NewsColumns

മാവോയെ വിമർശിച്ച പ്രൊഫസർക്ക് സമത്വസുന്ദര ചൈന നൽകിയത്

-കാളിദാസ്

ഫാസിസം കമ്യൂണിസ്റ്റുകൾക്ക് പണ്ടേ കലിയാണ്. ഭരണകൂടഫാസിസമെന്നു കേട്ടാൽ തിളയ്ക്കും, ചോര ഇടതുകൾക്ക് ഞരമ്പുകളിൽ… പക്ഷേ ഇടതുപക്ഷ മനോജ്ഞസുന്ദര ചൈനയിൽ ഇക്കഴിഞ്ഞയാഴ്ച ഒരു പ്രൊഫസറോട് ഭരണകൂടവും കമ്യൂണിസ്റ്റുകളും ചെയ്ത പ്രവർത്തിക്ക് ഒരു പേരു തിരയുകയാണ് ഇടതുപക്ഷ ബുദ്ധിജീവികൾ.

സംഭവം നടക്കുന്നത് ആധുനിക ചൈനയുടെ സ്ഥാപകനായ മാവോ സേ തുങിന്റെ 123ആം ജന്മദിനത്തിലാണ്. മാവോ 1976 ഡിസംബർ 9ന് മരിച്ചുവെങ്കിലും ഇന്നും ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരാദ്ധ്യൻ മാത്രമല്ല, ചൈനീസ് കറൻസിയായ യുവാനിൽ പോലും മാവോയുടെ ചിത്രമാണ്. ആ മുഖമാണ് ചൈനയുടെ മുഖമെന്നാണ് വയ്പ്പ്.

മാവോയ്ക്കു ശേഷമുളള പതിറ്റാണ്ടുകളിൽ ചൈനയിലുണ്ടായ മാറ്റങ്ങളോ, മാവോ ആവിഷ്കരിച്ച സിദ്ധാന്തങ്ങളൊക്കെ ചൈനീസ് മണ്ണിൽ പൊടി പോലുമില്ലാതായതോ, ചൈന ഏതാണ്ട് പൂർണ്ണമായും മുതലാളിത്തസ്വഭാവം കൈവരിച്ചതോ ഒന്നും ചൈനീസ് കമ്യൂണിസ്റ്റുകൾ അറിഞ്ഞിട്ടേയില്ല. മാവോയില്ലാതെ ചൈനയില്ല. അത്ര തന്നെ!

ഷാൻഡോംഗ് ജിയാൻഷു യൂണിവേഴ്സിറ്റിയിലെ 62കാരനായ ആർട്ട് പ്രൊഫസർ ഡെൻഗ് സിയാച്ചാവോ ചെയ്ത അക്ഷന്തവ്യമായ അപരാധം; മാവോയുടെ 123ആം ജന്മദിനമായ ഡിസംബർ ആറിന് തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു പോസ്റ്റിട്ടു എന്നതാണ്.

ചൈനയിലുണ്ടായ 3 മില്യൺ ജനങ്ങളുടെ മരണത്തിനു കാരണമായ കൊടും ക്ഷാമത്തിനും, 2 മില്യൺ മരണങ്ങൾക്കു കാരണമായ കാർഷികവിപ്ലവത്തിനും മാവോ ഉത്തരവാദിയായിരുന്നു എന്നാണ് പ്രൊഫസറുടെ പോസ്റ്റ്.

അപരാധം ! ലോക സെക്യുലറിസത്തിന്റെ ആദിപിതാമഹനെ വിമർശിക്കുക? ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കർത്താക്കൾക്കിട്ടു തന്നെ ആപ്പു വയ്ക്കുക ! ക്ഷമിക്കാൻ കഴിയില്ല.

എന്തും വിളിച്ചു കൂവാൻ ഇതെന്താ ഭാരതമാണോ?

