കണ്ണൂര്‍ : കേരള പൊലീസ് അസോസിയേഷന് ജില്ലാ സമ്മേളനത്തില്‍ ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി പി.പി.സദാനന്ദന് നടത്തിയ പ്രസംഗത്തിനെതിരെ പൊലീസ് അസോസിയേഷനിലെ ഒരു വിഭാഗം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
അതേസമയം സദാനന്ദന് മാത്രമല്ല, അദ്ദേഹത്തിന് ശേഷം പ്രസംഗിച്ച ഒരു സി.ഐയും തനി രാഷ്ട്രീയ പ്രസംഗമാണ് നടത്തിയതെന്നും അസോസിയേഷനിലെ ഒരു വിഭാഗം ആരോപിക്കുന്നു.
പരസ്യവിമര്‍ശനത്തിന് തയ്യാറാകുന്നില്ലെങ്കിലും പൊലീസ് അസോസിയേഷന് അംഗങ്ങള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയാണ് ഡിവൈ.എസ്.പി സദാനന്ദന്റെ പ്രസംഗത്തെ കുറിച്ച് നടക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസ് സംബന്ധിച്ച് കേസന്വേഷണവുമായി ബന്ധമില്ലാത്ത ഒരു ഉദ്യോഗസ്ഥന് പൊതുപ്രസംഗത്തില്‍ അഭിപ്രായപ്രകടനം നടത്തിയത് ശരിയായില്ലെന്നാണ് വിമര്‍ശനമുയരുന്നത്.
പി.പി.സദാനന്ദന് സി.പി.എമ്മുമായുള്ള ബന്ധം നന്നായി അറിയുന്ന കണ്ണൂരിലെ പൊലീസ് സേനയിലെ ഇടതുപക്ഷാനുകൂലികളല്ലാത്ത അംഗങ്ങളാണ് വിമര്‍ശനമുയര്‍ത്തുന്നത്. സദാനന്ദന് ശേഷം പ്രസംഗിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സി.പി.എമ്മിന് അനുകൂലമായി രാഷ്ട്രീയപ്രസംഗം നടത്തിയതും വിവാദമായിട്ടുണ്ട്.
പൊലീസ് സേനയിലെ ഉന്നതതലം മുതല്‍ താഴെത്തട്ടുവരെയുള്ള സി.പി.എം അനുകൂലികളുടെ ഇടപെടല്‍ കാരണം പല കേസുകളും അട്ടിമറിക്കപ്പെടാനിടയാക്കിയിട്ടുണ്ടെന്ന ആക്ഷേപം നേരത്തെ നിലനില്‍ക്കുന്നുണ്ട്.