Special

തസ്മാദ് ജാഗ്രത, ജാഗ്രത !

2001 ൽ ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടപ്പിലാക്കിയ പാർലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് പതിനാറുവർഷം പൂർത്തിയാവുന്നു. തീവ്രവാദം കയറ്റി അയച്ച് ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐ എസ് ഐ യുടെ പദ്ധതി ലഷ്കർ ഇ തോയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ സംഘടനകൾ സംയുക്തമായി നടപ്പിലാക്കിയതായിരുന്നു പാർലമെന്റ് ആക്രമണം

അഞ്ച് തീവ്രവാദികളടക്കം 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2001 നവംബറിൽ ശ്രീനഗർ നിയമ സഭാമന്ദിരം ആക്രമിച്ചതിനു സമാനമായ ആക്രമണമായിരുന്നു ഭീകരർ നടത്തിയത്. സ്ഫോടകവസ്തു നിറച്ചതും വ്യാജ സ്റ്റിക്കർ പതിച്ചതുമായ കാർ ആണ് ആക്രമണത്തിനുപയോഗിച്ചത്. അന്നത്തെ ഉപരാഷ്ട്രപതി കിഷൻ കാന്തിന്റെ വാഹനത്തിനു നേരെ ഭീകരർ കാർ ഓടിച്ചു കയറ്റുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു . സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരും കൊല്ലപ്പെട്ടു .

പാർലമെന്റ് ആക്രമണത്തിലെ പ്രധാന സൂത്രധാരൻ കാശ്മീർ സ്വദേശിയായ അഫ്സൽ ഗുരുവിനെ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് വനിതാ കോൺസ്റ്റബിൾ കമലേഷ് കുമാരിക്ക് ലഭിച്ച അശോക ചക്ര ബന്ധുക്കൾ സർക്കാരിന് തിരിച്ചു നൽകി . ഒടുവിൽ 2013 ഫെബ്രുവരി 9 ന് അഫ്സലിനെ തൂക്കിക്കൊന്നു . പാർലമെന്റ് ആക്രമണക്കേസിൽ പങ്കുണ്ടെന്ന് കരുതുന്ന ഘാസി ബാബ 2003 ആഗസ്റ്റിൽ ബി എസ് എഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു

പാർലമെന്റ് ആക്രമണത്തേക്കാൾ ഭീതിദമായത് അക്രമികളെ സംരക്ഷിക്കാനും അവർക്കു വേണ്ടീ വാദിക്കാനും മനുഷ്യാവകാശത്തിന്റെ മേൽ മൂടിയണിഞ്ഞവരുടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളാണ് .ഐ എസ് ഐ യുടെ ‘ബ്ലീഡ് ഇന്ത്യ ‘ പദ്ധതിയുടെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങളെ ലോകമെങ്ങുമുള്ള ഇന്ത്യാ വിരുദ്ധരുടെ പണം പറ്റിക്കൊണ്ടാണ് ഇക്കൂട്ടർ വെള്ളപൂശുന്നത് . കാർഗിൽ ആക്രമണം പാകിസ്ഥാൻ ചെയ്തതല്ലെന്നും അന്നത്തെ സർക്കാർ തന്നെയാണ് ആക്രമണം നടത്തിയതെന്നും പറഞ്ഞവർ ഈ ഭാരതത്തിൽ തന്നെയുണ്ട്. യുദ്ധത്തിൽ മരിച്ചവരെ പാകിസ്ഥാൻ ഷഹീദ് ആയി പ്രഖ്യാപിച്ചതോടെ ആ പ്രചാരണവും അവസാനിച്ചു.

ഭാരതമെന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയാകുമെന്നുള്ള സംശയം  ഭരണഘടനാ ശില്പീ ഡോ ബി ആർ അംബേദ്കർ ഒരിക്കൽ പ്രകടിപ്പിച്ചിരുന്നു . 1949 നവംബർ 25 ന് ഭരണഘടനാ നിർമാണ സഭയിൽ അദ്ദേഹം ചെയ്ത പ്രസംഗം ഇന്നും കാലാതിവർത്തിയായി നിലകൊള്ളുന്നു.

“ഈ സ്വാതന്ത്ര്യം ഭാവിയിലെന്താവും. ? ഭാരതം ഈ സ്വാതന്ത്ര്യം നിലനിർത്തുമോ അതോ നഷ്ടപ്പെടുത്തുമോ ? എന്റെ മനസ്സിനെ നിരന്തരം അലട്ടുന്ന ഒരു പ്രശ്നമാണിത് .ഭാരതം എന്നും അസ്വതന്ത്രമായിരുന്നു എന്നല്ല . എന്നാൽ ഒരിക്കൽ അത് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് . ഇനിയും അത് ആവർത്തിക്കുമോ ? ഭാവിയെപ്പറ്റി എനിക്കുള്ള ആശങ്ക അതാണ് .എനിക്കു വിഷമം ഭാരതം മുമ്പൊരിക്കൽ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് മാത്രമല്ല . ഭാരതീയർ തന്നെ നഷ്ടപ്പെടുത്തി എന്നതാണ്.

മുഹമ്മദ് ബിൻ കാസിം സിന്ധ് ആക്രമിച്ചപ്പോൾ ദാഹിറിന്റെ സൈന്യാധിപൻ കൈക്കൂലി വാങ്ങി യുദ്ധം ചെയ്യാതെ ഒഴിഞ്ഞുമാറി. പൃഥ്വീരാജിനെതിരെ യുദ്ധം ചെയ്യാൻ മുഹമ്മദ് ഘോറിയെ വിളിച്ചു ജയചന്ദ്. ഹിന്ദുക്കൾക്കു വേണ്ടി ശിവാജി പോരാടുമ്പോൾ മുഗളർക്കു വേണ്ടി മറാഠികളും രജപുത്രരും യുദ്ധം ചെയ്തു. 1857 ഇൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ സിഖുകാർ മാത്രം മൂകപ്രേക്ഷകരായി .

ഈ ചരിത്രം ആവർത്തിക്കുമോ ? എനിക്കുള്ള മനോവ്യഥ ഇതുമാത്രമാണ്. ഈ വ്യഥയ്ക്കു കാരണം നമ്മുടെ ഇടയിലുള്ള ജാതിമത വിദ്വേഷങ്ങൾ മാത്രമല്ല , ഇപ്പോൾ അതോട് ചേർന്നിരിക്കുന്ന വിഭിന്നവും പരസ്പര ദ്വേഷികളുമായ രാഷ്ട്രീയ കക്ഷികളും കൂടിയാണ്.. ഭാരതജന സമൂഹത്തിന് രാഷ്ട്രമോ അതോ രാഷ്ട്രീയകക്ഷികളോ വലുത് ? എനിക്കു ചിന്തിക്കാൻ തന്നെ ഭയംതോന്നുന്നു .

രാഷ്ട്രീയകക്ഷികൾ തങ്ങളുടെ രാഷ്ട്രത്തെക്കാൾ പ്രധാനമായി തങ്ങളെത്തന്നെ കരുതിയാൽ നമ്മുടെ സ്വാതന്ത്ര്യം രണ്ടാംതവണയും അപകടത്തിലാവുമെന്നു മാത്രമല്ല അത് ശാശ്വതമായി നഷ്ടപ്പെടുകയും ചെയ്യും .എന്തൊക്കെയായാലും ഇത്തരമൊരു ദുസ്ഥിതി വരാതിരിക്കാൻ നാം ശ്രദ്ധിക്കണം . നമ്മുടെ രക്തത്തിൽ അവസാന തുള്ളിവരെ നമ്മൾ സ്വാതന്ത്ര്യരക്ഷയ്ക്കു വേണ്ടി പോരാടണം !!! “ (ഡോ : ബി ആർ അംബേദ്കർ )

ഇന്നും രാഷ്ട്രത്തിനു നേരേയുള്ള ഭീകര പ്രവർത്തനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മുന്നേറുകയാണ് . രാഷ്ട്രീയ ലക്ഷ്യത്തിനായി, രാഷ്ട്രത്തെ ആക്രമിക്കുന്നവർക്ക് പിന്തുണ കൊടുക്കാൻ പോലും ചിലർ ശ്രമിക്കുന്നു . ഭീകരരെ വെള്ള പൂശുന്നു . അവർക്കു വേണ്ടി മനുഷ്യാവകാശ ഗാഥകൾ രചിക്കുന്നു . പ്രക്ഷോഭങ്ങളും സെമിനാറുകളും നടത്തുന്നു.

ഈ സാഹചര്യത്തിൽ രാഷ്ട്രത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനും രാഷ്ട്രത്തിനു നേരേ ഉയരുന്ന വെല്ലുവിളികളെ ധീരതയോടെ പ്രതിരോധിക്കാനും മുൻപുള്ളതിനേക്കാൾ  ഓരോ പൗരനും പ്രവർത്തിക്കേണ്ടിയിരിക്കുന്നു .
2001 ഡിസംബർ 13 ന് തീവ്രവാദികളുടെ ആക്രമണത്തിൽ നിന്നും ജനാധിപത്യത്തിന്റെ ശ്രീകോവിൽ സംരക്ഷിക്കുന്നതിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സുരക്ഷാ സൈനികരെ ഓർമ്മിച്ചു കൊണ്ട് നമുക്ക് കൂടുതൽ ജാഗരൂകരാകാം .. നമ്മുടെ മാതൃഭൂമിക്കു വേണ്ടി ..

ധീര ബലിദാനികൾക്ക് ജനം ടിവിയുടെ പ്രണാമം …

874 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close