പ്രൊഫസറുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. പക്ഷേ അതിന്റെ സ്ക്രീൻ ഷോട്ടുകൾ ചൈനീസ് വിപ്ലവവീഥികളിലൂടെ തലങ്ങും വിലങ്ങും റെഡ് വാളണ്ടിയർ പരേഡ് നടത്തി. ചൈനയുടെ ചുവന്ന തെരുവീഥികളിൽ പ്രൊഫസറുടെ കറുത്ത വാക്കുകൾ വിപ്ലവനേതാക്കളെയൊന്നാകെ നോക്കി കൊഞ്ഞനം കുത്തുകയും, ചോര തിളപ്പിക്കുകയും ചെയ്തു… ചുരുക്കത്തിൽ കാണേണ്ടവരും, കാണേണ്ടാത്തവരുമെല്ലാം പ്രൊഫസറുടെ പോസ്റ്റ് വായിച്ചു. ചൈനീസ് മാവോയിസ്റ്റുകൾ പ്രതിഷേധവും, വിപ്ലവവുമായി തെരുവീഥികളിലോട്ടിറങ്ങി.

“മാവോയെ എതിർക്കുന്നവൻ ജനങ്ങളുടെ ശത്രുവാണ്” മാവോയിസ്റ്റുകൾ ബാനറും ഇറക്കി.

അപ്പോൾ അഭിപ്രായസ്വാതന്ത്ര്യം?

ഇത് ഇന്ത്യയല്ല ഹേ… റെവല്യൂഷണലിസ്റ്റ്, സെക്യുലറിസ്റ്റ്, കമ്യൂണിസ്റ്റ് ചൈനയാണ്!

എന്നാലിതാ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ചൈനയുടെ ദേശീയപത്രം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു; പ്രൊഫസറെ യൂണിവേഴ്സിറ്റിയിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച്ച പുറത്താക്കി. യൂണിവേഴ്സിറ്റിയുടെ പാർട്ടി കമ്മറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു; പ്രൊഫസർ ഇനി  പഠിപ്പിക്കില്ല, സെമിനാറുകളോ, പൊതുയോഗങ്ങളോ വിളിച്ചു ചേർക്കാൻ പ്രൊഫസർക്കിനി അവകാശവുമില്ല.

നടപടിയുടെ കാരണമെന്താണെന്ന് ഗ്ലോബൽ ടൈംസിനും അറിയില്ല, പാർട്ടി കമ്മറ്റിക്കും അറിയില്ല !

പ്രാദേശികവും, ദേശീയവുമായ നിയമങ്ങളെ പ്രൊഫസർ ലംഘിച്ചിരിക്കുന്നുവെന്ന് ഒരു ഒഴുക്കൻ വിശദീകരണം ഷാൻഡോംഗ് ഗവണ്മെന്റിന്റെ വെബ്സൈറ്റിലെവിടെയോ കണ്ടവരുണ്ടെന്നല്ലാതെ പ്രൊഫസറുടെ ജോലി തെറിച്ചതിനു കാരണവുമില്ല, അതിനെതിരേ സമരവുമില്ല, കൊടിപ്പടയുമില്ല. സമത്വസുന്ദര ചൈന വീണ്ടും അതിന്റെ ദൈനംദിന വ്യവഹാരങ്ങളിലേയ്ക്ക്…

ഈ വാർത്ത ഇപ്പോൾ പുറത്തു വരുമ്പോൾ കേരളം കമ്യൂണിസ്റ്റുകൾ സ്വപ്നം കണ്ട കിനാശ്ശേരിയെക്കുറിച്ച് ഊർജ്ജിതമായി ചർച്ച ചെയ്യുന്ന അവസരമാണല്ലോ. അപ്പോൾ ചർച്ചകൾ തുടരാൻ ഇനിയും വിഷയങ്ങൾക്ക് ‘കനം’ കൂടുകയാണ്…

ഫാസിസം? ഭരണകൂടഫാസിസം? സെക്യുലറിസം? ആവിഷ്ക്കാരസ്വാതന്ത്ര്യം? അഭിപ്രായസ്വാതന്ത്ര്യം? വിപ്ലവം???

അല്ല, സഖാക്കൾ നിൽക്കുന്നോ; അതോ പോകുവാണോ?

675 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close