Special

ചാരുകിശോരനായ മായക്കാർവർണ്ണൻ…

കൃഷ്ണാഷ്ടമി-മനതാരിൽ മകനായി വിളങ്ങുന്ന ഉണ്ണിക്കണ്ണന്റെ ജന്മദിനം. വാർമുടിച്ചുരുളിലെ വർണ്ണമയിൽപ്പീലികളും,കുഞ്ഞു ചിലങ്ക അണിഞ്ഞ കാൽപ്പാദങ്ങളും,ആ കള്ളച്ചിരിയുമൊക്കെ കണ്മുന്നിൽ കാഴ്ച്ചകളായി എത്തുന്നു.

ഭഗവാൻ എന്നതിലുപരി അമ്പാടിയിലെ ഉണ്ണിക്കണ്ണനെ ഏറെ കുസൃതികൾ കാട്ടുന്ന ഒരു മകനായി കാണാനാണ് അമ്മമാർക്ക് ഇഷ്ടം. ‘ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്‌?’ പൂന്താനത്തിന്റെ ഈ വരികളുടെ അർത്ഥവും സ്പഷ്ടമാണ്.

കുറൂരമ്മയുടെ മനസ്സുമായാണ് പലരും കണ്ണനെ പൂജിക്കുന്നത്. എന്തു വരം വേണമെന്നു ചോദിച്ച കണ്ണനോട് ‘എനിക്കാരുമില്ലല്ലോ കൃഷ്ണാ നീയല്ലാതെ. നീ എന്നോടൊപ്പം എപ്പോഴും ഉണ്ടാവണം. എന്നാല്‍, യശോദയെ ഇട്ടെറിഞ്ഞ് പോയതുപോലെ എന്നെ നീ ഉപേക്ഷിക്കയുമരുത്’ എന്നാണ് കുറൂരമ്മ മറുപടി പറഞ്ഞത്.

അതെ ഈ സംസാര ദുഖത്തിൽ പത്തുമാസം ചുമന്നു പ്രസവിക്കുന്ന മക്കൾ ഉപേക്ഷിക്കുന്ന അമ്മമാർക്കും പിന്നെ മകനായി സ്നേഹിക്കാനുള്ളത് ഈ കണ്ണനാണ്. കുറൂരമ്മയെപ്പോലെ കള്ളക്കണ്ണനെ തല്ലാനും,ശാസിക്കാനും,സ്നേഹിക്കാനും,വാൽസല്യം പകരാനുമൊക്കെയുള്ള വെമ്പലാണ് ഓരോ അമ്മമനസിലും.

ജീവിതകാലം മുഴുവൻ ഭക്തിയോടെ ഭഗവാനെ തപസ്ചെയ്ത വില്വമംഗലം സ്വാമിയാർക്കു പോലും ഭഗവാനെ ഒരുകുഞ്ഞിനെ പോലെ ലാളിക്കാൻ സാധിച്ചിട്ടില്ല എന്നതും ഭക്തിയിലെ മാതൃവാൽസല്യത്തിന്റെ മഹിമയുടെ തെളിവാണ്.കടഞ്ഞെടുക്കുന്ന വെണ്ണ സ്വന്തം കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ആ മുഖങ്ങളിൽ കണ്ണന്റെ കള്ളച്ചിരി കാണുന്നവരാണ് അധികവും.

ദേവകീ പുത്രനായ കണ്ണൻ ബ്രഹ്മ്മാവിന്റെയും ദേവഗണങ്ങളുടേയും പ്രാർത്ഥന സ്വീകരിച്ച് സജ്ജ്നങ്ങളെ സംരക്ഷിക്കാനായി അവതരിച്ചതാണെന്നാണ് വിശ്വാസം.പലർക്കും പലതായിരുന്നു കൃഷ്ണൻ .കംസനെയും,ശിശുപാലനെയും പോലെയുള്ളവർക്ക് കൊലപാതകിയും, മായാജാലക്കാരനുമായിരുന്ന കണ്ണൻ.

യശോദ നന്ദന്മാർക്കു ബാലനായ അരുമ മകൻ , ഗോപികാ ഹൃദയങ്ങൾക്ക് പ്രണയമാനസൻ , ഗോപാലന്മാർക്ക് ഗോവർദ്ധനോദ്ധാരകൻ , ഉദ്ധവരാദിയായവർക്ക് വേദാന്ത ദർശനത്തിന്റെ മറുകര കണ്ടവൻ ..മഞ്ഞപ്പട്ടും മയിൽപ്പീലിയും പൊന്നോടക്കുഴലും കൊണ്ട് ഈ പ്രപഞ്ചത്തെ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ അമൃതധാരയിൽ കുളിപ്പിച്ചവൻ..

ശ്രീകൃഷ്ണ പരമാത്മാവ് ആദിമദ്ധ്യാന്തങ്ങളില്ലാതെ വിശ്വമെല്ലാം നിറഞ്ഞ ചൈതന്യം തന്നെയാണ് .. വിശ്വത്തെ വൃന്ദാവനമാക്കിയ വിരാട് രൂപം. എങ്കിലും അമ്മമാരുടെ മനസ്സിലെന്നും അവൻ അവരുടെ അമ്പാടിക്കണ്ണനാണ് …

ചാരുകിശോരനായ മായക്കാർവർണ്ണൻ…

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close