കൊച്ചി: ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തെ ആവേശക്കടലാക്കി ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം. മഞ്ഞക്കൂട്ടത്തെ തകർക്കാനിറങ്ങിയ ഡൈനാമോസിന്റെ ഫ്യൂസ് കൊമ്പന്മാർ ഊരി. മഞ്ഞക്കടലായി മാറിയ കൊച്ചിയിൽ ആദ്യ അവസരം ലഭിച്ചത് ഡൽഹിക്ക്. തൊട്ടു പിന്നാലെ ലീഡ് നേടാനുളള അവസരം കളഞ്ഞു കുളിച്ചത് സി.കെ. വിനീത്.
ആദ്യ പകുതിക്കു തൊട്ടു മുൻപ്, ഡൽഹി വല കുലുക്കിയെങ്കിലും അത് ഹാൻഡ് ബോളായി. രണ്ടാം പകുതി ആക്രമണ ഫുട്‌ബോളിന്റെ തിരയിളക്കത്തിൽ ഡൈനാമോസിന്റെ പ്രതിരോധക്കോട്ടകൾ ഇളകി. അറുപത്തിയഞ്ചാം മിനിട്ടിൽ കെർവൻസ് ബെൽഫോർട്ടിന്റെ ബൂട്ട് ബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്കടുപ്പിച്ചു.
കളിയുടെ അന്ത്യ നിമിഷങ്ങളിൽ സമനിലയ്‌ക്കുളള ഡൽഹിയുടെ ശ്രമങ്ങളെ ബ്ലാസ്റ്റേഴ്സ് അതിജീവിച്ചു. സീസണിൽ തുടർച്ചയായ ആറാം ജയമാണ് കേരളാ ടീം ഹോംഗ്രൗണ്ടിൽ നേടുന്നത്. ബുധനാഴ്‌ച്ച ഡൽഹിയുടെ തട്ടകത്തിൽ തോൽവിയൊഴിവാക്കിയാൽ 18ന് ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയിലിറങ്ങും. നാട്ടുകാർക്ക് മുൻപിൽ മൂന്നാം സീസണിലെ കിരീടമുയർത്താൻ.















