-80 ശതമാനം ജനങ്ങളും സമ്പന്നതയുടെ ഏഴയലത്തു വരാൻ സാധിക്കാത്ത സാധാരണക്കാരാണെന്ന് ചുരുക്കം.

അവർക്ക് തങ്ങളുടെ ഈ ജീവിതസാഹചര്യങ്ങളിൽ അമർഷമുണ്ട്. രാജ്യത്തെ സമ്പത്ത് മുഴുവൻ വെറും വിരലിലെണ്ണാവുന്ന ശതമാനം ആളുകൾ അനുഭവിക്കുന്നതിൽ ധാർമിക രോഷമുണ്ടവന്. അഴിമതി, കള്ളപ്പണം എന്നിവയാണ് അതിനു മൂലകാരണമെന്നും അവനറിയാം. അങ്ങനെയാണ് അവന് കള്ളപ്പണം എന്ന വാക്ക് തിന്മയുടെ പര്യായമാവുന്നത്. ആ കള്ളപ്പണത്തിനെതിരെ പതിവ് വാചാടോപങ്ങൾക്കതീതമായി, തങ്ങൾക്കു സ്വയം തൊട്ടറിയാൻ സാധിക്കുന്ന, അതിശക്തമായ ഒരു നടപടിയെടുക്കാൻ ഒരാൾ വന്നാൽ അവർ എന്ത് ത്യാഗം സഹിച്ചും അതിന്റെ കൂടെ നിൽക്കും.

ഇതിന്റെ തെളിവാണ് ഇപ്പോൾ രാജ്യമൊട്ടുക്ക് കാണുന്ന കഷ്ടപ്പാടിലും, ബുദ്ധിമുട്ടിലും ജനം സർക്കാരിന്റെ ഈ പദ്ധതിയെ തള്ളിപ്പറയുന്നില്ല, എന്ന് മാത്രമല്ല ഇത് കൊണ്ട് രാജ്യത്തിന് നല്ലതുണ്ടാവുമെങ്കിൽ അതിനു വേണ്ടി ഈ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണ് എന്ന് അവർ പറയുന്നത്. നടപടി തുടങ്ങി ഒരാഴ്ചക്ക് ശേഷം നടന്ന രണ്ടാമെത്തെ സർവേയിലും 82% ജനങ്ങളും ഇത് ശരിയായ നടപടിയെന്ന് വിശ്വസിക്കുന്നു എന്നാണ് പറയുന്നത്. പ്രഖ്യാപനം വന്ന രണ്ടു ദിവസത്തിന് ശേഷം നടന്ന സർവേയേക്കാൾ 4 ശതമാനത്തിന്റെ വർദ്ധനയായിരുന്നു അത്.

സാധാരണക്കാരന്റെ ഈ വികാരം, കള്ളപ്പണം എന്ന വാക്കിനോട് പോലുമുള്ള അവന്റെ അമർഷം തിരിച്ചറിയാൻ സാധിച്ചു എന്നിടത്താണ് മോദിയിലെ രാഷ്ട്രീയ ജീനിയസ് നമ്മൾ തിരിച്ചറിയുന്നത്. ഇപ്പോഴത്തെ താൽക്കാലിക ബുദ്ധിമുട്ടുകൾ, ഈ നടപടികൊണ്ട് രാജ്യത്തിനുണ്ടാവുന്ന ഗുണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും തുച്ഛമാണെന്നു അദ്ദേഹം തിരിച്ചറിയുന്നു. ഈ ബുദ്ധിമുട്ടുകൾ തികച്ചും അപ്രതീക്ഷിതവുമല്ലായിരുന്നു. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ഈ പദ്ധതി പ്രഖ്യാപിക്കുമ്പോൾ തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവും എന്ന് അദ്ധേഹം ജനങ്ങളോട് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ നന്മക്ക് വേണ്ടി കുറച്ചു കഷ്ടപ്പാട് സഹിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് അവരോട് ആവശ്യപ്പെടാനുള്ള ആർജ്ജവവും അന്നദ്ദേഹം കാണിച്ചിരുന്നു. .

