NewsMovieEntertainment

അങ്കമാലിയിലെ പ്രധാനമന്ത്രിമാർ

രഞ്ജിത്ത് ജി കാഞ്ഞിരത്തിൽ


പ്രാദേശിക ചരിത്രത്തെയും മിത്തുകളെയും പശ്ചാത്തലമോ പ്രധാന വിഷയമോ ആക്കി ദേശപ്പെരുമ വിളിച്ചോതുന്ന സൃഷ്ടികൾ മലയാള സാഹിത്യത്തിൽ ധാരാളമുണ്ട്. ഒരു ദേശത്തിന്റെ കഥ, തീയൂർ രേഖകൾ, കയർ, തൃക്കോട്ടൂർ പെരുമ, തക്ഷൻകുന്നു സ്വരൂപം അങ്ങിനെയങ്ങിനെ വിജയിച്ച നോവലുകൾ ധാരാളം. എന്നാലിവയൊക്കെ തന്നെ കേവലമൊരു പ്രാദേശിക കഥ പുരപ്പുറത്ത് നിന്ന് വിളിച്ചു കൂവുകയല്ല, മറിച്ച് ലോകത്തും  രാജ്യത്തും  സംസ്ഥാനത്തും അതാതു കാലത്ത് സംഭവിച്ച കാര്യങ്ങൾ കൂട്ടിച്ചേർത്ത് പറയുകയാണ് ഉണ്ടായത്. സാഹിത്യത്തിൽ നിന്നും സിനിമയിലേക്ക് വരുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു.

കേവലമൊരു ചെറുകിട നഗരത്തിലെ ഒരു കൂട്ടം അരാജക വാദികളുടെ ജീവിതവും സ്വാഭാവിക അന്ത്യങ്ങളും ഫ്രഞ്ച് വിപ്ലവം പോലെ മഹത്താക്കി ചിത്രീകരിച്ചിരിക്കുകയാണ് അങ്കമാലി ഡയറീസ് എന്ന കട്ട ലോക്കൽ പടം. കേരളത്തിൽ ചരിത്രപരമായോ  സാമൂഹിക സാംസ്കാരിക പരമായോ എടുത്ത് പറയത്തക്ക എന്തെങ്കിലും പ്രത്യേകത അങ്കമാലി എന്ന ചെറുകിട പട്ടണത്തിനുണ്ടോ.? ആ നഗരത്തിന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് വിമോചന സമരകാലത്തെ ആ മുദ്രാവാക്യമാണ്.

” അങ്കമാലിക്കല്ലറയിൽ ഞങ്ങടെ സോദരരുണ്ടെങ്കിൽ
ആ കല്ലറയാണെ കട്ടായം പകരം ഞങ്ങൾ ചോദിക്കും…”

അന്നത്തെ വെടിവെപ്പിൽ അങ്കമാലിയിൽ ഏഴു സമരക്കാർ കൊല്ലപ്പെട്ടതിന്റെ ആവേശത്തിൽ നിന്നുണ്ടായ മുദ്രാവാക്യം.

സിനിമയിലാണെങ്കിൽ കിലുക്കം എന്ന ചിത്രത്തിലെ നായിക, തന്റെ അച്ഛൻ അങ്കമാലിയിലെ പ്രധാമന്ത്രിയാണ് എന്ന് പറയുന്നത്. കാലമേറെക്കഴിഞ്ഞു ആ പട്ടണം വീണ്ടും വാർത്തയാകുന്നു. അവരുടെ എം എൽ എ ജോസ് തെറ്റയിലിന്റെ നീലക്കഥകളിലൂടെ യാണ്.

ഇത്ര ചെറിയ  പരിഗണന മാത്രം  അർഹിക്കുന്ന ഒരു ജനപഥത്തെ ന്യൂയോർക്ക് പോലെ കൊളംബിയയിലെ മെഡലിന് പോലെ അല്ലെങ്കിൽ മുംബൈ പോലെ കടും ചായത്തിൽ വരച്ചു വെച്ചിരിക്കുകയാണ് ഈ സിനിമയിൽ.ഏതൊരു ദേശത്തും കാണുന്ന പോലെ ഒരു പന്ത് കളി ക്ലബ്.അവരെ ഹീറോകളാക്കി കരുതി വളർന്നു വരുന്ന പിള്ളേർ ,ആ വളർച്ചയിൽ സംഭവിക്കുന്ന അതിക്രമങ്ങൾ,കള്ളുകുടി, കഞ്ചാവ്,വെട്ട്, കുത്ത്,പ്രേമം,പ്രതികാരം ആകപ്പാടെ ജഗപൊഗ.

അങ്ങേയറ്റം ബലഹീനമായ കഥക്ക് ഒരല്പം വിജയിച്ച തിരക്കഥയും പ്രഫഷണൽ എഡിറ്റിംഗും കൊണ്ടൊരു വർണാഭമായ മറ സൃഷ്ടിക്കുന്നതിൽ അണിയറക്കാർ വിജയിച്ചിട്ടുണ്ട്. സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ തുടങ്ങി വളർന്നു വികസിച്ച ക്രിമിനൽ ഹീറോവൽക്കരണം എന്ന ദുഷിച്ച പ്രവണതയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണീ ചിത്രം.

