Special

പോസ്റ്റിടുന്നു , പോസ്റ്റ് മുക്കുന്നു : സിപിഎമ്മിന്റെ ബുദ്ധിജീവിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾമഴക്കാലം

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് പാർട്ടിയുടെ അറിയപ്പെടുന്ന ബുദ്ധിജീവികളിൽ ഒരാളാണെന്നാണ് വയ്പ്പ് . ബുദ്ധിജീവി നാട്യത്തിനാവശ്യമുള്ള ചില്ലറ താടിയും ധാടിയും ഗൗരവമൊക്കെ ടിയാനുണ്ട് താനും .പാർലമെന്റംഗമായിരുന്നപ്പോൾ മികച്ച പ്രവർത്തനം കാഴ്ച വച്ചെന്ന് സിപിഎമ്മുകാർ നാടായ നാടൊക്കെ പെരുമ്പറ കൊട്ടി അറിയിച്ചിട്ടുമുണ്ട് പക്ഷേ എന്താണെന്നറിയില്ല സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളർമാരുടെ ഇഷ്ടതാരമാകാനാണ് യോഗം

ഉണ്ടിരുന്നപ്പോൾ വിളി വന്നതുപോലെ സ്വൽപ്പം രാജ്യസ്നേഹം ചാലിച്ചായിരുന്നു ആളിന്റെ ഇന്നത്തെ പോസ്റ്റ് . സ്വന്തം പാർട്ടി സെക്രട്ടറി മുൻപ് സൈന്യത്തെ അവഹേളിച്ചത് കൊണ്ടാവണം ഇങ്ങനെയുള്ള അവസരങ്ങളൊന്നും പാഴാക്കരുതെന്ന് രാജീവ് തീരുമാനിച്ചത് .

നരേന്ദ്രമോദി ഭരണത്തിൽ നമ്മുടെ ധീര ജവാന്മാർക്ക് കൊടുക്കുന്ന ആദരവ് കാണുക എന്ന് പറഞ്ഞ് കൊണ്ട് കാർഡ് ബോഡ് പെട്ടികളുടെ ചിത്രമായിരുന്നു വിപ്ളവ സിംഹം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ മല മുകളിൽ നിന്ന് ധീര സൈനികരുടെ ഭൗതിക ദേഹങ്ങൾ താഴെയെത്തിക്കാൻ മാത്രമാണ് ആ താത്കാലിക ബോർഡുകൾ ഉപയോഗിച്ചത് .സൈനികരുടെ ഭൗതിക ദേഹം വീടുകളിൽ എത്തിച്ചത് എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു.

തകർന്ന് വീണ വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം എത്രയും പെട്ടെന്ന് ബേസ് ക്യാമ്പിലേക്ക് എത്തിക്കാൻ അടിയന്തര സംവിധാനം ഉപയോഗപ്പെടുത്തിയതാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. പ്രത്യേക ബോഡി ബാഗുകൾ തന്നെയാണ് ഇതിനുപയോഗിക്കുന്നതെന്നും ഇത് അടിയന്തിര സാഹചര്യത്തിൽ ചെയ്തതാണെന്നും വിശദീകരണം വന്നിട്ടുണ്ട് .

എന്നാൽ ഇതൊന്നും രാജീവ് ശ്രദ്ധിച്ചില്ല . അറിയാനും ശ്രമിച്ചില്ല .കിട്ടിയ ചിത്രം കൊണ്ട് രാഷ്ട്രീയം കളിക്കാനായിരുന്നു രാജീവ് ശ്രമിച്ചത്. വീരമൃത്യു വരിച്ചവരുടെ ഭൗതിക ദേഹങ്ങൾ അവരുടെ വീട്ടിലെത്തിച്ചതും ഇത് പോലെ തന്നെയാണെന്നായിരുന്നു രാജീവ് വിചാരിച്ചത്. സത്യം വിശദമാക്കി ആളുകൾ കമന്റ് ചെയ്ത് തുടങ്ങിയതോടെ കളം മാറ്റിച്ചവിട്ടി രാജീവ് ഔട്ട് ലുക്കിന്റെ ലിങ്ക് ഇട്ടു. എന്നാൽ ഇതും പൊളിഞ്ഞതോടെ ആ പോസ്റ്റും രാജീവ് മുക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രണ്ടു ദിവസം മുൻപ് പറ്റിയ തെറ്റും വാർത്തയായിരുന്നു. ആർ.എസ്.എസ് പ്രചാരകും അവിവാഹിതനുമായിരുന്ന അശോക് സിംഗാളിനു മകളുണ്ടെന്നും അവർ വിവാഹം കഴിച്ചത് മുഖ്തർ അബ്ബാസ് നഖ്വിയെയാണെന്നുമൊക്കെ കോടിയേരി ബാലകൃഷ്ണൻ പോസ്റ്റിട്ടിരുന്നു . പോസ്റ്റിനു കീഴെ സത്യം വിവരിച്ച് കമന്റുകൾ വന്ന് നിറഞ്ഞതോടെ കോടിയേരിയും പോസ്റ്റ് മുക്കി.

രാജീവിന്റെ മണ്ടത്തരം ഇതാദ്യമായല്ല . അമേരിക്കൻ കാർട്ടൂണിസ്റ്റ് ബെൻ ഗാരിസണിന്റെ കാർട്ടൂൺ എന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത കാർട്ടൂൺ രാജീവ് മുൻപൊന്ന് പോസ്റ്റ് ചെയ്തിരുന്നു. ബുദ്ധിജീവിയായ സഖാവിനെ വിശ്വസിച്ച് നാലായിരത്തോളം സിപിഎമ്മുകാർ പോസ്റ്റ് ലൈക്കുകയും രണ്ടായിരം പേർ ഷെയർ ചെയ്യുകയും ചെയ്തു. ബെൻ ഗാരിസണിന്റെ യഥാർത്ഥ കാർട്ടൂൺ കമന്റുകളിൽ വന്നതോടെ ആ പോസ്റ്റും ദുരന്തത്തിൽ അവസാനിച്ചു . ഇപ്പോൾ ട്രോളർമാർ അകാശത്ത് നിർത്തി അമ്മാനമാടുകയാണ് വിപ്ളവ സിംഹത്തെ.

ട്രോളർമാരുടെ ഇഷ്ട താരമായ പാലക്കാട് എം.പി എം.ബിരാജേഷാകട്ടെ തെറ്റ് പറ്റിയാലും പോസ്റ്റൊന്നും ഡിലീറ്റ് ചെയ്യാൻ മെനക്കെടാറില്ല . ഇനി അഥവാ ഏതെങ്കിലും കമന്റിൽ ആരെങ്കിലും സത്യം പറഞ്ഞാൽ , അതിന് കൂടുതൽ ലൈക്കുകൾ കിട്ടിയാൽ കമന്റ് ഡിലീറ്റ് ചെയ്യുക എന്ന സൈക്കോളജിക്കൽ മൂവാണ് രാജേഷിന്റെ പ്രതിരോധം . എന്തായാലും എറണാകുളം ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും ഒരുമിച്ച് സോഷ്യൽ മീഡിയ വിദ്യാഭ്യാസം നൽകാൻ ആളെ നിയമിക്കണമോ എന്ന സന്ദേഹത്തിലാണ് സിപിഎം .

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close