Columns

മിസ്റ്റർ മുഖ്യമന്ത്രീ : ഈ പെൻഷന്റെ അടിസ്ഥാനമെന്താണ് ?

വായുജിത്


വർക്കല വിജയൻ , ചവറ അപ്പുക്കുട്ടൻ , നാദാപുരം കണ്ണൻ, അരൂർ ജോസഫ്, ചീക്കപ്പള്ളി ഹമീദ് , ആതൂർ ഹരിശ്ചന്ദ്ര , പി രാജൻ

കേട്ടിട്ടുണ്ടോ ഈ പേരുകൾ ?

എന്തായാലും ഇതിലവസാനത്തെ പേരുകാരനെ നിങ്ങളറിയുമെന്ന് ഉറപ്പാണ് . ഈച്ചരവാര്യരെന്ന അച്ഛന്റെ വേദന ഒരു കാലത്ത് ജനമനസാക്ഷിയെ പിടിച്ചുലച്ചതു കൊണ്ട് പി രാജനെന്ന എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയെ നിങ്ങൾക്ക് പരിചയമുണ്ട് . നിരവധി കലാസൃഷ്ടികളിലൂടെ കക്കയം ക്യാമ്പും പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജനും പുനരവതരിച്ചിട്ടുണ്ട് .

നിങ്ങളൂഹിക്കുന്നത് ശരിയാണ് . അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട മുപ്പതോളം പേരിൽ ചിലരെയാണ് ഈ കുറിപ്പിന്റെ ആദ്യം പരിചയപ്പെടുത്തിയത് .

ഇന്ദിരാധിപത്യത്തിന്റെ ഫാസിസ്റ്റ് വാഴ്ചയ്ക്കിടയിൽ പോലീസിന്റെ കിരാത മർദ്ദനത്തിൽ കൊല്ലപ്പെട്ടവർ ഒരു കണക്കിൽ ഭാഗ്യവാന്മാരാണെന്ന് പറയാം . കാരണം കഴിഞ്ഞ നാൽപ്പത് വർഷമായി കൊടിയ വേദന അനുഭവിച്ച് അവർക്ക് ജീവിക്കേണ്ടി വന്നില്ലല്ലോ.

new-doc-20_1

ഉരുട്ടൽ , ക്ളിപ്പിടൽ , ഡബിൾ ആക്ഷൻ , കാവടിയാട്ടം , വിമാനം പറപ്പിക്കൽ , പട്ടിപ്പൂട്ട് തുടങ്ങിയ അതിഭീകരമായ പോലീസ് മർദ്ദന മുറകൾ അനുഭവിച്ച് നരകിച്ച് മരിച്ചവർ നിരവധിയാണ് . ജീവച്ഛവമായി ഇന്നും ജീവിക്കുന്നുണ്ട് . നിരവധി പേർ അഷ്ടിക്ക് വകയില്ലാതെ .

ഇന്ദിരാധിപത്യത്തിനെതിരെ ഘോരഘോരം പൊരുതിയെന്നും ജയിൽ വാസമനുഷ്ഠിച്ചുവെന്നും തല്ലുകൊണ്ടെന്നും എല്ലാ അടിയന്തരാവസ്ഥാ വാർഷികങ്ങളിലും ഗദ്ഗദ കണ്ഠനാകുന്ന ആളാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി . പോലീസ് സ്റ്റേഷനിൽ നിന്ന് വിജയന് കിട്ടിയ തല്ലും പിന്നീട് ആയുർവേദ തൈലം പുരട്ടി ആശ്വാസം കൊണ്ടതുമെല്ലാം ആസ്ഥാന വിദൂഷകർ പാടിപ്പതിപ്പിച്ചിട്ടുമുണ്ട് .

