മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രി എം.എം മണിക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബി.ജെ.പി മലപ്പുറം ജില്ലാ നേതൃത്വമാണ് ഇതു സംബന്ധിച്ച പരാതി പൊലീസിന് നൽകിയത്.
മലപ്പുറത്തു സി.പി.എം സംഘടിപ്പിച്ച കുടുംബ യോഗത്തിലാണ് എം.എം മണി നരേന്ദ്രമോദിക്കു ജനിതക വൈകല്യമാണെന്ന വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധവും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം എം.എം മണി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊതു വേദിയിൽ അപമാനിച്ചു കൊണ്ട് പ്രസംഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമനടപടിയുമായി ബി.ജെ.പി മുന്നോട്ട് പോകുന്നത്.
പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത പൊലീസ് മണിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടിക്കെതിരെ മന്ത്രിമാരെ വഴിയിൽ തടയുന്നതുൾപ്പെടെയുളള സമരങ്ങളുമായി യുവമോർച്ച മുന്നോട്ടു പോകുമെന്നും നേതൃത്വം വ്യക്തമാക്കി.