NewsColumns

രാഷ്ട്രീയ നൃശംസതയുടെ ഡിസംബർ 1

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങൾ തള്ളുന്നത് സധാരണമാണ് . അതെന്തു കൊണ്ടെന്ന് തിരിച്ചറിഞ്ഞ് ജനകീയ മാർഗങ്ങളിലൂടെ മുന്നേറുന്നതിനു പകരം കൊലപാതകങ്ങൾ ചെയ്ത് ചുവപ്പിന്റെ വീര്യം വീണ്ടെടുക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് .ദേശീയ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി കേരളത്തിന്റെ മണ്ണിൽ നിന്ന് ഇല്ലാതാക്കാമെന്നുള്ള അബദ്ധ ധാരണയും അവസാനിപ്പിക്കേണ്ട സമയമായി .ദേശ വ്യാപകമായി ശൂന്യതയിലേക്ക് കൂപ്പു കുത്തുന്ന സ്വന്തം പ്രസ്ഥാനത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ് രാഷ്ട്രീയ നൃശംസത എന്നവസാനിപ്പിക്കുന്നോ അന്നേ പുരോഗതിയുടെ പാതയിലൂടെയുള്ള പ്രയാണം സാദ്ധ്യമാകുകയുള്ളൂ .

വായുജിത് എഴുതുന്നു ..

രാഷ്ട്രീയ നൃശംസതയുടെ ഡിസംബർ 1 

1999 ഡിസംബർ 1 . മൊകേരി ഈസ്റ്റ് സ്കൂളിൽ ആറ് ബി യിൽ ക്ലാസെടുക്കുകയാണ് കെ ടി ജയകൃഷ്ണൻ എന്ന അദ്ധ്യാപകൻ . സ്കൂൾ വരാന്തയിലൂടെ മരണവുമായി കടന്നുവരുന്ന കൊലയാളികളെ അദ്ദേഹം കണ്ടില്ല .നിമിഷങ്ങൾക്കുള്ളിൽ ക്ലാസ് മുറിയുടെ അരഭിത്തി ചാടിയെത്തിയ രാക്ഷസ ജന്മങ്ങൾ പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളികൾക്കിടയിൽ കെടി ജയകൃഷ്ണൻ മാസ്റ്ററെ അതിക്രൂരമായി കൊലപ്പെടുത്തി .

അക്ഷരങ്ങൾ കൂട്ടിവച്ച നോട്ടുബുക്കുകളിൽ ചിതറി വീണത് അവരുടെ മാഷിന്റെ ജീവരക്തമായിരുന്നു . അലറിക്കരഞ്ഞ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുന്നിലൂടെ വിജയ ശ്രീലാളിതരായി ആർത്തട്ടഹസിച്ച് പുറത്തേക്ക് പോയ ഭീകരർ പക്ഷേ ക്ലാസ് മുറിയിലെ ബോർഡിൽ ഇങ്ങനെയൊരു സന്ദേശം കുറിക്കാൻ മറന്നില്ല “സാക്ഷി പറഞ്ഞാൽ ജയകൃഷ്ണൻ ആവർത്തിക്കും ”

രാഷ്ട്രീയ കൊലപാതകങ്ങൾ ഏറെ കണ്ട സ്ഥലമാണ് കണ്ണൂർ . എന്നാൽ 1999 ഡിസംബർ 1 ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്ററെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്നതുപോലെയൊരു രാഷ്ട്രീയ നൃശംസത കണ്ണൂരിലെന്നല്ല കേരളത്തിൽ പോലും അത്യപൂർവ്വമാണ്. മനുഷ്യാവകാശവും മാനവികതയും മനുഷ്യ സ്നേഹവും വെറും മുഖം മൂടികളാക്കി , തങ്ങൾക്ക് ഭൂരിപക്ഷമുള്ളയിടങ്ങളിൽ ഫാസിസം നടപ്പിലാക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ ഇരയായിരുന്നു ജയകൃഷ്ണൻ മാസ്റ്റർ .

ജനാധിപത്യാവകാശത്തിന്റെ സംരക്ഷകർ എന്നു നടിക്കുമ്പോഴും മറ്റു പ്രസ്ഥാനങ്ങളിലേക്ക് തങ്ങളുടെ ഇടയിൽ നിന്ന് പോയവർക്ക് വധശിക്ഷ വിധിക്കുന്ന രാഷ്ട്രീയ സംസ്കാരമായിരുന്നു അത്. വർഗ വഞ്ചകനെന്ന് ചാപ്പ കുത്തി , സ്വഭാവ ഹത്യ നടത്തി കൊലപാതകത്തെ ജനങ്ങളുടെ ചെറുത്തു നിൽപ്പെന്ന് മുഖ പത്രത്തിലൂടെ ഗീബത്സിയൻ നുണകൂടി പടച്ചു വിടുന്നതാണ് ഈ സംസ്കാരത്തിന്റെ സ്വഭാവം . ഇതിനെതിരെ ശക്തമായ ചെറുത്തു നിൽപ്പുകൾ നടത്തി എന്നതായിരുന്നു ജയകൃഷ്ണൻ മാസ്റ്റർ ചെയ്ത കുറ്റം.

