NewsSpecial

2017 നവംബർ 26 ലെ പ്രധാനമന്ത്രിയുടെ മൻ കി ബാതിന്റെ മലയാള പരിഭാഷ

എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്ക് നമസ്‌കാരം. കുറച്ചു മുമ്പ് എനിക്ക് കര്‍ണ്ണാടകയില്‍ നിന്നുള്ള കുട്ടിക്കൂട്ടുകാരോട് പരോക്ഷമായി സംവദിക്കാനുള്ള അവസരം ലഭിച്ചു. ടൈംസ് ഗ്രൂപ്പിന്റെ ‘വിജയ് കര്‍ണ്ണാടക’ ദിനപ്പത്രം ബാലദിനം പ്രമാണിച്ച് നടത്തിയ ഒരു പരിപാടിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ അവര്‍ കുട്ടികളോട് അഭ്യര്‍ഥിച്ചു. എന്നിട്ട് അവര്‍ തിരഞ്ഞെടുത്ത കത്തുകള്‍ പ്രസിദ്ധീകരിച്ചു. ആ കത്തുകള്‍ വായിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. ഈ കൊച്ചു കുട്ടികളും രാജ്യത്തിന്റെ പ്രശ്‌നങ്ങളെ അറിയുന്നു. രാജ്യത്തു നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചും അവര്‍ക്കറിയാം. പല വിഷയങ്ങളെക്കുറിച്ച് കുട്ടികളെഴുതി. ഉത്തരകന്നടയില്‍ നിന്നുള്ള കീര്‍ത്തി ഹെഗ്‌ഡേ… ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി പദ്ധതികളെ അഭിനന്ദിച്ചുകൊണ്ട് ആ കുട്ടി അഭിപ്രായപ്പെടുന്നത് നമ്മുടെ വിദ്യാഭ്യാസപദ്ധതില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നാണ്. ഇക്കാലത്തെ കുട്ടികള്‍ ക്ലാസ് റൂം റീഡിംഗ് ഇഷ്ടപ്പെടുന്നില്ല, അവര്‍ക്ക് പ്രകൃതിയെക്കുറിച്ച് അറിയുന്നതാണ് ഇഷ്ടമുള്ള കാര്യമെന്നും ആ കുട്ടി പറയുന്നു. നാം കുട്ടികള്‍ക്ക് പ്രകൃതിയെക്കുറിച്ചുള്ള അറിവു നല്കുമെങ്കില്‍ ഒരുപക്ഷേ, പരിസ്ഥിതിയുടെ രക്ഷയ്ക്ക് ഭാവിയില്‍ അത് വളരെ ഗുണം ചെയ്‌തേക്കാം.

ലക്ഷ്‌മേശ്വര എന്ന സ്ഥലത്തുനിന്നുള്ള റീഡാ നദാഫ് എന്ന കുട്ടി എഴുതുന്നു, അവളൊരു സൈനികന്റെ മകളാണെന്നതില്‍ അഭിമാനിക്കുന്നു എന്ന്. നമ്മുടെ സൈനികരില്‍ അഭിമാനിക്കാത്ത ഏതു ഭാരതീയനാണുണ്ടാവുക! പിന്നെ സൈനികന്റെ മകളും കൂടിയാണെങ്കില്‍ അഭിമാനിക്കുക വളരെ സ്വാഭാവികമാണ്. കല്‍ബുര്‍ഗിയില്‍ നിന്നുള്ള ഇര്‍ഫാന ബേഗം എഴുതിയിരിക്കുന്നത് സ്‌കൂള്‍ വീട്ടില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരെയാണ്, അതുകൊണ്ട് വീട്ടില്‍ നിന്ന് നേരത്തേ പുറപ്പെടേണ്ടി വരുന്നു, വീട്ടില്‍ തിരിച്ചെത്താനും വളരെ വൈകി രാത്രിയാകുന്നു എന്നാണ്. അതുകൊണ്ട് കൂട്ടുകാരുടെ കൂടെ സമയം ചിലവഴിക്കാനും സാധിക്കുന്നില്ലെന്നു പറയുന്നു. അടുത്ത് സ്‌കൂളുണ്ടാകണമെന്ന് ആ കുട്ടി അഭിപ്രായപ്പെടുന്നു. പക്ഷേ, ആ പത്രസ്ഥാപനം ആ കത്തുകള്‍ എന്റെ അടുത്തെത്താന്‍ വേണ്ടതു ചെയ്തുവെന്നത് എനിക്കു വളരെ ഇഷ്ടപ്പെട്ടു, അതുകൊണ്ട് എനിക്ക് ആ കത്തുകള്‍ വായിക്കാന്‍ സാധിച്ചു. എനിക്ക് അതൊരു നല്ല അനുഭവമായി.

പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് 26/11 ആണ്. 26 നവംബര്‍ നമ്മുടെ ഭരണഘടനാ ദിനമാണ്. 1949 ല്‍ ഇതേ ദിവസമാണ് ഭരണഘടനാനിര്‍മ്മാണ സഭ ഭാരതത്തിന്റെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് ഭരണഘടന നിലവില്‍ വന്നു, അതുകൊണ്ട് നാം അന്നത്തെ ദിവസം ഗണതന്ത്ര ദിവസം അതായത് റിപ്പബ്ലിക് ഡേ ആയി ആഘോഷിക്കുന്നു. ഭാരതത്തിന്റെ ഭരണഘടന നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവാണ്. ഇന്നത്തെ ദിവസം ഭരണഘടനാനിര്‍മ്മാണ സഭയിലെ അംഗങ്ങളെ ഓര്‍മ്മിക്കേണ്ട ദിവസമാണ്. അവര്‍ ഭാരതത്തിന്റെ ഭരണഘടന നിര്‍മ്മിക്കാന്‍ ഏകദേശം മൂന്നു വര്‍ഷത്തോളം അധ്വാനിച്ചു. ഈ ചര്‍ച്ചയെക്കുറിച്ചു വായിക്കുന്നവര്‍ക്ക് രാഷ്ട്രത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടവരുടെ ചിന്താഗതി എന്തായിരുന്നുവെന്നോര്‍ത്ത് അഭിമാനം തോന്നും. വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉണ്ടാക്കാന്‍ അവര്‍ എത്രത്തോളം കഠിന പരിശ്രമം ചെയ്തു എന്ന് നമുക്ക് സങ്കല്പിക്കാനാകുമോ? രാജ്യം അടിമത്തത്തിന്റെ ചങ്ങലയില്‍ നിന്നും മോചനം നേടുമ്പോള്‍ അവര്‍ എത്രത്തോളം കാര്യവിവേചനശേഷി, ദീര്‍ഘവീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ടാകും! ഈ ഭരണഘടനയുടെ വെളിച്ചത്തില്‍ ഭരണഘടനാനിര്‍മ്മാതാക്കളുടെ, ആ മഹാപുരുഷന്മാരുടെ ചിന്താഗതികളുടെ വെളിച്ചത്തില്‍ പുതിയ ഭാരതം നിര്‍മ്മിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

