കൊൽക്കത്ത: ഐഎസ്എല്ലിൽ സെമിപോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ അത് ലറ്റികോ ഡി കൊൽക്കത്തയും മുംബൈ എഫ് സിയും തമ്മിലാണ് ആദ്യസെമി പോരാട്ടം. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യപാദസെമി നാളെ കൊച്ചിയിലാണ്.
14 കളികളിൽ ആറുജയവും അഞ്ചുസമനിലയുമായി പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിയാണ് മുംബൈയുടെ ആദ്യ ഐഎസ്എൽ സെമിപ്രവേശനം. കരുത്തുറ്റ ആക്രമണ നിരയാണ് മുംബൈയുടെ കരുത്ത്.ഉറുഗ്വേയുടെ ഇതിഹാസം ഡീഗോ ഫോർലാനും ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുമാണ് കുന്തമുനകൾ.
വിങ്ങുകളിൽ നിന്ന് കഫുവും ഡഫഡറിങ്കോയും കൂടിചേരുമ്പോൾ കണ്ടത് സീസണിലെ ഏറ്റവും മികച്ച ആക്രമണനിരയെ. പ്രതിരോധ ഭടന്മാർക്കും കരുത്ത് കുറവല്ലെന്ന് ലീഗ് മത്സരങ്ങളിൽ മുംബൈ തെളിയിച്ചിട്ടുണ്ട്.
ഫൈനൽ ഉറപ്പിക്കാൻ സ്വന്തം തട്ടകത്തിലെ സെമി ജയം അനിവാര്യമാണെന്ന തിരിച്ചറിവോടെയാകും കൊൽക്കത്ത ഇറങ്ങുക. അതുകൊണ്ട് തന്നെ ലീഗ് മത്സരത്തിൽ ഇവിടെ മുംബൈയോടേറ്റ തോൽവി പഴങ്കഥയാക്കാനാകും മൊളീനയുടെയും സംഘത്തിന്‍റെയും ശ്രമം. മദ്ധ്യനിരയാണ് അത് ലറ്റികോയുടെ ശക്തി. ബോറിയ ഫെർണാണ്ടസും സ്റ്റീഫൻ പിയേഴ്സണും പോസ്റ്റിഗയും ഇയാൻ ഹ്യൂമും ചേരുന്ന ടീം സന്തുലിതം. 13 നാണ് മുംബൈയിലെ രണ്ടാംപാദ സെമി.
ബ്ലാസ്റ്റേഴ്സ് – ഡൽഹി സെമി പോരാട്ടത്തിലെ ആദ്യപാദം നാളെ കൊച്ചിയിലാണ്. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ അഞ്ചു വിജയം നേടിയതിന്‍റെ ആത്മവിശ്വാസവുമായാകും ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങുക.