ഇതേ വിജയൻ മുഖ്യമന്ത്രിയായ മന്ത്രിസഭ ഈ നവംബർ 23 നെടുത്ത തീരുമാനങ്ങളിലൊന്ന് കൂത്തുപറമ്പ് പോലീസ് വെടിവെപ്പിൽ പരിക്കേറ്റ സഖാവ് പുഷ്പന് വീൽ ചെയർ നൽകുക എന്നതായിരുന്നു . കൊള്ളാം മനുഷ്യപ്പറ്റുള്ള തീരുമാനം . പക്ഷേ അതിനൊപ്പം അഞ്ചു ലക്ഷം രൂപയും മാസം 8000 രൂപ പെൻഷനും നൽകുന്നത് മനസ്സിലാകുന്നില്ല മിസ്റ്റർ മുഖ്യമന്ത്രീ.

അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ വേണ്ടി നാടായ നാടെല്ലാം നടന്ന് തല്ലുകൊണ്ട് തല്ലുകൊണ്ട് നട്ടെല്ലു തകർന്നവർക്ക് പത്തുപൈസ പെൻഷൻ കൊടുക്കാൻ ഇന്നേവരെ കേരളം ഭരിച്ച ഏതെങ്കിലും സർക്കാർ മുൻ കൈ എടുത്തതായി അറിവില്ല . കോൺഗ്രസുകാരെ നമുക്കൊഴിവാക്കാം . കാരണം അവരായിരുന്നല്ലോ അന്ന് ഭരണത്തിൽ .

പക്ഷേ അടിയന്തരാവസ്ഥക്കാലത്ത് യാതനയനുഭവിച്ചെന്ന ക്രെഡിറ്റ് സ്ഥാനത്തും അസ്ഥാനത്തും പേറുന്ന സീപീഎമ്മുകാർ കേരളം ഭരിച്ച ഏതെങ്കിലും കാലത്ത് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ആലോചിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ ?

അതുപോട്ടെ . എന്തായിരുന്നു സഖാവ് പുഷ്പൻ നാടിനു വേണ്ടി ചെയ്ത ധീര പ്രവർത്തനം ? . വർഗവഞ്ചകനെന്ന് ചാപ്പകുത്തി പുറത്താക്കപ്പെട്ട എം വി രാഘവൻ പാർട്ടിയെ വെല്ലുവിളിച്ച് നട്ടെല്ലോടെ നിന്നതിന്റെ പ്രശ്നമല്ലാതെ മറ്റെന്ത് ജനകീയ പ്രശ്നമാണ് ആ വിഷയത്തിലുള്ളത് ?

ചില മതങ്ങളിൽ മുർതദ്ദുകൾക്ക് മരണം വിധിച്ചിട്ടുള്ളത് പോലെ കമ്യൂണിസത്തിൽ റെനഗേഡുകൾക്കും വിധി അതു തന്നെയാണ് . രാഘവനെ ആക്രമിക്കാൻ കാരണവും മറ്റൊന്നുമല്ല .

new-doc-23_1

സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കൂത്തുപറമ്പിൽ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യുന്നത് തടയാൻ ആളുകളെ സംഘടിപ്പിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത് . അഞ്ച് പേർ കൊല്ലപ്പെട്ടു . പുഷ്പൻ നട്ടെല്ലു തകർന്ന് ജീവച്ഛവമായി .

രാഘവനെതിരേ കൂത്തുപറമ്പിൽ നവംബർ 25 ന് നടന്നത് ആദ്യത്തെ ആക്രമണം ആയിരുന്നില്ല അത് . അഴീക്കോട് ഇ പി ജയരാജനെ തോൽപ്പിച്ചപ്പോൾ മുതൽ രാഘവനെ വേട്ടയാടുകയായിരുന്നു സി പി എം .1992 ൽ സഹകരണ സംഘങ്ങളിൽ വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കിയ സഹകരണ ബിൽ അവതരിപ്പിച്ചതോടെ സിപിഎമ്മുകാർക്ക് ഹാലിളകി.

വകുപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ പലയിടത്തും തടഞ്ഞു . കാറിനു ബോംബെറിഞ്ഞു . മന്ത്രി സഞ്ചരിച്ച കമ്പാർട്ട്മെന്റിനു നേരേ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കല്ലെറിഞ്ഞു.