ആദ്യ കുറച്ചു ദിവസത്തേക്ക് ജനത്തിന് ബുദ്ധിമുട്ട്, ഒന്ന് രണ്ട് മാസത്തേക്ക് സാമ്പത്തിക രംഗത്ത് ഒരു മാന്ദ്യം, അടുത്ത പാദത്തിൽ ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) ഉണ്ടാവാൻ സാധ്യതയുള്ള കുറവ് ഇതൊക്കെയുണ്ടാവാൻ സാധ്യതയുള്ളപ്പോൾ അതിനു ശേഷം അഭൂതപൂർവമായ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നാണ് (സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഷയിൽ ‘ഹോക്കി സ്റ്റിക്’ വളർച്ച ) ദേശീയ-അന്തർദേശിയ സാമ്പത്തിക വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നത്. അങ്ങിനെ വിജയം ഉറപ്പിച്ച ഒരു കളിക്കാണ് മോദി തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് കാണാൻ കഴിയും.

അപ്പോൾ എതിർക്കുന്നവരോ. ഫെഡറൽ സംവിധാനത്തിൽ ഊറ്റം കൊള്ളുന്ന അവർ. രാജ്യത്തിൻറെ പൊതു നന്മക്കു വേണ്ടി കേന്ദ്ര സർക്കാർ എടുത്ത തീരുമാനം നടപ്പാക്കാൻ സഹായിക്കേണ്ടിയിരുന്ന അവർ. അതിന്റെ പേരിൽ ജനത്തിനുണ്ടായ കഷ്ടതകൾ ലഘൂകരിക്കാൻ ചുമതലപ്പെട്ട അവർ. ഇന്ന് ഈ ഉദ്യമത്തിൽ പരാജയപ്പെട്ടാൽ ഒരു പക്ഷെ ഇനി ഭാവിയിലൊരിക്കലും ഒരു സർക്കാരും ഇതിനു ധൈര്യപ്പെടില്ല എന്നുറപ്പുള്ള, ഈ ഒരു ചരിത്ര സന്ധിയിൽ രാഷ്ട്രനന്മക്കൊപ്പം നിൽക്കേണ്ട അവർ. ആ അവർ ചെയ്തത് ഏതാനും ദിവസങ്ങളുടെ മാത്രം പ്രശ്നമായ ‘ജനങ്ങളുടെ ബുദ്ധിമുട്ട്’ എന്ന ന്യായം നിരത്തി ഈ ഉദ്യമത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് അവർ ചെയ്തത്.

ന്യായാന്യായങ്ങളുടെ, ശരിതെറ്റുകളുടെ ദ്വന്ദത്തിൽ ഇത് ജനമനസുകളിൽ, ചരിത്രത്തിൽ രേഖപ്പെടുത്തുക ഇങ്ങനെയായിരിക്കും: “മോദി എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു കള്ളപ്പണക്കാർക്കെതിരെ, രാജ്യത്തിന് വേണ്ടി, രാജ്യത്തെ സാധാരണക്കാരന്റെ നല്ല നാളെകൾക്കു വേണ്ടി, യുദ്ധം നയിച്ചപ്പോൾ അദ്ദേഹത്തിനെ എതിർത്ത് കള്ളപ്പണക്കാർക്ക് അനുകൂലമായി നടപടിയെടുത്ത നേതാക്കളായിരുന്നു കെജ്‌രിവാൾ, യെച്ചൂരി, മമത, രാഹുൽ ഗാന്ധി എന്നിവർ”. കള്ളപ്പണത്തിനെതിരെയുള്ള ധർമ്മയുദ്ധത്തിൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കുക എന്ന കെണിയിൽ അവർ വീഴുകയായിരുന്നു.

