കണ്ണൂര്‍: അന്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പതാക ഉയര്‍ന്നു. രാവിലെ പ്രധാന വേദിയായ നിളയ്ക്ക് മുന്നില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ആണ് കലോത്സവ പതാക ഉയര്‍ത്തിയത്. ഏഴ് ദിനരാത്രങ്ങള്‍ നീളുന്ന കലാമേളയുടെ ആവേശത്തിലേക്കാണ് ഇതോടെ കണ്ണൂര്‍ ചുവടുവെച്ചത്.
സംഘാടകസമിതി ചെയര്മാന് കൂടിയായ മന്ത്രി കടന്നപ്പളളി രാമചന്ദ്രന് അടക്കമുളളവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തിയത്. ഉച്ചയ്ക്ക് 2.30 ന് സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കുന്നത്. ഇതിനുളള അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകര്‍. കണ്ണൂരിന്റെ സാംസ്കാരിക പൈതൃകം ദൃശ്യവല്‍ക്കരിക്കുന്ന അന്‍പതോളം നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ ഇടംപിടിക്കും.
വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം ആറ് മണിയോടെ പ്രധാന വേദിയടക്കം ഏഴിടങ്ങളില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.