നമ്മുടെ ഭരണഘടന വളരെ വിശാലമാണ്. അത് സ്പര്‍ശിക്കാത്ത ജീവിതത്തിലെ ഒരു മേഖലയുമില്ല, പ്രകൃതിയിലെ ഒരു വിഷയവുമില്ല. എല്ലാവര്‍ക്കും സമത്വവും, എല്ലാവരോടും സഹാനുഭൂതിയും എന്നത് നമ്മുടെ ഭരണഘടനയുടെ മുഖമുദ്രയാണ്. എല്ലാ പൗരന്മാരുടെയും, ദരിദ്രനാണെങ്കിലും ദലിതനാണെങ്കിലും, പിന്നോക്കം നില്‍ക്കുന്നയാളാണെങ്കിലും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടയാളാണെങ്കിലും, ആദിവാസിയാണെങ്കിലും സ്ത്രീകളാണെങ്കിലും… എല്ലാവരുടെയും അടിസ്ഥാന അവകാശങ്ങളെ കാത്തുരക്ഷിക്കുന്നു, അവരുടെ ഹിതങ്ങള്‍ കാത്തുരക്ഷിക്കുന്നു. ഭരണഘടന അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണ്. പൗരനാണെങ്കിലും ഭരണാധികാരിയാണെങ്കിലും ഭരണഘടനയുടെ വികാരം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങണം. ആര്‍ക്കും ഒരു തരത്തിലുമുള്ള ക്ഷതിയുണ്ടാകാന്‍ പാടില്ല എന്നതാണ് നമ്മുടെ ഭരണഘടനയുടെ സന്ദേശം. ഇന്ന് ഭരണഘടനാ ദിനത്തിന്റെ അവസരത്തില്‍ ഡോ.ബാബാ സാഹബ് അംബേദ്കറെ ഓര്‍മ്മ വരുക സ്വാഭാവികമാണ്.

ഈ ഭരണഘടനാനിര്‍മ്മാണ സഭയില്‍ പ്രധാനപ്പെട്ട വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി 17 വെവ്വേറെ സമിതികള്‍ രൂപീകരിക്കപ്പെട്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സമിതികളില്‍ ഒന്ന് ഡ്രാഫ്റ്റിംഗ് കമ്മറ്റിയായിരുന്നു. ഡോ.ബാബാ സാഹബ് അംബേദ്്കര്‍ ഭരണഘടനയുടെ ആ ഡ്രാഫ്റ്റിംഗ് സമിതിയുടെ അധ്യക്ഷനായിരുന്നു. ഒരു മഹത്തായ പങ്ക് നിര്‍വ്വഹിക്കയായിരുന്നു അദ്ദേഹം. ഇന്നു നാം ഭാരതത്തിന്റെ ഏതൊരു ഭരണഘടനയുടെ പേരിലാണോ അഭിമാനിക്കുന്നത്, അതിന്റെ രൂപീകരണത്തില്‍ ബാബാ സാഹബ് അംബേദ്കറുടെ നൈപുണ്യമാര്‍ന്ന നേതൃത്വത്തിന്റെ മായാത്ത മുദ്ര പതിഞ്ഞിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നന്മയുണ്ടാകണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ഡിസംബര്‍ 6 ന്, അദ്ദേഹത്തിന്റെ മഹാനിര്‍വ്വാണത്തിന്റെ ദിനത്തില്‍ നാം പതിവുപോലെ അദ്ദേഹത്തെ ഓര്‍മ്മിക്കുകയും നമിക്കുകയും ചെയ്യുന്നു. രാജ്യത്തെ സമൃദ്ധവും ശക്തിയുള്ളതുമാക്കുന്നതില്‍ ബാബാ സാഹബിന്റെ സംഭാവന അവിസ്മരണീയമാണ്.

ഡിസംബര്‍ 15 സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ പുണ്യദിനമാണ്. സര്‍ദാര്‍ പട്ടേല്‍ കര്‍ഷകപുത്രനില്‍ നിന്നും രാജ്യത്തെ ഉരുക്കുമനുഷ്യനായി മാറി. അദ്ദേഹം രാജ്യത്തെ ഒരു ചരടില്‍ കോര്‍ക്കുകയെന്ന വളരെ അസാധാരണമായ കൃത്യം നിര്‍വ്വഹിച്ചു. സര്‍ദാര്‍ സാഹബും ഭരണഘടനാനിര്‍മ്മാണ സഭയിലെ അംഗമായിരുന്നു. അടിസ്ഥാന അവകാശങ്ങള്‍, മൗലികാവകാശങ്ങള്‍, ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ക്ഷേമം എന്നിവയ്ക്കായി ഉണ്ടാക്കിയ ഉപദേശക സമിതികളുടെ അധ്യക്ഷനുമായിരുന്നു.

26/11 നമ്മുടെ ഭരണഘടനാദിനമാണ്. പക്ഷേ, ഒമ്പതു വര്‍ഷം മുമ്പ് 26/11 ന് ഭീകരവാദികള്‍ മുംബൈയുടെ നേരെ ആക്രമണം അഴിച്ചുവിട്ടത് നമുക്കെങ്ങനെ മറക്കാനാകും. ധീരരായ പൗരന്മാരെയും പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അന്ന് ജീവന്‍ നഷ്ടപ്പെട്ട മറ്റെല്ലാവരെയും ഓര്‍മ്മിക്കുകയും അവരെ നമിക്കുകയും ചെയ്യുന്നു. ഈ രാജ്യത്തിന് ഒരിക്കലും അവരുടെ ബലിദാനത്തെ മറക്കുവാനാകില്ല. ഭീകരവാദം ഇന്നു ലോകത്തിന്റെ എല്ലാ ഭാഗത്തും, ഒരു തരത്തില്‍ ദിവസേന ഉണ്ടാകുന്ന സംഭവമായി ഒരു അതിഭയങ്കരമായ രൂപം കൈക്കൊണ്ടിരിക്കയാണ്. നാം, ഭാരതത്തില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി ഭീകരവാദം കാരണം വളരെയധികം കഷ്ടത അനുഭവിക്കുകയാണ്. നമ്മുടെ ആയിരക്കണക്കിന് നിരപരാധികളായ ആളുകള്‍ തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി.

എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, ഭാരതം ലോകത്തിന്റെ മുന്നില്‍ ഭീകരവാദത്തെക്കുറിച്ചു പറയുമ്പോള്‍, ഭീകരവാദത്തിന്റെ ഭയങ്കരമായ അപകടത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ലോകത്തില്‍ പലരും അത് ഗൗരവത്തിലെടുക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാലിന്ന് ഭീകരവാദം അവരുടെ സ്വന്തം വാതില്‍ക്കല്‍ മുട്ടുമ്പോള്‍, ലോകത്തിലെ എല്ലാ സര്‍ക്കാരുകളും, മാനവവികതയില്‍ വിശ്വസിക്കുന്ന എല്ലാവരും, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ സര്‍ക്കാരുകളും, ഭീകരവാദത്തെ ഒരു വലിയ വെല്ലുവിളിയായി കാണുന്നു. ഭീകവാദം ലോകത്തിലെ മാനവികതയെയാണു വെല്ലുവിളിക്കുന്നത്.

ഭീകരവാദം മാനവവാദത്തെ വെല്ലുവിളിച്ചിരിക്കയാണ്. മാനുഷിക ശക്തികളെ ഇല്ലാതെയാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കയാണ്. അതുകൊണ്ട് കേവലം ഭാരതം മാത്രമല്ല, ലോകത്തിലെ എല്ലാ മാനവീയ ശക്തികളും ഒരുമിച്ചു ചേര്‍ന്ന് ഭീകരവാദത്തെ പരാജയപ്പെടുത്തുകതന്നെ വേണം. ഭഗവാന്‍ ബുദ്ധന്‍, ഭഗാവന്‍ മഹാവീരന്‍, ഗുരുനാനക്, മഹാത്മാ ഗാന്ധി എന്നിവരിലൂടെ ലോകത്തിന് അഹിംസയുടെയും സ്‌നേഹത്തിന്റെയും സന്ദേശം നല്കിയ ഭൂമിയാണിത്. ഭീകരവാദവും തീവ്രവാദവും നമ്മുടെ സാമൂഹിക ബന്ധങ്ങളെ ദുര്‍ബ്ബലപ്പെടുത്തി ഛിന്നഭിന്നമാക്കാനുള്ള ക്രൂരമായ പ്രയത്‌നം നടത്തുന്നു. അതുകൊണ്ട് മാനവീയ ശക്തികള്‍ കൂടുതല്‍ ജാഗ്രതപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഡിസംബര്‍ നാവിന് നാമെല്ലാം നേവി ഡേ, നാവികസേനാ ദിനം ആഘോഷിക്കും. ഭാരതീയ നാവികസേന, നമ്മുടെ സമുദ്രതീരത്തിന്റെ സുരക്ഷ കാക്കുന്നു. നാവിക സേനയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഞാന്‍ ഈ അവസരത്തില്‍ ആശംസകള്‍ നേരുന്നു. നമ്മുടെ സംസ്‌കാരം വളര്‍ന്നത് നദിതടങ്ങളിലാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരിക്കും. സിന്ധുവാണെങ്കിലും, ഗംഗയാണെങ്കിലും, യമുനയാണെങ്കിലും, സരസ്വതിയാണെങ്കിലും നമ്മുടെ നദികളും സമുദ്രവും സാമ്പത്തികവും യുദ്ധതന്ത്രപരവുമായ വീക്ഷണത്തില്‍ പ്രധാനപ്പെട്ടവയാണ്. ഇവ ലോകത്തിലേക്കുള്ള നമ്മുടെ കവാടങ്ങളാണ്. ഈ രാജ്യത്തിന്, നമ്മുടെ ഈ ഭൂമിക്ക,് മഹാസമുദ്രങ്ങളുമായി അഭേദ്യമായ ബന്ധമാണുള്ളത്. നാം ചരിത്രത്തിലേക്കു കണ്ണോടിച്ചാല്‍ 800-900 വര്‍ഷങ്ങള്‍ക്കു മുമ്പ് ചോളവംശം നിലനിന്ന കാലത്ത് ചോള നാവിക സേന ഏറ്റവും ശക്തിയുള്ള നാവിക സൈന്യമായി കണക്കാക്കപ്പെട്ടിരുന്നു. ചോളസാമ്രാജ്യത്തിന്റെ വളര്‍ച്ചയില്‍, അവരെ അക്കാലത്തെ സാമ്പത്തിക മഹാശക്തിയാക്കുന്നതില്‍ അവരുടെ നാവികസേനയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. ചോള നാവികസൈന്യത്തിന്റെ മുന്നേറ്റങ്ങളുടെയും അന്വേഷണ യാത്രകളുടെയും അനേകം ഉദാഹരണങ്ങള്‍ സംഘസാഹിത്യത്തില്‍ കാണാവുന്നതാണ്. ലോകത്തിലെ ഭൂരിപക്ഷം നാവിക സേനകളും വളരെ വൈകി യുദ്ധനൗകകളില്‍ സ്തീകളെ അനുവദിച്ചിരുന്നുള്ളുവെന്നു വളരെ കുറച്ചുപേര്‍ക്കേ അറിയാമായിരിക്കുകയുള്ളൂ. എന്നാല്‍ ചോള നാവികസേനയില്‍, അതും 800-900 വര്‍ഷങ്ങള്‍ക്കു മുമ്പ്, വളരെയധികം സ്ത്രീകള്‍ മഹത്തായ പങ്കു വഹിച്ചിരുന്നു. സ്ത്രീകള്‍ യുദ്ധത്തില്‍ പോലും പങ്കെടുത്തിരുന്നു. ചോള ഭരണാധികാരികള്‍ക്ക് കപ്പല്‍ നിര്‍മ്മാണത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. നാം നാവിക സേനയെക്കുറിച്ചു പറയുമ്പോള്‍ ഛത്രപതി ശിവജി മഹാരാജിനെയും നാവിക സേനയുണ്ടാക്കുന്നതില്‍ അദ്ദേഹം കാട്ടിയ സാമര്‍ഥ്യവും ആര്‍ക്കു മറക്കാനാകും.