അടുത്ത വർഷം എ കെ ജി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നപ്പോൾ വിഷയം കൂടുതൽ രൂക്ഷമായി . സിപിഎം ചേർത്ത അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കിയതോടെ തെരഞ്ഞെടുപ്പിൽ സിപിഎം തോൽക്കുമെന്നുറപ്പായി. 48 മണിക്കൂർ ബന്ദായിരുന്നു അന്ന് കണ്ണൂരിൽ . എങ്ങും അക്രമങ്ങൾ.

new-doc-24_1

പറശ്ശിനിക്കടവിലെ സർപ്പോദ്യാനം ആക്രമിച്ച് പാമ്പുകളേയും മറ്റ് ജീവികളേയും ചുട്ടുകരിച്ചു. നിരവധി സഹകരണം സംഘങ്ങൾ തകർക്കപ്പെട്ടു. സി എം പിക്കാരെ തെരഞ്ഞ് പിടിച്ച് തല്ലി . അവരുടെ വീടുകൾ തകർക്കപ്പെട്ടു.

ഇതിന്റെ ബാക്കിയായിരുന്നു കൂത്തുപറമ്പ് വെടിവെപ്പ് .സ്വാശ്രയ കോളേജിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ പേരിൽ, കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഘവനെ തടയാനായിരുന്നു തീരുമാനം . തന്നെ കൊല്ലാനുള്ള ഗൂഢാലോചന ആണതെന്നായിരുന്നു രാഘവൻ പിന്നീട് പറഞ്ഞത് .

ഉദ്ഘാടനത്തിനെത്തിയ രാഘവൻ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു മടങ്ങിപ്പോയി . കണ്ണൂരിൽ സിപിഎം തടയാൻ ശ്രമിച്ചത് പരാജയപ്പെടുകയോ ? ആ തോൽവി അംഗീകരിക്കാനാവുമായിരുന്നില്ല പാർട്ടിക്ക്. അണികളിൽ ആവേശം ആളിക്കത്തിച്ച നേതാക്കൾ അവരെ അക്രമത്തിന് പ്രേരിപ്പിച്ചു . പോലീസ് വെടിവെപ്പുണ്ടായി . അഞ്ച് പേർ മരിച്ചു .പുഷ്പൻ ജീവച്ഛവമായി.

രാഘവനെതിരെയുള്ള വിരോധം മാത്രമായിരുന്നു അക്രമത്തിനു പിന്നിൽ . മന്ത്രിമാരെ തടയലിന്റെ ഭാഗമായിരുന്നു രാഘവനെ തടഞ്ഞത് . മറ്റ് മന്ത്രിമാരെ തടഞ്ഞപ്പോഴൊന്നും യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല എന്നത് ഇതിന്റെ തെളിവാണ് .

തികച്ചും പാർട്ടി പരിപാടിയിയായിരുന്ന കൂത്തുപറമ്പ് അക്രമത്തിൽ പങ്കെടുത്ത് പോലീസ് വെടിവെപ്പിൽ പരിക്കേറ്റതിനാണ് സഖാവ് പുഷ്പന് മാസം എണ്ണായിരം പെൻഷനും അഞ്ച് ലക്ഷം രൂപയും നൽകുന്നത് . പാർട്ടി ഫണ്ടിൽ നിന്നോ മറ്റോ നൽകുന്നതിനു പകരം സർക്കാർ ഖജനാവിൽ നിന്നെടുത്ത് പെൻഷൻ നൽകുന്നത് എന്ത് ന്യായത്തിന്റെ പേരിലാണെങ്കിലും ശുദ്ധ അസംബന്ധം തന്നെയാണ് .

kooth

രണ്ടാം സ്വാതന്ത്യ്രസമരം എന്ന് വിളിപ്പേരുള്ള അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് പോലീസ് മർദ്ദനത്തിനിരയായി പല്ലും കൊഴിഞ്ഞ് , നട്ടെല്ലു തകർന്ന് പത്തുപൈസയ്ക്ക് പാങ്ങില്ലാതെ ജീവിക്കുന്ന നിരവധി പേർ ഉള്ള സംസ്ഥാനമാണ് കേരളം . അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിന്റെ പാരമ്പര്യം ഉളുപ്പില്ലാതെ എടുത്ത് തലയിൽ വയ്ക്കാൻ തിടുക്കപ്പെട്ട സിപിഎമ്മും അവർ നേതൃത്വം നൽകുന്ന സർക്കാരും ഇതിനുവേണ്ടി ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല ഇതുവരെ.

