കോഴിക്കോട് : റവന്യൂ ജില്ലാ സ്കൂള്ഗെയിംസുകളുടെ നടത്തിപ്പ് ചുമതലയുള്ള കായികാ അധ്യാപകര്‍ പദവികള്‍ രാജിവെച്ചു തുടങ്ങിയതോടെ ഉപജില്ലാ, റവന്യൂ ജില്ലാ സ്കൂള്‍ കായികമേകളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലാകുന്നു. തുല്യ ജോലിക്ക് തുല്യവേതനം നല്‍കാത്തതിലും തസ്തികാ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് കായികാധ്യാപകര്‍ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നത്.
ഓരോ അധ്യയനവര്‍ഷവും അധ്യാപക തസ്തികകള്‍ സംരക്ഷിക്കാന്‍ ഏവരും ശ്രമങ്ങള്‍ നടത്തുമ്പോള്‍ തസ്തിക നഷ്ടപ്പെടുന്ന കായികാധ്യാപകരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നുവെങ്കിലും ഈ ആനുകൂല്യവും കായികാധ്യാപകര്‍ക്ക് ലഭിച്ചിരുന്നില്ല. ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് പാഠപുസ്തകം ഉണ്ടായിട്ടും സ്പെഷ്യലിസ്റ്റ് കാറ്റഗറിയില്‍ നിന്ന് വേര്‍പെടുത്താതെ തസ്തിക നഷ്ടപ്പെടുത്തുകയാണ്. തുല്യജോലിക്ക് തുല്യവേതനം നല്‍കാത്തതിലും തസ്തികമാനദണ്ഡങ്ങള് പരിഷ്കരിക്കാത്തതിലും പ്രതിഷേധിച്ച് സ്കൂള്‍കായിക മേളകളെല്ലാം ബഹിഷ്കരിക്കാനാണ് ഇവരുടെ തീരുമാനം.
കോഴിക്കോട് റവന്യൂജില്ലാ സ്കൂള്ഗെയിംസ് സെക്രട്ടറിയും 14 ഉപജില്ലാ സെക്രട്ടറിമാരും രാജിവെച്ചതോടെ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഉപജില്ലാ കായികമേളകളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. സംയുക്ത കായിക അധ്യാപക സംഘടന സര്‍ക്കാരിന് നല്കിയ നിവേദനത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ സംസ്ഥാനസ്കൂള്‍ കായികമേള പൂര്‍ണമായും ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പും ഇവര്‍ നല്കുന്നു.