കൊങ്കണ്‍ തീരം ശിവാജി മഹാരാജിന്റെ രാജ്യത്തിലായിരുന്നു. ശിവാജി മഹാരാജുമായി ബന്ധപ്പെട്ട സിന്ധുദുര്‍ഗ്ഗം, മുരുഡ് ജംജിരാ, സ്വര്‍ണ്ണ ദുര്‍ഗ്ഗം തുടങ്ങിയ അനേകം കോട്ടകള്‍, ഒന്നുകില്‍ സമുദ്ര തീരത്തായിരുന്നു, അല്ലെങ്കില്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ടായിരുന്നു. ഈ കോട്ടകളുടെ സുരക്ഷിതത്വം കാത്തിരുന്നത് മറാഠാ നാവിക സേനയായിരുന്നു. മറാഠാ നാവിക സേനയില്‍ വലിയ വലിയ കപ്പലുകളും ചെറിയ ചെറിയ നൗകകളുമുണ്ടായിരുന്നു. അവരുടെ നാവികസേന ഏതൊരു ശത്രുവിനെയും ആക്രമിക്കുന്നതിനും, ശത്രുക്കളില്‍ നിന്നും രാജ്യത്തെ കാക്കുന്നതിനും വളരെ കഴിവുള്ളവരായിരുന്നു. നാം മറാഠാ നാവികസേനയെക്കുറിച്ചോര്‍ക്കുമ്പോള്‍ കാന്‌ഹോജി ആംഗ്രേയെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? അദ്ദേഹം മറാഠാ നാവിക സേനയെ ഒരു പുതിയ തലത്തിലെത്തിക്കുകയും പല സ്ഥലങ്ങളിലും മറാഠാ നാവിക സേനയുടെ താവളങ്ങളുണ്ടാക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ ഭാരതീയ നാവിക സേന വിവിധ സന്ദര്‍ഭങ്ങളില്‍, ഗോവയുടെ വിമോചന മുന്നേറ്റത്തിലാണെങ്കിലും, 1971 ലെ ഭാരത പാകിസ്ഥാന്‍ യുദ്ധത്തിലാണെങ്കിലും, തങ്ങളുടെ പരാക്രമം പ്രകടിപ്പിക്കയുണ്ടായി. നാം നാവിക സേനയുടെ കാര്യം പറയുമ്പോള്‍ യുദ്ധമാണു കണ്ണില്‍ പെടുന്നത്, പക്ഷേ, ഭാരതത്തിന്റെ നാവിക സേന, മാനുഷികമായ കാര്യങ്ങളിലും അത്രതന്നെ ഉത്സാഹത്തോടെ മുന്നോട്ടു വന്നിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ബംഗ്ലാദേശിലും മ്യാന്‍മാറിലും മോറ ചുഴലിക്കാറ്റ് ആപത്തു വിതച്ചപ്പോള്‍ നമ്മുടെ നാവിക സേനയുടെ ഐ.എന്‍.എസ്. സുമിത്ര എന്ന കപ്പല്‍ ഉടന്‍ ആളുകളെ രക്ഷിക്കാന്‍ സഹായമേകി, മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന എത്രയോ പേരെ കടലില്‍ നിന്ന് സുരക്ഷിതരായി ബംഗ്ലാദേശിന് കൈമാറി. ഈ വര്‍ഷം മെയ്-ജൂണില്‍ ശ്രീലങ്കയില്‍ വലിയ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ നമ്മുടെ നാവിക സേനയുടെ മൂന്നു കപ്പലുകള്‍ ഉടന്‍ അവിടെ എത്തി അവിടത്തെ സര്‍ക്കാരിനും ജനങ്ങള്‍ക്കും സഹായമേകി.

ബംഗ്ലാദേശില്‍ സെപ്റ്റംബറില്‍ രോഹിങ്ഗ്യാ പ്രശ്‌നത്തില്‍ നമ്മുടെ നാവിക സൈന്യത്തിന്റെ കപ്പല്‍ ഐ.എന്‍.എസ്.ഘഡിയാല്‍ മാനുഷികസഹായം എത്തിച്ചുകൊടുത്തു. ജൂണ്‍ മാസത്തില്‍ പാപ്വാ ന്യൂ ഗിനിയയുടെ സര്‍ക്കാര്‍ അപകട സന്ദേശം നല്കിയപ്പോള്‍ അവരുടെ മത്സ്യബന്ധനബോട്ടിലെ മത്സ്യബന്ധനക്കാരെ രക്ഷിക്കുന്നതില്‍ നമ്മുടെ നാവിക സേന സഹായമേകി. നവംബര്‍ 21 ന് പശ്ചിമ ഗള്‍ഫില്‍ ഒരു വ്യാപാരക്കപ്പല്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ ഐഎന്‍എസ് ത്രികണ്ഡ് സഹായത്തിനായിട്ടെത്തി. ഫ്യുജിയിലേക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിക്കാനാണെങ്കിലും, ഉടന്‍ രക്ഷസഹായം എത്തിക്കാനാണെങ്കിലും, അയല്‍ രാജ്യത്തിന് അപകട സമയത്ത് മാനുഷികമായ സഹായം എത്തിക്കാനാണെങ്കിലും നമ്മുടെ നാവികസേന അഭിമാനാര്‍ഹമായ പ്രവര്‍ത്തനമാണു നടത്തിപോന്നിട്ടുള്ളത്.

നാം ഭാരതവാസികള്‍ നമ്മുടെ സുരക്ഷാ സൈനികരുടെ കാര്യത്തില്‍ എപ്പോഴും അഭിമാനിക്കയും അവരോട് ആദരവുള്ളവരായിരിക്കയും ചെയ്യുന്നു. അത് കരസേനയാണെങ്കിലും, നാവികസേനയാണെങ്കിലും വ്യോമസേനയാണെങ്കിലും… നമ്മുടെ ജവാന്മാരുടെ ധൈര്യം, വീരത, ശൗര്യം, പരാക്രമം, ബലിദാനം എന്നിവയുടെ പേരില്‍ എല്ലാ ഭാരതീയരും അവരെ നമിക്കുന്നു. നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങള്‍ക്ക് സുഖമായും സമാധാനമായും ജീവിക്കുന്നതിന് അവര്‍ തങ്ങളുടെ യുവത്വം രാജ്യത്തിനുവേണ്ടി ബലികഴിക്കുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ 7 ന് കരസേനാ പതാക ദിനം ആഘോഷിക്കുന്നു. രാജ്യത്തെ സൈനികരുടെ കാര്യത്തില്‍ അഭിമാനിക്കാനും അവരോട് ആദരവു പ്രകടിപ്പിക്കാനുമുള്ള ദിനമാണിത്. ഇപ്രാവശ്യം പ്രതിരോധമന്ത്രാലയം ഡിസംബര്‍ 1 മുതല്‍ 7 വരെ ഒരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നതില്‍ എനിക്കു സന്തോഷമുണ്ട്. രാജ്യത്തെ പൗരന്മാരുടെ അടുത്തെത്തി സായുധ സൈനികരെക്കുറിച്ച് ആളുകള്‍ക്ക് അറിവു പകരുക, ആളുകളെ ബോധവത്കരിക്കുക എന്നതാണു പരിപാടി. ആഴ്ചയില്‍ മുഴുവനും കുട്ടികളും മുതിര്‍ന്നവരും പതാക ധരിക്കണം.

