NewsSpecial

ഇന്ന് ലോകമനുഷ്യാവകാശദിനം

ഇന്ന് ലോകമനുഷ്യാവകാശ ദിനം. ഡിസംബർ 10 ലോകമനുഷ്യാവകാശദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നത് 1948ലാണ്. 1950 ഡിസംബർ നാലിനാണ് എല്ലാ അംഗരാജ്യങ്ങളേയും വിളിച്ചു ചേർത്ത് ഈ ദിനം ആഘോഷമാക്കാനുളള തീരുമാനമെടുക്കുന്നത്.

ഇന്നിന്റെ സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രസക്തി ചെറുതല്ലെന്നു കാണാം. മനുഷ്യാവകാശം എന്ന സംജ്ഞയിലൂടെ അർത്ഥമാക്കുന്ന വ്യക്തിസ്വാതന്ത്ര്യം, അവന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന മൗലികാവകാശം, ആരാധന നടത്തുവാനും, മതവിശ്വാസം സംരക്ഷിക്കുവാനുമുളള സ്വാതന്ത്ര്യം, സർവ്വോപരി സ്വസ്ഥമായി ജീവിക്കുവാനുളള സ്വാതന്ത്ര്യം ഇവയ്‌ക്കെല്ലാം മുകളിൽ തൽപരകക്ഷികൾ അധിനിവേശം നടത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാഷ്ട്രീയം, ധനം, നിയമം തുടങ്ങി എല്ലാ സാദ്ധ്യതകളും ഇവർ അതിനായി ദുരുപയോഗം ചെയ്യുന്നു.

മത-വിശ്വാസ ധ്വംസനം ഇന്നിന്റെ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു സമസ്യയാണ്. ഒരു വശത്ത് മതം അടിച്ചേൽപ്പിക്കപ്പെടുമ്പോൾ, മതത്തിന്റെ പേരിൽ കൂട്ടക്കൊലകൾ അരങ്ങേറുമ്പോൾ, മറുവശത്ത് മതം ധ്വംസിക്കപ്പെടുന്ന സാഹചര്യം. സഹിഷ്ണുതയുളളവൻ പരാജയപ്പെടേണ്ടവനാണെന്ന് വിധിയെഴുതുന്ന അപരിഷ്കൃത ചിന്താഗതികൾ സംഘടിത ശക്തിയുടെയും, രാഷ്ട്രീയ-വിധ്വംസക ബുദ്ധികളുടെയും തണൽ പറ്റി ലോകത്തിന്റെ സമാധാനത്തിനു മേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവങ്ങൾ.

ഇടുങ്ങിയതും, അത്യന്തം അപകടകരവുമായ ചിന്താധാരകളുടെ ഉപോൽപ്പന്നങ്ങളായ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുളള ഭീകരസംഘടനകൾ, ദുർബ്ബലന്റെ വ്യക്തിസ്വാതന്ത്ര്യങ്ങളെ പാടേ നിഷേധിക്കുകയും, ധ്വംസിക്കുകയും ചെയ്യുന്ന വിവിധ മാഫിയാകളുടെ സാന്നിദ്ധ്യം, ഇവയ്‌ക്കെല്ലാം ഒളിഞ്ഞും തെളിഞ്ഞും കുടപിടിച്ച് അതിൽ നിന്നും സ്വാർത്ഥലാഭങ്ങൾ തിരയുന്ന കമ്യൂണിസം പോലെയുളള കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ വിഭാവനം ചെയ്യുന്ന അക്രമത്തിലും, കൊലപാതകത്തിലും ഊന്നിയ അനാവശ്യ ഇടപെടലുകൾ തുടങ്ങി, മനുഷ്യാവകാശസംരക്ഷണം വെല്ലുവിളിയും ചോദ്യചിഹ്നവുമാകുന്ന ഒരുപിടി സമസ്യകൾ ഇന്നിന്റെ പ്രതിസന്ധികളിൽ മുന്നിലാണ്.

അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്ന മനുഷ്യാവകാശനിയമങ്ങളുടെ ഔദാര്യം പിടിച്ചു പറ്റുന്ന കൊടും കുറ്റവാളികൾ മറ്റൊരു വശത്ത്. മനുഷ്യാവകാശത്തിന്റെ സുരക്ഷിതത്വത്തിൽ ഒളിഞ്ഞിരുന്ന് അവർ മനുഷ്യാവകാശത്തെത്തന്നെ കൊഞ്ഞനം കാട്ടുന്ന സംഭവങ്ങളും നമുക്കു കാണാം. അതിൽ ഏറ്റവും ഒടുവിലത്തേതെന്നു വേണമെങ്കിൽ ചൂണ്ടിക്കാട്ടാവുന്ന ഒന്നാണ് നിയമത്തിന്റെയും, മനുഷ്യാവകാശത്തിന്റെയും ആനുകൂല്യം പറ്റി കോടതിയിൽ നിന്നും ഇറങ്ങി വന്ന ചാർളി തോമസ് എന്ന കൊടും കുറ്റവാളിയുടെ വന്യമായ പുഞ്ചിരി. അവിടെ ചാർളി തോമസിന്റെ മനുഷ്യാവകാശം (?) സംരക്ഷിക്കപ്പെട്ടപ്പോൾ; ഇരയായ സൗമ്യയുടേയും കുടുംബത്തിന്റേയും മാത്രമല്ല ആ നീചമായ കൊലപാതകത്തിൽ നെഞ്ചു തകർന്നു പോയ ഒരു വലിയ സമൂഹത്തിന്റെ മുഴുവൻ മനുഷ്യാവകാശം ഹനിക്കപ്പെട്ടതും നാം കണ്ടു.

ശബരിമല, ഹാജി അലി ദർഗ്ഗ, ശനീശ്വരക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലേയ്ക്ക് വ്യക്തിസ്വാതന്ത്ര്യവും, മനുഷ്യാവകാശവും അവകാശപ്പെട്ടു കൊണ്ട് ഇരച്ചു കയറുന്നവർ ഒരു ഭൂരിപക്ഷം വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ ആചരിക്കുന്നതിനുളള അവകാശത്തെ തുലാസിലേറ്റുകയാണ്. മത ദർശനങ്ങളും, നിയമങ്ങളും പിൻതുടരാനുളള ഭരണഘടന അനുവദിച്ച അവകാശങ്ങളെ അതേ ഭരണഘടനയിലെ ‘ലൂപ്പ് ഹോളുകൾ’ കൊണ്ട് തോൽപ്പിക്കാനും കീഴടക്കാനും ശ്രമിക്കുകയാണ്. ഭക്തി, ആരാധന, അനുഷ്ഠാനം എന്നീ അവകാശങ്ങൾ യുക്തിയുടെയും, നിയമത്തിന്റെയും സങ്കീർണ്ണതകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കപ്പെടുമ്പോൾ ആഗോള മനുഷ്യാവകാശത്തിന്റെ നിർവ്വചനങ്ങൾ കൂടുതൽ വിശദീകരണങ്ങളും, അനുബന്ധങ്ങളും അർഹിക്കുന്നതായി കാണാം.

കേവലം ഒരു ദിനാചരണമെന്നതിലുപരിയായി മനുഷ്യാവകാശം എന്ന ജീവാവകാശത്തിന്റെ നിർവ്വചനങ്ങൾക്കു കൂടുതൽ വ്യക്തത വരുത്തുവാനും അത് എല്ലാ പേർക്കും തുല്യവും, സുരക്ഷിതവുമായി തുടരുവാനും, ഇതിനായുണ്ടാക്കപ്പെട്ട നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയോ, ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാതിരിക്കാനുമുളള ശ്രമങ്ങളും, മുന്നേറ്റങ്ങളും സമൂഹത്തിന്റെ ഭാഗത്തു നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. പരിഷ്കരിക്കപ്പെടാത്ത ഒരു ആശയങ്ങൾക്കും കാലാന്തരത്തിൽ പ്രസക്തിയുണ്ടാവില്ലെന്ന വസ്തുത; അഥവാ നവീകരണവും മനുഷ്യന്റെയും, ലോകത്തിന്റെയും അടിസ്ഥാനാവകാശം തന്നെയാണെന്ന തിരിച്ചറിവിന്റെ സ്ഥാപനം കൂടിയാവട്ടെ ഈ വർഷത്തെ ലോക മനുഷ്യാവകാശ ദിനം എന്നാശംസിക്കുന്നു.

113 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close