ന്യൂഡൽഹി : ഡിജിറ്റൽ രംഗത്ത് ഇന്ത്യക്കാർക്ക് പേയ്മെന്റ് ആപ്പുമായി ഗൂഗിളും. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് സമ്പ്രദായം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തദ്ദേശീയ ഡിജിറ്റൽ പേയ്മെന്റ് ആപ്പ് ഗൂഗിൾ ആവിഷ്ക്കരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം അവസാനം നോട്ട് നിരോധനം ഏർപ്പെടുത്തിയതോടെയാണ് രാജ്യം ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2020 ഓടെ 500 ബില്ല്യൺ യുഎസ് ഡോളറിന്റെ വിനിമയം ഇതു വഴി നടക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇ-വാലറ്റുകളും,കാർഡ് പേയ്മെന്റുകളും സർവസാധാരണമായി മാറിക്കഴിഞ്ഞു.
ഗൂഗിൾ തങ്ങളുടെ പുതിയ പേയ്മെന്റ് ആപ്പ് ‘ടെസ്‘ എന്ന പേരിലാണ് ഇന്ത്യയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. രാജ്യത്തെ യുപിഐ പദ്ധതിയുമായും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായും ഏകോപിപ്പിച്ചായിരിക്കും ടെസിന്റെ പ്രവർത്തനം. ടെസിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കേന്ദ്രധനകാര്യമന്ത്രി അരുൺ ജയിറ്റ്ലിയാണ് ന്യൂഡൽഹിയിൽ നിർവഹിച്ചത്. ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ കുതിപ്പിനു വേഗത കൂട്ടുന്നതാണ് ഗുഗിളിന്റെ പുതിയ ചുവടുവയ്പ്പെന്ന് അദ്ദേഹം പറഞ്ഞു.