രാജ്യത്ത് സൈന്യത്തോട് ബഹുമാനത്തിന്റെ ഒരു മുന്നേറ്റം ഉണ്ടാകണം. ഈ അവസരത്തില്‍ സായുധ സേനാ പതാകകള്‍ വിതരണം ചെയ്യാവുന്നതാണ്. അടുത്ത് പരിചയക്കാരായ സൈനികരുടെ അനുഭവങ്ങള്‍, ധീര പ്രവൃത്തികള്‍, അവരുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും, #armedforcesflagday (ഹാഷ്ടാഗ് ആംഡ് ഫോഴ്‌സസ് ഫ്‌ളാഗ് ഡേ) യില്‍ പോസ്റ്റ് ചെയ്യാം. സ്‌കൂളുകളിലും കോളജുകളിലും സൈനികരെ വിളിച്ച് അവരില്‍ നിന്ന് സൈന്യത്തെക്കുറിച്ച് അറിവു നേടാവുന്നതാണ്. നമ്മുടെ പുതിയ തലമുറയ്ക്ക് സൈന്യത്തെക്കുറിച്ച് അറിവു നേടാനുള്ള നല്ല അവസരമാക്കി ഇതിനെ മാറ്റാം. ഈ അവസരം നമ്മുടെ സായുധ സേനകളിലെ എല്ലാ ജവാന്മാരുടെയും നന്മയ്ക്കായി ധനം സംഭരിക്കാനുള്ളതാണ്. ഈ ധനം സൈനികക്ഷേമ ബോര്‍ഡ് വഴിയായി യുദ്ധത്തില്‍ വീരസ്വര്‍ഗ്ഗം പ്രാപിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക്, മുറിവേറ്റ സൈനികരുടെ സഹായത്തിനായി, അവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കപ്പെടുന്നു.

സാമ്പത്തിക സഹായം നല്കുന്നതിന് വിവിധമാര്‍ഗ്ഗങ്ങളുള്ളതിനെക്കുറിച്ച് കെഎസ്ബി.ജിഓവി.ഇന്‍ (ksb.gov.in) വിവരങ്ങള്‍ ലഭിക്കുന്നതാണ്. കാഷ്‌ലെസ് പേയ്‌മെന്റും നടത്താവുന്നതാണ്. വരൂ, ഈ അവസരത്തില്‍ നമ്മുടെ സായുധ സൈനികരുടെ മനോബലമേറുന്ന ചിലതു നമുക്കു ചെയ്യാം. അവരുടെ നന്മയ്ക്കായി നമുക്കും നമ്മുടേതായ സംഭാവന നല്കാം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഡിസംബര്‍ 5 ലോക മണ്ണ് ദിനമാണ്. വേള്‍ഡ് സോയില്‍ ഡേ. ഞാന്‍ നമ്മുടെ കര്‍ഷക സഹോദരീ സഹോദരന്മാരോടും ചിലതു പറയാനാഗ്രഹിക്കുന്നു. ഭൂമിയുടെ ഒരു മഹത്തായ ഭാഗമാണ് മണ്ണ്. നാം കഴിക്കുന്നതെല്ലാം ഈ മണ്ണുമായി ബന്ധപ്പെട്ടതാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ആഹാരശൃംഖല ഒന്നാകെ മണ്ണുമായി ബന്ധപ്പെട്ടതാണ്. ഈ ലോകത്ത് വിളവുണ്ടാക്കുന്ന മണ്ണില്ലെങ്കില്‍ എന്താകും സംഭവിക്കുകയെന്നു സങ്കല്പ്പിച്ചു നോക്കൂ. ആലോചിക്കുമ്പോള്‍ത്തന്നെ ഭയമാകുന്നു. മണ്ണില്ലെങ്കില്‍ ചെടികളും മരങ്ങളും മുളയ്ക്കില്ല, എന്നായാല്‍ മനുഷ്യ ജീവന്‍ എങ്ങനെ സാധിക്കും? ജീവജാലങ്ങളെങ്ങനെയുണ്ടാകും? നമ്മുടെ സംസ്‌കാരത്തില്‍ ഇതെക്കുറിച്ച് വളരെ മുമ്പേതന്നെ ആലോചിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ നാം മണ്ണിന്റെ മഹത്വത്തെക്കുറിച്ച് പ്രാചീനകാലം മുതല്‍ക്കേ ജാഗരൂകരാണ്. നമ്മുടെ സംസ്‌കാരത്തില്‍ ഒരു വശത്ത് കൃഷിഭൂമിയോട്, മണ്ണിനോട്, ഭക്തിയും കൃതജ്ഞതയും ഉണ്ടായിരിക്കാന്‍ സ്വാഭാവികമായ ശ്രമമുണ്ട്. മറുവശത്ത് മണ്ണിനു പോഷണം ലഭിച്ചുകൊണ്ടേയിരിക്കാന്‍ ശാസ്ത്രീയമായ പദ്ധതികള്‍ ജീവിതത്തിന്റെ ഭാഗംതന്നെയായിരുന്നു. ഈ രാജ്യത്തെ കര്‍ഷകരുടെ ജീവിതത്തില്‍ രണ്ടു കാര്യങ്ങള്‍ പ്രധാനപ്പെട്ടവയായിരുന്നു – മണ്ണിനോടു ഭക്തിയും ശാസ്ത്രീയമായ രീതിയില്‍ മണ്ണിനെ പരിപാലിക്കലും. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒപ്പം ആധുനിക ശാസ്ത്രത്തോട് താത്പര്യം പുലര്‍ത്തുന്നു, അതിനായി ശ്രമിക്കുന്നു, യുക്തമായ തീരുമാനങ്ങളെടുക്കുന്നു എന്നതില്‍ നമുക്കഭിമാനമുണ്ട്. ഞാന്‍ ഹിമാചല്‍ പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലെ ഭോരംഡ് ബ്ലോക്കിലെ ടേഹൂ ഗ്രാമത്തിലെ കര്‍ഷകരെക്കുറിച്ചു കേട്ടു. ഇവിടെ കര്‍ഷകര്‍ മുമ്പ് അസന്തുലിതമായ രീതിയില്‍ രാസവളങ്ങള്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് ഭൂമിയുടെ ആരോഗ്യം നഷ്ടമായി. വിളവു കുറഞ്ഞുവന്നു, അതുകൊണ്ടുതന്നെ വരുമാനവും കുറഞ്ഞു. മണ്ണിന്റെ ഉത്പാദനശേഷി സാവധാനം കുറഞ്ഞു കുറഞ്ഞു വന്നു. ഗ്രാമത്തിലെ ചില കര്‍ഷകര്‍ ഈ സ്ഥിതിവിശേഷത്തിന്റെ ഗൗരവം മനസ്സിലാക്കുകയും അവര്‍ യഥാസമയം തങ്ങളുടെ മണ്ണുപരിശോധിപ്പിച്ച് എത്ര രാസവളം, മറ്റു വളങ്ങള്‍, മൈക്രോ ന്യൂട്രിയന്റ്, ജൈവവളം നല്കണമെന്ന കാര്യത്തില്‍ ലഭിച്ച ഉപദേശം മാനിക്കുകയും ചെയ്തു.

മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള പരിശോധനയില്‍ നിന്നു ലഭിച്ച അറിവുകാരണം എന്തുചെയ്യണമെന്നുള്ള ഉപദേശം നടപ്പിലാക്കിയതുകൊണ്ട് എന്തു പരിണതയുണ്ടായി എന്നു കേട്ടാല്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും. 2016-17 ല്‍ റാബി വിളവെടുപ്പില്‍ ഗോതമ്പിന്റെ ഉത്പാദനം ഏക്കറിന് മൂന്നു മുതല്‍ നാലിരട്ടി വരെ വര്‍ധനവുണ്ടായി. വരുമാനം നാലായിരം മുതല്‍ ആറായിരംരൂപ വരെ വര്‍ധിച്ചു. ഒപ്പം മണ്ണിന്റെ ഗുണവും വര്‍ധിച്ചു. രാസവളത്തിന്റെ ഉപയോഗം കുറഞ്ഞതു കാരണം സാമ്പത്തികമായും ലാഭമുണ്ടായി. എന്റെ കര്‍ഷക സഹോദരങ്ങള്‍ മണ്ണിന്റെ ആരോഗ്യ കാര്‍ഡില്‍ നല്കപ്പെട്ട ഉപദേശങ്ങള്‍ നടപ്പിലാക്കാന്‍ മുന്നോട്ടു വന്നുവെന്നതിലും നല്ല ഫലം ലഭിക്കുന്നതനുസരിച്ച് അവരുടെ ഉത്സാഹം വര്‍ധിക്കുന്നു എന്നതിലും എനിക്കു വളരെ സന്തോഷമുണ്ട്.

വിളവിനെക്കുറിച്ചു ചിന്തിക്കണമെങ്കില്‍ ആദ്യം ഭൂമാതാവിനെക്കുറിച്ചു ചിന്തവേണമെന്നും ഭൂമാതാവിനെ കാക്കാന്‍ തയ്യാറായാല്‍ ഭൂമാതാവ് നമ്മെയും കാക്കുമെന്നും കര്‍ഷകര്‍ക്കു തോന്നാന്‍ തുടങ്ങിയിരിക്കുന്നു. മണ്ണിനെ നന്നായി അറിയാനും അതനുസരിച്ച് വിളവിറക്കാനും രാജ്യമെങ്ങും നമ്മുടെ കര്‍ഷകര്‍ 10 കോടിയിലധികം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടാക്കിച്ചിട്ടുണ്ട്. നമുക്ക് ഭൂമാതാവിനോടു ഭക്തിയുണ്ട്, പക്ഷേ, യൂറിയ പോലുള്ള രാസവളങ്ങളിട്ട് ഭൂമാതാവിന്റെ ആരോഗ്യത്തിന് എത്ര ഹാനിയാണുണ്ടാക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ആവശ്യത്തിലധികം യൂറിയ ഉപയോഗിക്കുന്നതുകൊണ്ട് ഭൂമാതാവിന് ഗൗരവതരമായ ഹാനിയുണ്ടാകുന്നുവെന്ന് എല്ലാ തരത്തിലുമുള്ള ശാസ്ത്രീയരീതികളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ ഭൂമിപുത്രന്മാരാണ്, എന്നിരിക്കെ അവര്‍ക്ക് ഭൂമാതാവിനെ എങ്ങനെ രോഗിയായി കാണാനാകും? മാതൃ-പുത്രബന്ധം വീണ്ടും ഉണര്‍ത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇന്നു കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന യൂറിയയുടെ പകുതിയേ 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാകുമ്പോള്‍ ഉപയോഗിക്കൂ എന്ന് നമ്മുടെ കര്‍ഷകര്‍ക്ക്, നമ്മുടെ മണ്ണിന്റെ മക്കള്‍ക്ക് ഒരു തീരുമാനമെടുക്കാനാകുമോ? ഭൂമാതാവിന്റെ മക്കള്‍, എന്റെ കര്‍ഷകസഹോദരങ്ങള്‍ ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ ഭൂമാതാവിന്റെ ആരോഗ്യം മെച്ചപ്പടും, ഉത്പാദനം വര്‍ധിക്കും. കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റം വരാന്‍ തുടങ്ങും.

ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവ നമുക്കെല്ലാം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ദീപാവലിക്കു മുമ്പേ തണുപ്പു തുടങ്ങുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഡിസംബറിനു തുടക്കമായി, തണുപ്പ് സാവധാനം ചുവടുവച്ചുകടന്നുവരുകയായി. എന്നാല്‍ തണുപ്പു തുടങ്ങുമ്പോഴേക്കും, പുതപ്പിനു വെളിയിലേക്കു വരാന്‍തന്നെ നമുക്കു മടിയാകും എന്നതാണ് നമ്മുടെ അനുഭവം. എന്നാല്‍ അങ്ങനെയുള്ള കാലാവസ്ഥയിലും നിരന്തരം ജാഗ്രതയോടെയിരിക്കുന്ന ആളുകള്‍ എങ്ങനെയുള്ള ഫലമാണുണ്ടാക്കുന്നതെന്നത് നമുക്കേവര്‍ക്കും പ്രേരണയേകുന്നതാണ്. നിങ്ങള്‍ക്കും കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും. മധ്യപ്രദേശിലെ എട്ടു വയസ്സുകാരനായ ദിവ്യാംഗ ബാലന്‍ തുഷാര്‍ ഗ്രാമത്തെ വെളിയിട വിസര്‍ജ്ജനത്തില്‍ നിന്നു മോചിപ്പിക്കയെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. ഇത്രയും വിശാലമായ ജോലി, ഇത്രയും ചെറിയ കുട്ടി! എന്നാല്‍ ഉത്സാഹവും ദൃഢനിശ്ചയവും എത്രയോ ഇരട്ടിയായിരുന്നു, ബൃഹത്തായിരുന്നു, ശക്തമായിരുന്നു.

