ന്യൂഡൽഹി : മത്സരം തുടങ്ങുന്നതിനു മുൻപ് വാചകമടിയിൽ മുൻപനായിരുന്നു ഫ്രാൻസിസ് ചേക്ക. തനിക്കെതിരെ മത്സരിക്കാൻ വിജേന്ദർ സിംഗിനെ തിരഞ്ഞെടുത്ത ഇന്ത്യാക്കാരോട് സഹതാപമാണെന്നായിരുന്നു ചേക്കയുടെ ഡയലോഗ്. എന്നാൽ വാചകമടിയിൽ താൻ വിശ്വസിക്കുന്നില്ലെന്നും കളിയവസാനിക്കുമ്പോൾ സിംഗ് തന്നെ കിംഗാകുമെന്നും വിജേന്ദറും പറഞ്ഞു.
ഒന്നോ രണ്ടോ റൗണ്ട് കൊണ്ട് കാര്യങ്ങൾ തീരുമാനമാകുമെന്നായിരുന്നു ചേക്ക പറഞ്ഞിരുന്നത് . മൂന്നാം റൗണ്ടിൽ തന്നെ കാര്യങ്ങൾക്കൊരു തീരുമാനമായി . വിജയം പക്ഷേ വിജേന്ദറിനായിരുന്നെന്ന് മാത്രം .
പ്രൊഫഷണൽ ബോക്സിംഗിലെ ഗോലിയാത്തായിരുന്നു ചേക്ക . പതിനേഴ് വർഷത്തെ അനുഭവസമ്പത്ത് . അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ ദാവീദാണ് വിജേന്ദർ . വെറും ഒന്നരവർഷത്തെ പരിചയം . ഏഴു മത്സരങ്ങൾ മാത്രമാണ് വിജേന്ദർ കളിച്ചിട്ടുള്ളത് .
റിംഗിൽ വിജേന്ദറിന്റെ ഉജ്ജ്വല ഇടികളിൽ വശം കെട്ട് മൂന്നാം റൗണ്ടിൽ തന്നെ ചേക്ക തോൽവി സമ്മതിക്കുകയായിരുന്നു . തുടർച്ചയായ എട്ടാം ജയമാണ് വിജേന്ദറിന്റേത്















