കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്. ബ്ലാസ്റ്റേഴ്സ്-ജാംഷെഡ്പൂർ എഫ്സി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ആരാധകരെ തുടർച്ചയായ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സ് നിരാശരാക്കി. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ച മത്സരത്തിൽ ഗോൾ നേടാനാകാതെ പോയതോടെ കേരള ബ്ലാസ്റ്റേഴ്സിനും ജാംഷെഡ്പൂർ എഫ്സിക്കും തങ്ങളുടെ രണ്ടാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മുഴുവന്‍ സമയവും കളം നിറഞ്ഞ് കളിച്ച ജാംഷെഡ്പൂരിന്റെ മെഹ്താബ് ഹുസൈനാണ് കളിയിലെ താരം. ഗോൾ അകന്നുനിന്ന മൽസരത്തിൽ മുന്നേറ്റങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആദ്യ മൽസരത്തെക്കാൾ മികവുകാട്ടി. എന്നാൽ കൂടുതൽ സമയവും പന്ത് ബ്ലാസ്റ്റേഴ്സിന്റെ കൈവശമായിരുന്നിട്ടും ഗോളിനായുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 57-ാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ഇയാൻ ഹ്യൂം പാഴാക്കി.
പോസ്റ്റിനു മുന്നിൽ മിന്നൽ സേവുകളുമായി ഗോളി പോൾ റച്ചുബ്ക്ക കേരളത്തിന്റെ രക്ഷകനായി മാറുകയായിരുന്നു. അതേസമയം ഹോംഗ്രൗണ്ടിൽ തുടർച്ചയായുള്ള രണ്ടാം സമനില ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്രയെ കാര്യമായി ബാധിക്കും
രണ്ടു പോയിന്റുകൾ മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.