8 വയസ്സ് പ്രായമുള്ള സംസാരശേഷിയില്ലാത്ത കുട്ടി, വിസിലിനെ തന്റെ ആയുധമാക്കി. രാവിലെ 5 മണിക്കെഴുന്നേറ്റ്, ഗ്രാമത്തിലെ വീടുകളില്‍ കയറിയിറങ്ങി, വിസിലടിച്ച് ആളുകളെ ഉണര്‍ത്തി കൈയാംഗ്യം കൊണ്ട് തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യരുതെന്ന പാഠം പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. എല്ലാ ദിവസവും 30-40 വീടുകളില്‍ പോയി ശുചിത്വത്തെക്കുറിച്ചു പഠിപ്പിക്കുന്ന ഈ ബാലന്‍ കാരണം കുമ്ഹാരി ഗ്രാമം വെളിയിട വിസര്‍ജ്ജനത്തില്‍ നിന്നു മുക്തമായി. ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ആ ചെറിയ ബാലന്‍ തുഷാര്‍ പ്രേരണപ്രദമായ കാര്യം ചെയ്തു. ശുചിത്വത്തിന് ഒരു പ്രായവുമില്ല, പരിധിയുമില്ല എന്നാണ് ഇതു കാണിക്കുന്നത്. കുട്ടിയാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും, സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ശുചിത്വം എല്ലാവര്‍ക്കും ആവശ്യമാണ്, ശുചിത്വത്തിനായി എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുമുണ്ട്.

നമ്മുടെ ദിവ്യാംഗരായ സഹോദരീ സഹോദരന്മാര്‍ ദൃഢനിശ്ചയമുള്ളവരാണ്, കഴിവുള്ളവരാണ്, ധൈര്യമുള്ളവരാണ്. അനുനിമിഷം നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ലഭിക്കുന്നു. ഇന്ന് അവര്‍ എല്ലാ മേഖലകളിലും നന്നായി പ്രവര്‍ത്തിക്കുന്നു. സ്‌പോര്‍ട്‌സ് രംഗത്താണെങ്കിലും, ഏതെങ്കിലും മത്സരത്തിലാണെങ്കിലും, ഏതെങ്കിലും സാമൂഹികമായ ചുവടുവയ്പ്പാണെങ്കിലും നമ്മുടെ ദിവ്യാംഗരായ ആളുകളും ആരെക്കാളും പിന്നിലല്ല. നമ്മുടെ ദിവ്യാംഗരായ കളിക്കാര്‍ റിയോ ഒളിമ്പിക്‌സില്‍ നല്ല പ്രകടനം കാഴ്ചവച്ച് 4 മെഡലുകള്‍ നേടിയിരുന്നു, അന്ധരുടെ ടി-20 ക്രിക്കറ്റ് ലോകകപ്പിലും ചാമ്പ്യന്മാരായത് നിങ്ങള്‍ക്കേവര്‍ക്കും ഓര്‍മ്മയുണ്ടാകും. രാജ്യമെങ്ങും വിവിധ തരത്തിലുള്ള മത്സരങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ദിവസം ഉദയപ്പൂരില്‍ പതിനേഴാമത് ദേശീയ പാരാ നീന്തല്‍ മത്സരം നടക്കുകയുണ്ടായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന നമ്മുടെ യുവ ദിവ്യാംഗരായ സഹോദരീ സഹോദരന്മാര്‍ ഇതില്‍ പങ്കെടുക്കുകയും തങ്ങളുടെ നൈപുണ്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അവരിലൊരാളാണ് ഗുജറാത്തില്‍ നിന്നുള്ള ജിഗര്‍ ഠക്കര്‍. അദ്ദേഹത്തിന്റെ ശരീരത്തിന്റെ 80 ശതമാനം ഭാഗത്ത് മാംസപേശികളില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ധൈര്യവും ദൃഢനിശ്ചയവും അധ്വാനക്ഷമതയും കാണേണ്ടതു തന്നെയാണ്. 80 ശതമാനവും മാംസപേശിയില്ലാത്തയാള്‍ 11 മെഡലുകളാണു നേടിയത്. എഴുപതാമത് ദേശീയ പാരാ നീന്തല്‍ മത്സരത്തിലും അദ്ദേഹം സ്വര്‍ണ്ണപ്പതക്കം നേടിയിരുന്നു. അദ്ദേഹത്തിന്റെ ഈ നൈപുണ്യത്തിന്റെ പരിണതിയായിട്ടാണ് അദ്ദേഹത്തിനെ സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ 2020 പാരാലിമ്പിക്‌സിന് തിരഞ്ഞെടുത്തത്. ഇദ്ദേഹം ഗാന്ധിനഗറിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സസില്‍ പരിശീലനം നേടുന്ന 32 പാരാ നീന്തല്‍ക്കാരില്‍ ഒരാളാണ്. ജിഗര്‍ ഠക്കര്‍ക്ക് എന്റെ സലാം… അദ്ദേഹത്തിന് ഞാന്‍ ശുഭാശംസകള്‍ നേരുന്നു.

ഇന്ന് ദിവ്യാംഗര്‍ക്ക് ഏതു മേഖലയിലും എത്തിപ്പെടാനും സാധിക്കും, അവസരങ്ങളേകുന്ന കാര്യത്തില്‍ വിശേഷാല്‍ ശ്രദ്ധയുമുണ്ട്. രാജ്യത്തെ എല്ലാവരും കഴിവുറ്റവരാകണമെന്നതിനാണ് നമ്മുടെ ശ്രമം. എല്ലാരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം രൂപപ്പെടണം. സമത്വവും മമത്വവും കൊണ്ട് സമൂഹത്തില്‍ സമരസത വര്‍ധിക്കണം, ഒരുമിച്ച് മുന്നേറാനാകണം.

കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഇദ്-ഏ-മിലാദ്-ഉന്‍-നബി ആഘോഷിക്കപ്പെടും. ഈ ദിനത്തിലാണ് പ്രവാചകന്‍ ഹസറത് മുഹമ്മദ് സാഹബ് പിറന്നത്. എല്ലാ ദേശവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ശുഭാശംസകള്‍. ഈദിന്റെ ഈ ആഘോഷം സമൂഹത്തില്‍ ശാന്തിയും സന്മനോഭാവവും വര്‍ധിക്കാന്‍ നമുക്കേവര്‍ക്കും പ്രേരണയേകട്ടെ, പുതിയ ഊര്‍ജ്ജം പകരട്ടെ, പുതിയ നിശ്ചയങ്ങള്‍ക്കായി കഴിവേകട്ടെ.

