മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ പിന്തുണ തേടി മുസ്ലീംലീഗ് കത്ത് നല്കി. ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദാണ് കത്ത് നല്‍കിയത്.
നിലവിലെ സാഹചര്യത്തില്‍ ഇ. അഹമ്മദിന്റെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയില്ലെന്ന ആശങ്കയാണ് ലീഗ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടാന്‍ കാരണം. പി.കെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഇ. അഹമ്മദിന്റെ ഭൂരിപക്ഷം നില നിര്‍ത്തുക എന്ന ശ്രമകരമായ ലക്ഷ്യമാണ് ലീഗ് അണികള്‍ക്കും നേതാക്കള്‍ക്കുമുളളത്. എന്നാല്‍ ഇത് അപ്രാപ്യമാണെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് വിട്ടുപോയ കേരളാ കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ പിന്തുണ തേടി ലീഗ് കെ.എം മാണിക്ക് കത്ത് നല്‍കിയത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമില്ലെങ്കിലും അഹമ്മദിന്റെ ഭൂരിപക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.
നിലവിലെ സാഹചര്യത്തില്‍ ലീഗുമായി പ്രശ്നങ്ങളില്ലാത്തതിനാല് പിന്തുണ നല്‍കാമെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്. മറ്റു ചില രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ പിന്തുണ തേടാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ലീഗിന് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ്. എന്നാല്‍ ലീഗിലെ തന്നെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും കുഞ്ഞാലിക്കുട്ടി നേരിടുന്നുണ്ട്. ഇതാണ് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നതിന്റെ കാര്യത്തില്‍ ലീഗിനെ ആശങ്കപ്പെടുത്തുന്നത്.