ന്യൂഡൽഹി : കുട്ടി ക്രിക്കറ്റിൽ ബാറ്റിംഗ് വിസ്ഫോടനം അസാധാരണമല്ലെങ്കിലും കിഴക്കൻ ഡൽഹിയിലെ ലളിത പാർക്ക് സാക്ഷ്യം വഹിച്ചത് അതുക്കും മേലേയുള്ള ബാറ്റിംഗ് പ്രകടനത്തിനാണ് . പ്രാദേശിക ടി 20 മത്സരത്തിലാണ് അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി ഡൽഹി ബാറ്റ്സ്മാൻ മോഹിത് അഹ്ലാവത്ത് ക്രിക്കറ്റ് പ്രേമികളേയും പണ്ഡിതരേയും ഒരുപോലെ ഞെട്ടിച്ചത് .
വിക്കറ്റ് കീപ്പറും വലം കയ്യൻ ബാറ്റ്സ്മാനുമായ മോഹിത് തന്റെ ടീമായ മാവി ഇലവനു വേണ്ടി നേടിയത് 300 റൺസാണ് . അതും വെറും 72 പന്തുകളിൽ . 14 പന്തുകൾ ബൗണ്ടറി കടത്തിയപ്പോൾ 39 എണ്ണം പറന്നത് ഗ്യാലറിയിലേക്കാണ് . അവസാന രണ്ട് ഓവറിനു മുൻപ് 250 വ്യക്തിഗത സ്കോറിൽ നിന്ന മോഹിത് അവസാന ഓവറിലെ അഞ്ച് പന്തുകളും സിക്സിനു പറത്തിയാണ് ചരിത്രം കുറിച്ചത് .
ഡൽഹി രഞ്ജി ടീമിൽ അംഗമായിരുന്നെങ്കിലും ഇതുവരെ മിന്നുന്ന പ്രകടനമൊന്നും കാഴ്ച വയ്ക്കാൻ കഴിയാതിരുന്ന മോഹിത് അതിന്റെ കേടു തീർക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത് . അത്ഭുത ബാറ്റിംഗിനെപ്പറ്റി അറിഞ്ഞതോടെ ഡൽഹി ഡെയർ ഡെവിൾസ് മോഹിതിനെ ട്രയൽസിന് വിളിച്ചതായാണ് റിപ്പോർട്ട്.