പനാജി : വിവാദ ചിത്രം പദ്മാവതിയില്‍ മോശമായതൊന്നുമില്ലെന്ന് ചിത്രത്തിലെ നായകന് ഷാഹിദ് കപൂര്‍.രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയപ്പോഴാണ് ഷാഹിദ് കപൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ചിത്രം ഇറങ്ങുന്നതിന് മുമ്പ് അത് മോശമാണെന്ന് വിലയിരുത്തരുതെന്നും അധികൃതരുടെ സഹായത്തോടെ ഉടന്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്നും ഷാഹിദ് പറഞ്ഞു.
പദ്മാവതിയിലെ മറ്റു രണ്ട് അഭിനയതാക്കളായ രണ്‍വീര്‍ സിംഗും ദീപിക പദ്ക്കോണും വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ അപ്പോള്‍ ഒന്നും ഷാഹിദ് കപൂര്‍ പദ്മാവതി വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ഷാഹിദ് കപൂറിന്റെ നിലപാടിനെതിരെ കര്‍ണി സേന രംഗത്തെത്തി.എല്ലാ ദിവസവും ചിത്രത്തിലെ അഭിനയതാക്കള്‍ തങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രജപുത് കര്‍ണി സേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു.
ഡിസംബര്‍ ഒന്നിനാണ് പദ്മാവതിയുടെ ആദ്യ പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്.എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇത് മാറ്റിവെക്കുകയായിരുന്നു.