കോട്ടയം: ക്യാമ്പസില്‍ ഭാരതാംബയെ അധിക്ഷേപിച്ചുകൊണ്ടുളള പോസ്റ്റര്‍ പതിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തു. കോട്ടയം നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ യൂണിയന് ചെയര്മാന് ഉള്‍പ്പെടെ അഞ്ച് പേരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം.
നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളേജ് യൂണിയന് ചെയര്മാന് എസ് ശ്രീഹരി, എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷാ, സെക്രട്ടറി പ്രവീണ്‍ മോഹനന്, മറ്റ് ഭാരവാഹികളായ നവനീത് മധു, സുഹൈല്‍ നിസാര്‍ എന്നിവരെയാണ് കോളേജില്‍ നിന്നും അനിശ്ചിതകാലത്തേക്ക് പുറത്താക്കിയത്. കോളേജ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ഭാരതാംബയെ അധിക്ഷേപിച്ചുകൊണ്ടുളള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പോസ്റ്ററിനു പുറമേ സോഷ്യല്‍ മീഡിയ വഴിയും ഈ വാചകങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. കോളേജ് യൂണിയന് ചെയര്മാന് ശ്രീഹരിയാണ് പോസ്റ്ററിലെ വാചകങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചത്. വിഷയത്തില്‍ എസ്.എഫ്.ഐ യൂണിറ്റിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു.
പോസ്റ്റര്‍ വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക് കൗണ്‍സിലാണ് അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പുറത്താക്കാന്‍ തീരുമാനിച്ചത്.