തിരുവനന്തപുരം: കൊച്ചിയിൽ നടന്ന സദാചാര ഗുണ്ടായിസം പോലീസിന്റെ പിടിപ്പുകേട് കൊണ്ട് ഉണ്ടായതാണന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത്തരം സംഭവങ്ങൾ സാംസ്കാരിക കേരളത്തിന് അപമാനമാണ്. വനിതാ ദിനത്തിൽ തന്നെ സ്ത്രീകൾക്ക് നേരെ അക്രമം ഉണ്ടായത് ഏവരെയും ലജ്ജിപ്പിക്കുന്നു.
കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമത്തിൽ കർശന നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.
അതോടൊപ്പം കൃത്യവിലോപം നടത്തിയ പോലീസുകാർക്കെതിരെയും നടപടി വേണം. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറുന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നതാണെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു.