Movie

അസ്തിത്വം തേടുന്ന പെൺകുട്ടി-സൗത്ത് വെസ്റ്റ് വേറിട്ടൊരു അനുഭവമാകുമ്പോൾ

എ . കെ സുരേഷ്


നിശ്ചലമായ കുറേജീവിതങ്ങൾക്കിടയിൽ അസ്തിത്വം തേടുന്ന പെൺകുട്ടി. ഒരു ദിവസം കൊണ്ട് തന്നെ ബാല്യവും കൗമാരവും പിന്നിട്ട് വാർധക്യത്തിലെത്തുകയാണ് ആ ജീവിതം. രാജ്യാന്തര ചലച്ചിത്ര മേളയിൽ കൺട്രിഫോക്കസ് വിഭാഗത്തിലെത്തിയ ബ്രസീലിയൻ ചിത്രം സൗത്ത് വെസ്റ്റ് വേറിട്ട അനുഭവം പകരുന്നതാണ്.

ബ്രസീലിലെ ഒരു നാടോടിക്കഥ തീരദേശ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ എഡ്വേഡ് നാനൂസ്. ക്ലാരിസ് എന്ന യുവതി പ്രസവത്തോടെ മരിക്കുന്നു.ഒരു വഴിയോര സത്രത്തിൽ നടന്ന പ്രസവത്തിലുണ്ടാകുന്ന കുട്ടിയെ വയറ്റാട്ടി തന്നെ കൊണ്ടുപോകുന്നു.എന്നാൽ ഈ വിവരം ആരും അറിയുന്നില്ല. ഒരു തടാകത്തിന് നടുവിൽ കുടിൽകെട്ടിയാണ് ഇവരുടെ താമസം.

തടാകത്തിലെ ഉപ്പും മത്സ്യവും കുറയാൻ കാരണം വയറ്റാട്ടിയെന്ന് വിശ്വസിക്കുന്ന നാട്ടുകാർ ഇവരെ എതിർക്കുന്നുമുണ്ട്. തൊട്ടടുത്ത ദിവസം രാവിലെ തന്നെ വലുതാകുന്ന കുട്ടി തീരഗ്രാമത്തിലെത്തുന്നു. അവിടെ ഒരാൾക്കൊപ്പം പോകുന്ന കുട്ടി ക്ലാരിസ് എന്ന് തന്നെയാണ് പരിചയപ്പെടുത്തുന്നത്. അമ്മയുടെ നാടാണ് ഇതെന്ന് കുട്ടി അറിയുന്നില്ല. പോകുന്നത് അമ്മയുടെ അച്ഛനൊപ്പമാണെന്നും.

അമ്മയുടെ സഹോദരൻ മജോയ്‍ക്കൊപ്പം കളിക്കുന്ന അവൾ ഇതിനിടയിൽ തന്നെ യുവത്വത്തിലേക്കെത്തുന്നു. ഒരു ആഘോഷത്തിനിടയിൽ മുഖംമൂടി ധരിച്ചെത്തുന്ന കോമാളി അവളെ പ്രാപിക്കുന്നു. തന്‍റെ സ്വത്വം തേടുന്ന ക്ലാരിസ് അമ്മയ്ക്കുണ്ടായ ദുരനുഭവം തിരിച്ചറിയുകയാണ്. പിന്നീട് ക്ലാരിസിന്‍റെ അമ്മയെ കാണുമ്പോൾ അച്ഛൻ തന്നെയാണ് അവളെ ഗർഭിണിയാക്കിയതെന്നതിന്‍റെ സൂചന ലഭ്യമാകുന്നുണ്ട് . വൈകിട്ടോടെ വാർദ്ധക്യത്തിലെത്തുന്ന ക്ലാരിസ് അമ്മയുടെ അച്ഛനെ അവിശ്വസനീയതോടെ വീക്ഷിക്കുന്ന രീതിയും ഇത് പ്രകടമാക്കുന്നു.

കഥാപാത്രങ്ങളുടെ മനോവിചാരങ്ങളിലൂടെ കഥ പ്രേക്ഷകന്‍റെ ചിന്തയിലേക്കെത്തിക്കുന്ന ആവിഷ്‍കാര രീതിയാണ് സംവിധായകൻ ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്.കഥ പൂർണമായും പറയാതെയുള്ള രീതി. അച്ഛൻ ആരെന്നറിയാത്ത കുഞ്ഞിനൊപ്പമാണ് ക്ലാരിസിന്‍റെ മരണമെന്ന് അയൽവാസി പറയുന്നുണ്ട്. ഒരാൾ പോയാൽ മറ്റൊരാൾ വരുമെന്നും. എന്നാൽ ഇവിടെയൊന്നും ക്ലാരിസിന്‍റെ അച്ഛന്‍റെ സ്വഭാവം പ്രകടമാക്കുന്നില്ല. പിന്നീടാണ് സംവിധായകന്‍ അതിലേക്ക് സഞ്ചരിക്കുന്നത്.

ബ്രസീലിന്‍റെ അഞ്ച് മേഖലകളിലും ഉൾപ്പെടാത്ത സൗത്ത് വെസ്റ്റ് എന്ന് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് ഒരു സാങ്കൽപിക ഭൂമി എന്ന ചിന്തയോടെയാണ്. പക്ഷേ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ലോകയാഥാർത്ഥ്യങ്ങളിലേക്ക് തന്നെയാണ് കണ്ണോടിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രചന നിർവഹിച്ചത് സംവിധായകനും ഗുലെർമോ സർമിയന്‍റോയു ചേർന്നാണ്.

ബോധാവസ്ഥയും അബോധാവസ്ഥയും മിന്നിമറയുന്ന നായികയുടെ ദേവതാ പരിവേഷം കറുപ്പിലും വെളുപ്പിലും കൃത്യമായി തന്നെ പ്രേക്ഷകരിലെത്തുന്നുണ്ട്. തടാകവും ഉപ്പളങ്ങളുമെല്ലാം കഥയോടൊപ്പം ഇഴചേർത്തു നിർത്തുകയാണ് മൗരോ പിൻഹെറിയുടെ ഛായാഗ്രഹണ മികവ്. പശ്ചാത്തല സംഗീതവും ചിത്രത്തെ പ്രേക്ഷകരോട് അടുപ്പിക്കുന്നു

Close
Close