ഈ പോരാട്ടത്തിൽ മോദി കള്ളപ്പണക്കാർക്കെതിരെയുള്ള പക്ഷത്തെ നയിക്കുമ്പോൾ അദ്ദേഹത്തെ എതിർക്കുന്നവർ സ്വാഭാവികമായും കള്ളപ്പണക്കാർക്കൊപ്പമുള്ള പക്ഷം ആണ് പിടിച്ചിരിക്കുന്നതെന്ന്ചിത്രീകരിക്കപ്പെടുകയാണ്. ഇതാണ് എതിർപക്ഷം തിരിച്ചറിയാൻ വൈകുന്നത്. ഈ കെണി മുന്കൂട്ടിത്തിരിച്ചറിഞ്ഞ സുരക്ഷിതമായ അകലം പാലിച്ചവരാണ് നിതീഷ്കുമാറും, നവീൻ പ്ടനായിക്കും പ്രതിനിധാനം ചെയ്യുന്ന പ്രതിപക്ഷത്തെ മറുപക്ഷം.

രാജ്യത്തിൻറെ അഭിമാനം കാക്കാൻ അതിർത്തി കടന്ന് ശത്രുരാജ്യത്തെ തീവ്രവാദ സങ്കേതങ്ങൾ തകർക്കാൻ ചങ്കൂറ്റം കാണിച്ച മോദി. പാർട്ടി ജീവന്മരണ പോരാട്ടമായി കാണുന്ന, പടിവാതിൽക്കൽ എത്തി നിൽക്കുന്ന, തന്ത്രപ്രധാനമായ തിരഞ്ഞെടുപ്പുകൾ പോലും വകവെക്കാതെ, എല്ലാ എതിർപ്പുകളേയും തൃണവൽഗണിച്ച്, രാജ്യത്തിൻറെ രക്തം ഊറ്റിക്കുടിക്കുന്ന കള്ളപ്പണ/കള്ളനോട്ട് സങ്കേതങ്ങൾക്കെതിരെയും നടപടിയെടുക്കാൻ ’56 ഇഞ്ചിന്റെ’ നെഞ്ചൂക്ക് കാണിച്ച മോദി. അതെ, അദ്ദേഹം ചരിത്രം തന്നെ എങ്ങിനെ രേഖപ്പെടുത്തണം എന്ന് (തന്റെ ‘ലെഗസി’ എന്തായിരിക്കണമെന്ന്) എഴുതി വക്കുകയാണ്.

പിറ്റേന്ന് നവംബർ 9ന് ഇറങ്ങിയ ഇറങ്ങിയ അന്താരാഷ്‌ട്ര മാധ്യങ്ങളിൽ മുഴുവൻ മോദിയുടെ ഈ നീക്കത്തെ അഭിനന്ദിച്ചു കൊണ്ടാണ് വാർത്തകൾ വന്നത്. ഒരു സിംഗപ്പൂർ പത്രത്തിൽ പറഞ്ഞിരിക്കുന്ന പോലെ ഒരു പക്ഷെ അടുത്ത തലമുറ അവരുടെ പാഠപുസ്തകത്തിൽ രാഷ്ട്രപിതാവ് ഗാന്ധിജി എന്ന് പഠിക്കുന്നതിനൊപ്പം ആധുനിക ഇന്ത്യയുടെ ശിൽപി നരേന്ദ്ര മോഡി എന്നും പഠിക്കുമായിരിക്കും. ഇന്ത്യയിൽ പുതിയൊരു ലീ ക്വാൻ യൂ പിറന്നിരിക്കുന്നു എന്നാണ് ആ പത്രത്തിൽ വന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനും ഒരുപാടു വർഷങ്ങൾ കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയ സിംഗപ്പൂരിനെ ദാരിദ്ര്യത്തിൽ  നിന്ന് കൈ പിടിച്ചുയർത്തി ഇന്ന് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമാക്കി മാറ്റിയ നേതാവായിരുന്നു ലീ ക്വാൻ യൂ.

8K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close