(ഫോണ്‍കോള്‍)
നമസ്‌തേ പ്രധാനമന്ത്രിജീ, ഞാന്‍ കാന്‍പൂരില്‍ നിന്ന് നീരജാ സിംഗ് സംസാരിക്കുന്നു. എനിക്ക് അങ്ങയോട് ഒരു അഭ്യര്‍ഥനയുണ്ട്.. ഈ വര്‍ഷം അങ്ങ് മന്‍ കീ ബാത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ലതായ പത്തുകാര്യങ്ങള്‍ ഒരിക്കല്‍ കൂടി ഞങ്ങളുമായി പങ്കു വയ്ക്കണം. അതിലൂടെ ഞങ്ങള്‍ക്കേവര്‍ക്കും ആ കാര്യങ്ങള്‍ ഓര്‍മ്മ വരുകയും ചെയ്യും, നമുക്ക് പഠിക്കാന്‍ ചിലതു കിട്ടുകയും ചെയ്യും. നന്ദി.
(ഫോണ്‍കോള്‍ അവസാനിക്കുന്നു)

ഈ പറയുന്നത് ശരിയാണ്. 2017 അവസാനിക്കുന്നു, 2018 വാതില്‍ക്കലെത്തിക്കഴിഞ്ഞു. ഈ നിര്‍ദ്ദേശം വളരെ നല്ലതാണ്. എങ്കിലും ഈ നിര്‍ദ്ദേശത്തോട് ചിലത് ചേര്‍ക്കാനും മാറ്റം വരുത്താനും എനിക്കു തോന്നുന്നു. നമ്മുടെ ഗ്രാമത്തിലുള്ള മുതിര്‍ന്നവര്‍ എപ്പോഴും പറയും. ദുഃഖങ്ങള്‍ മറക്കൂ, സുഖത്തെ മറക്കാനനുവദിക്കാതിരിക്കൂ. ദൂഃഖം മറക്കുക, സുഖം മറക്കാതിരിക്കുക. ഈ കാര്യം നമുക്ക് പ്രചരിപ്പിക്കണം. നാമും ശുഭമായത് ഓര്‍ത്തുകൊണ്ട് ശുഭത്തിനായി നിശ്ചയിച്ചുകൊണ്ട് 2018 ലേക്കു പ്രവേശിക്കാം. നമ്മുടെ നാട്ടില്‍, ഒരുപക്ഷേ, ലോകമെങ്ങും വര്‍ഷാവസാന കണക്കെടുപ്പു നടത്തുമ്പോള്‍, ആലോചനകള്‍ നടത്തും, പുനര്‍വിചിന്തനങ്ങള്‍ നടത്തും, പുതിയ വര്‍ഷത്തിനായി പദ്ധതികള്‍ക്കു രൂപം കൊടുക്കും.

നമ്മുടെ നാട്ടില്‍ മാദ്ധ്യമങ്ങള്‍ കഴിഞ്ഞുപോയ വര്‍ഷത്തിലെ പല രസകരമായ സംഭവങ്ങളും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ശ്രമം നടത്തും. അതില്‍ നന്മയുടേതുമുണ്ടാകും തിന്മയുടേതുമുണ്ടാകും. എങ്കിലും 2018 ലേക്ക് നല്ല കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ട് പ്രവേശിക്കണമെന്നും, നല്ലതു ചെയ്യാനായി പ്രവേശിക്കണമെന്നും തോന്നുന്നില്ലേ? ഞാനൊരു നിര്‍ദ്ദേശം തരാം… നിങ്ങളെല്ലാം കേട്ടതും കണ്ടതും അനുഭവിച്ചതുമായ, മറ്റുള്ളവര്‍ കൂടി അറിഞ്ഞാല്‍ അവര്‍ക്കും ഒരു ശുഭമായ വികാരമേകുന്ന 5-10 വരെ നല്ല (സകാരാത്മകങ്ങളായ) കാര്യങ്ങള്‍ കണ്ടെത്തൂ. ഇതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്ക് ഉറപ്പിക്കാനാവില്ലേ? ഈ പ്രാവശ്യം ജീവിതത്തിലെ നല്ലതായ 5 കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചുകൂടേ. അത് ഫോട്ടോയിലൂടെയാണെങ്കിലും, ചെറിയ കഥയുടെ രൂപത്തിലാണെങ്കിലും, ചെറിയ വീഡിയോയുടെ രൂപത്തിലാണെങ്കിലും നന്നായിരിക്കും. 2018 നെ നമുക്കൊരു ശുഭമായ അന്തരീക്ഷത്തില്‍ വേണം സ്വാഗതം ചെയ്യാന്‍. ശുഭസ്മൃതികളോടെ വേണം. ശുഭകരങ്ങളായ വിചാരത്തോടെ വേണം… നല്ല കാര്യങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടുവേണം…

വരൂ. നരേന്ദ്രമോദി ആപ് ല്‍, മൈഗവില്‍ അല്ലെങ്കില്‍ സാമൂഹിക മാദ്ധ്യമത്തില്‍ #PositiveIndia (ഹാഷ്ടാഗ് പോസിറ്റീവ് ഇന്ത്യ) യില്‍ ശുഭകാര്യങ്ങള്‍ പങ്കുവയ്ക്കാം. മറ്റുള്ളവര്‍ക്കു പ്രേരണയാകുന്ന സംഭവങ്ങളെ ഓര്‍ക്കാം. നല്ല കാര്യങ്ങള്‍ ഓര്‍ത്താല്‍ നല്ലതു ചെയ്യാനുള്ള മനോഭാവമുണ്ടാകും. നല്ല കാര്യങ്ങള്‍ നല്ലതു ചെയ്യാനുള്ള ഊര്‍ജ്ജമേകും. ശുഭവികാരം, ശുഭനിശ്ചയങ്ങള്‍ക്ക് കാരണമാകും. ശുഭനിശ്ചയങ്ങള്‍ ശുഭകരങ്ങളായ പരിണാമങ്ങളിലേക്കു നയിക്കും.

വരൂ. ഇപ്രാവശ്യം #PositiveIndia യ്ക്കായി ശ്രമിക്കാം. നോക്കൂ, നമുക്കേവര്‍ക്കും ഒത്തുചേര്‍ന്ന് പോസിറ്റീവ് പ്രകമ്പനം സൃഷ്ടിച്ച് വരുന്ന വര്‍ഷത്തെ സ്വാഗതം ചെയ്യാം. ഈ ഒന്നുചേര്‍ന്നുള്ള ആക്കത്തിന്റെ ശക്തിയും ഇതിന്റെ പരിണതിയും നമുക്കൊരുമിച്ചുകാണാം. നിങ്ങളുടെ ഹാഷ്ടാഗ് പോസിറ്റീവ് ഇന്ത്യയില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ തീര്‍ച്ചയായും അടുത്ത മന്‍ കീ ബാത്തില്‍ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ ശ്രമം നടത്തും.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, അടുത്ത മാസം, അടുത്ത മന്‍ കീ ബാത്തിനായി വീണ്ടും നിങ്ങളുടെ അടുത്തെത്തും. വളരെയേറെ കാര്യങ്ങള്‍ പറയാനുള്ള അവസരമുണ്ടാകും. വളരെ വളരെ നന്ദി.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close