ഹാജിമസ്താൻ,കരിംലാലാ, വരദരാജമുതലിയാർ, ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജൻ മുതൽപ്പേർ മുബൈയിലും മറ്റിൻഡ്യാ നഗരങ്ങളിലും അധോലോകങ്ങളുണ്ടാക്കി വാണ കഥകൾ വീരാരാധനയോടെ വായിക്കുകയും കാണുകയും ചെയ്തവരാണ് നമ്മൾ മലയാളികൾ .ആ വീരപ്രേമത്തിന്റെ അനന്തര ഫലമാണ് ഇന്ദ്രജാലം അഭിമന്യു ആര്യൻ തുടങ്ങിയ ബോംബെ നോക്കി അധോലോക സിനിമകൾ. ഒരു കാലത്ത് ചെന്നൈയിൽ കോടമ്പാക്കത്തെ ചെട്ടിയാർമാരുടെയും ചിലഗോസായിമാരുടെയും വെപ്പാട്ടികളുടെ അടിവസ്ത്രത്തിൽ കുരുങ്ങിക്കിടന്ന മലയാള സിനിമയെ കൊച്ചിയിലേക്ക് പറിച്ചു നട്ടപോലെ മുംബൈ അധോലോകത്തെ കൊച്ചിയിൽ പുനരവതരിപ്പിക്കാനാണ് മലയാള സിനിമാ ലോകം ശ്രമിച്ചത്.

അനീതി -ധർമ്മ -അരാജകത്വ പ്രവണതകളെ വീര പരിപ്രേക്ഷ്യത്തോടെ അവതരിപ്പിക്കുന്ന സിനിമകളുടെ കുത്തൊഴുക്കാണ് ഈ ദശകത്തിലുണ്ടായത്. കൊച്ചി  എന്ന പേരിനെ ഛോട്ടാ മുംബൈ എന്ന് മാറ്റിയെഴുതി തങ്ങളുടെ ന്യൂ ജനറേഷൻ സിനിമകളുടെ മറവിൽ കഞ്ചാവും കള്ളും പെണ്ണും വിപണനം ചെയ്യുവാൻ അവർക്കു വല്ലാത്ത തിടുക്കമായിരുന്നു. ചെറുബാല്യക്കാരുടെ ന്യൂ ജൻ കൂത്താട്ടം കണ്ടപ്പോൾ വൃദ്ധകാമം ഞെട്ടിയുണർന്നു. ഫലമോ, ഛോട്ടാ മുംബൈ, ബ്ലാക്ക്, ഗ്യാങ് സ്റ്റാർ തുടങ്ങിയ ക്ലാസിക്ക് ദുരന്തങ്ങൾ പിറന്നു.

കേരളത്തിൽ ഒരധോലോകം വളർന്നു വരുന്നുണ്ട്. ഓരോ ചെറു നഗരങ്ങളിലും അവർ വേര് പടർത്തിയിരിക്കുന്നു. യുവാക്കൾ ആഘോഷമാക്കുന്ന ഈ ക്രിമിനൽ വാസനയുടെ ഒന്നാം പ്രതിയാണ് മലയാള സിനിമ. ആയതിലേക്കു ലിജോ ജോസ് പെല്ലിശ്ശേരിയുടെ കനത്ത സംഭാവനയാണ് ഈ ചിത്രം.

തുടക്കം മുതൽ ഒടുക്കം വരെയുള്ള ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്തത. സംവിധായകൻ ലിജോ ജോസിന്റെ മറ്റൊരു ചിത്രം ആമേൻ കൂടി ഇവിടെ സ്മരണീയമാണ്. ഇതേ ജനുസ്സിൽ ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാൻ ശ്രമിക്കുന്ന ഒരു സൃഷ്ടി. കമിതാക്കളുടെ പ്രേമ സാഫല്യത്തിനായി കത്തനാരുടെ വേഷത്തിൽ പുണ്യാളൻ അവതരിക്കുന്നതാണ് രണ്ടര മണിക്കൂർ നേരത്തെ ബഹളത്തിന്റെയും ക്ളാരനെറ്റിന്റേയും കുർബാനകളുടെയും അവസാനം ആമേൻ പറഞ്ഞു വെക്കുന്നത്. വിശുദ്ധൻ എന്ന മത സങ്കല്പത്തിനെ മഹത്വ വൽക്കരിക്കുവാൻ വേണ്ടി നടത്തിയ ഒരു കലാസൃഷ്ടിയാണ് ആമേൻ.