രാജനും ഈച്ചരവാര്യരും കക്കയം ക്യാമ്പും പാർട്ടിക്ക് വെറും കാൽപ്പനിക ഉപകരണങ്ങൾ മാത്രമായിരുന്നുവെന്നതാണ് സത്യം. കൂത്തുപറമ്പ് രക്തസാക്ഷികളും ഒരർത്ഥത്തിൽ അത്തരം ഉപകരണങ്ങൾ തന്നെയായിരുന്നു . എം വി രാഘവനെതിരെ സംഹാര താണ്ഡവം തന്നെ നടത്തി നിരവധി പേരുടെ ജീവനും സ്വത്തും നശിപ്പിച്ച സിപിഎം ഒടുവിൽ രാഘവന്റെ മകനെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി ആക്കി . രാഘവന്റെ അനുസ്മരണത്തിൽ പങ്കെടുത്തു തുടങ്ങി.

പാർട്ടിയുടെ കടുത്ത ഭക്തർക്ക് പോലും ഇതെത്തുടർന്ന് ഉള്ളിൽ മുറുമുറുപ്പുണ്ടായതിനെ തുടർന്നായിരിക്കണം പുഷ്പന് നഷ്ടപരിഹാരവും പെൻഷനും നൽകാൻ തീരുമാനിച്ചത് . പെൻഷൻ സർക്കാർ ഖജനാവിൽ നിന്നാകുമ്പോൾ കൂത്തുപറമ്പ് പോരാട്ടത്തിന് സർക്കാർ അംഗീകാരവുമായി . പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കുന്ന കീഴ്വഴക്കങ്ങൾ തുടരുന്നു. ജനം വിഢികളുമാകുന്നു.

cab

തരം കിട്ടുമ്പോഴെല്ലാം അടിയന്തിരാവസ്ഥ തല്ല് വലിയ തള്ളലായി അവതരിപ്പിക്കുന്ന വിജയന് അന്ന് അടികൊണ്ട് നട്ടെല്ല് തകർന്നവർക്ക് പെൻഷൻ കൊടുക്കാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കുമെന്നറിയാം . കുറച്ച് നക്സലൈറ്റുകളും കൂടുതൽ ആർ.എസ്.എസ് കാരുമായിരുന്നല്ലോ അന്ന് അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികൾ . പെൻഷൻകാർ കൂടുതലും അവരായിരിക്കും . അതെങ്ങനെ സഹിക്കാൻ കഴിയും പാർട്ടിക്ക്. മാത്രമല്ല അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളിൽ ഭൂരിഭാഗവും നടത്തിയത് സഹന സമരവും സത്യഗ്രഹവുമായിരുന്നു . ഗാന്ധിയൻ സമരമുറകൾ കാലഹരണപ്പെട്ടതാണെന്ന് പണ്ടേ പാർട്ടി പറഞ്ഞിട്ടുണ്ടല്ലോ.

അടിയന്തരാവസ്ഥകാലത്ത് പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങളിൽ ഇപ്പോൾ അസ്ഥികൾ പൂക്കുന്നുണ്ടാകും. മരിക്കാൻ ഭാഗ്യമില്ലാത്തവർ ഒടിഞ്ഞ അസ്ഥികളുമായി എവിടെങ്കിലും ഇരുന്ന് പതം പറയുന്നുമുണ്ടാകും . പെൻഷൻ അവർക്കുള്ളതല്ലല്ലോ … !

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close