കണ്ണൂർ കോട്ടയുടെ ചുവപ്പു നിറം മങ്ങിയാൽ അതിന് തിളക്കം കൊടുക്കാനാണ് ഈ കൊലപാതകങ്ങളത്രയും നടത്തിയിട്ടുള്ളത് . എതിരാളിയെ കൊല്ലുന്നതിൽ മാത്രം അതൊതുങ്ങി നിൽക്കില്ല . മൃതദേഹവുമായി പോകുന്ന വിലാപ യാത്രയെ ആക്രമിക്കുക , ശവസംസ്കാരത്തിനു പോയവർക്കു നേരെ ബോംബ് എറിയുക , കൊല്ലപ്പെട്ടവൻ താലിബാനിയെക്കാളും വലിയ ഭീകരനാണെന്ന് പാർട്ടി പത്രത്തിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കലാപരിപാടികളും ഇതിനൊപ്പമുണ്ട് .

ആടിനെ പട്ടിയാക്കുന്ന പ്രചരണ വൈദഗ്ദ്ധ്യം , കുനിയാൻ പറഞ്ഞാൽ ഇഴയുന്ന ഉദ്യോഗസ്ഥ വൃന്ദം , പാർട്ടിക്കോടതിയുടെ നിർദ്ദേശം കിട്ടിയാൻ തലയറുക്കാൻ തയ്യാറായി നിൽക്കുന്ന പ്രത്യേക സൈന്യങ്ങൾ ഇതൊക്കെയാണ് പുരോഗമന പ്രസ്ഥാനമെന്ന് മേനി നടിക്കുന്നവരുടെ യഥാർത്ഥ രൂപവും ഭാവവും .

കാലമേറെക്കഴിഞ്ഞാലും ഈ കൊലയാളികളുടെ സ്വഭാവങ്ങൾ മാറില്ല എന്നതിനുദാഹരണമായിരുന്നു കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനു നടന്ന പയ്യന്നൂരിലെ വിനോദ് കുമാറിന്റെ കൊലപാതകം . ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനാചരണത്തിൽ പങ്കെടുക്കാൻ പോയ വാഹനത്തെ ആക്രമിച്ചാണ് വിനോദ് കുമാറിനെ കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ , സ്ത്രീകളെ കയ്യേറ്റം ചെയ്യതിനാണ് കൊല നടത്തിയതെന്ന പച്ചക്കള്ളം പ്രചരിപ്പിക്കാൻ കൊലയാളികൾ ശ്രമിച്ചെങ്കിലും വിനോദ് കുമാറിനെ അറിയുന്ന പയ്യന്നൂരിലെ ജനത അത് തള്ളിക്കളഞ്ഞു.
ശവസംസ്കാരത്തിനു പോയവർക്കെതിരെ ആക്രമണം നടത്തി അമ്മമാരെപ്പോലും ബോംബെറിഞ്ഞു കൊല്ലുന്ന ഭീകര പ്രവർത്തനം നടത്തുന്നവരാണിതിനു പിന്നിലെന്ന് പയ്യന്നൂരിലെ ജനത അതിനകം തിരിച്ചറിഞ്ഞിരുന്നു.
2010 ൽ ഇതേ ദിനം തന്നെയാണ് പാലക്കാട് പുതുശ്ശേരിയിലെ രതീഷിനെ വെട്ടിക്കൊലപ്പെടുത്തിയത് . ഈ കാട്ടാളത്തെ ചെറുത്ത് തോൽപ്പിച്ച് ഇന്ന് പാലക്കാട് നഗരസഭ ഭരിക്കാൻ ദേശീയ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞത് ജനങ്ങൾ ഈ കൊലയാളി സംഘത്തെ മനസ്സിലാക്കിയത് കൊണ്ടാണ് .അശാന്തിയുടെ കൊല നിലങ്ങൾ കണ്ണൂരിനും കേരളത്തിനും സമ്മാനിച്ചിട്ട് ആർക്കും ഒരു നേട്ടവുമുണ്ടാകില്ല . കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങൾ തള്ളുന്നത് സധാരണമാണ് . അതെന്തു കൊണ്ടെന്ന് തിരിച്ചറിഞ്ഞ് ജനകീയ മാർഗങ്ങളിലൂടെ മുന്നേറുന്നതിനു പകരം കൊലപാതകങ്ങൾ ചെയ്ത് ചുവപ്പിന്റെ വീര്യം വീണ്ടെടുക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് .

ദേശീയ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി കേരളത്തിന്റെ മണ്ണിൽ നിന്ന് ഇല്ലാതാക്കാമെന്നുള്ള അബദ്ധ ധാരണയും അവസാനിപ്പിക്കേണ്ട സമയമായി .ദേശ വ്യാപകമായി ശൂന്യതയിലേക്ക് കൂപ്പു കുത്തുന്ന സ്വന്തം പ്രസ്ഥാനത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ് രാഷ്ട്രീയ നൃശംസത എന്നവസാനിപ്പിക്കുന്നോ അന്നേ പുരോഗതിയുടെ പാതയിലൂടെയുള്ള പ്രയാണം സാദ്ധ്യമാകുകയുള്ളൂ .

ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേറ്റ പാരമ്പര്യമാണ് സംഘ പ്രസ്ഥാനങ്ങൾക്കുള്ളത് . അത് കണ്ണൂരിന്റെ മണ്ണിലും അങ്ങനെ തന്നെയായിരിക്കുമെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ് . രാഷ്ട്രത്തിന്റെ വൈഭവപൂർണമായ ഭാവി ലക്ഷ്യം വച്ച് മുന്നോട്ടു പോകുന്നതിനിടെ കൊലയാളി രാഷ്ട്രീയത്തിന്റെ ചുവപ്പു കത്തിയിൽ പിടഞ്ഞു വീണ ബലിദാനികൾ കെ ടി ജയകൃഷ്ണൻ മാഷിനും വിനോദ് കുമാറിനും  രതീഷിനും ആദരാഞ്ജലികൾ

494 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close