ഇവിടെ അങ്കമാലി ഡയറീസിലും സ്ഥിതി സമാനമാണ്. അങ്കമാലി ടൗണിലെ ഇറച്ചിക്കടയും പബ്ലിക് ടോയ്‌ലറ്റും സർക്കാർ സ്ഥാപനങ്ങളും, ബസ് സ്റ്റാൻഡും റയിൽവേ സ്റ്റേഷനും എന്തിനു കാർണിവൽ പോലും കാണിച്ചു കൊണ്ടുള്ള അവതരണ ഗാനത്തിൽ ക്രിസ്ത്യൻ പള്ളി പലവുരു ദൃശ്യമാകുന്നുണ്ട്. അമ്പലങ്ങൾ അങ്കമാലിയിൽ ഇല്ലാത്തതുകൊണ്ടാണോ എന്തോ.? ഒരെണ്ണം പോലും അതിൽ കണ്ടതായി ഓർക്കുന്നില്ല. അവിടുന്നങ്ങോട്ട് പള്ളി സീനുകൾ,പള്ളി പശ്ചാത്തലത്തിൽ വരുന്ന സീനുകൾ കുർബാന, മനസ്സുചോദ്യം, മിന്നു കെട്ട്, ഈസ്റ്റർ, കരോൾ, പ്രദക്ഷിണം, സർവത്ര ക്രൈസ്തവമയം. സിനിമ കണ്ടുതീരുമ്പോൾ ഈ അങ്കമാലി എന്നത് ഒരു സർവ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ എന്ന് ശങ്കിച്ചു പോകും.

നാടൻ പാട്ടുകൾ  മലയാള സിനിമയുടെ ഭാഗമായിട്ട് നാളേറെയായി.പണ്ട് സർവകലാശാലയിലും,കുമ്മാട്ടിയിലും ഒക്കെ കേട്ട ക്ലാസിക് നാടൻ പാട്ടുകളുടെ മധുരമെങ്ങോ പോയ് മറഞ്ഞു.പിന്ന കലാഭവൻ മണിയും അറുമുഖൻ വെങ്കിടങ്ങും കൂടിയവതരിപ്പിച്ച കൂടുതൽ ചടുലമായ നാടൻ പാട്ടുകൾ വന്നു.ഇപ്പോൾ മണി പോയി.ഈ ചിത്രത്തിലാകട്ടെ ടൈറ്റിൽ കാർഡ് പ്രകാരം ഗാനങ്ങൾക്ക് പകരം നാടൻ പാട്ടുകളാണ് ചേർത്തിരിക്കുന്നത്. ഗദ്യത്തിനു ഈണം നൽകി നാടൻ പാട്ടെന്ന പേരുമിട്ടു അവതരിപ്പിച്ചിരിക്കുന്നു. പാട്ടേത്,സംഭാഷണമേത് എന്ന് തിരിച്ചറിയാൻ കഴിയാത്തത്ര ബഹളമയം.

86  പുതുമുഖങ്ങളാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.ഒരേ കഥാപാത്രങ്ങളുടെ വ്യത്യസ്ത പ്രായം കാണിക്കുന്നത് കൊണ്ടും.പല ഗുണ്ടാ സംഘങ്ങളെ കാണിക്കുന്നത് കൊണ്ടും ,പുതുമുഖങ്ങൾ 86 അല്ല അതിനിരട്ടി കുത്തി നിറക്കാൻ വിഷമമില്ല.ആ നടന്മാരിൽ പലരും വിജയിച്ചിട്ടുമുണ്ട്.ഒരുപക്ഷേ ആ പുതുമുഖങ്ങളാണ് ,അവർ മാത്രമാണ് ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന വെടി,പുക ,വെട്ട് ,കുത്ത് ,പ്രദക്ഷിണം,കുർബാന,എന്നിവയുടെ ചെടിക്കുന്ന പ്രദർശനങ്ങൾക്കിടയിൽ ഈ സിനിമ നൽകുന്ന ഏക ആശ്വാസം.

 

വാൽക്കഷ്ണം
അങ്കമാലി ഡയറീസിലെ ഏക പരിചിത മുഖം ചെമ്പൻ വിനോദ് ജോസ് ആണ് .സ്വന്തം പേരിൽ തന്നെ ഒരു കല്യാണ രംഗത്ത് അവതരിക്കുന്നുണ്ട് തിരക്കഥാകൃത്ത് കൂടിയായ ടിയാൻ. അപ്പോൾ ഒരു വഴിപോക്കൻ ചെമ്പൻ വിനോദിനോട് ചോദിക്കുന്നു ,”ഇപ്പോൾ പടം കുറവാണോ ചെമ്പാ” എന്ന്. “അതേടാ അതുകൊണ്ടു ഇപ്പോൾ വാർക്കപ്പണിക്ക് പോവുകയാണ് എന്ന് മറുപടി”. ആ പറഞ്ഞത് അറം പറ്റാതെ സൂക്ഷിക്കണം. ഉള്ളി പൊളിക്കുന്നതുപോലെ ഉൾക്കാമ്പില്ലാത്ത കഥയിൽ ആപാദ ചൂഢം മതം കുത്തി തിരുകി പ്രേക്ഷകർക്ക് വിളമ്പിയാൽ ഒടുവിൽ വാർക്കപ്പണിക്ക് തന്നെ പോകേണ്ടി വരും.

 


ജനം ടിവി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ തീർത്തും  ലേഖകന്റെ മാത്രം അഭിപ്രായമാണ് . ജനം ടിവിയുടെ അഭിപ്രായമല്ല

11K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close