NewsSpecial

വിജയം അനുഗ്രഹിക്കുന്നത് ധീരനെയാണ്

 

ഇത്രയധികം സംസാരവിഷയമായൊരു നിയമസഭാ തിരഞ്ഞെടുപ്പ് ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം, അതായിരുന്നു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. ജാതിരാഷ്ട്രീയമെന്ന ‘പുത്തൻ തന്ത്ര’വുമായി സംസ്ഥാനത്തെ 3 ശക്തരായ വിഭാഗങ്ങളുടെ പ്രതിനിധികളെന്ന അവകാശവാദവുമായെത്തിയ 3 യുവ’നേതാക്കളെ’യും, ഛോട്ടുവാസവയെന്ന ഒരു ആദിവാസി നേതാവിനെയും ഒപ്പം ചേർത്ത് ഗുജറാത്തിലെ ബിജെപിയുടെ 22 വർഷത്തെ തുടർഭരണത്തിന് അന്ത്യമിടാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ്സ് ഒരിക്കൽക്കൂടി പരാജയത്തിന്റെ കയ്പുനീർ കുടിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.

സകല ബിജെപി വിരുദ്ധ -ദേശവിരുദ്ധ ശക്തികളും സർവ്വ ശക്തിയും സംഭരിച്ച് ബിജെപി യെ ഗുജറാത്തിലെ ഭരണത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്സിനൊരു തിരിച്ചുവരവുണ്ടാക്കാനായി കൊണ്ടു പിടിച്ചു ശ്രമിച്ചപ്പോൾ, ആ ജനത അവരുടെ ‘അഭിമാനമായ വ്യക്തിയെ’ നെഞ്ചോട് ചേർത്തുവെച്ച് ഇത്തരം കുതന്ത്രങ്ങളെ നിലംപരിശാക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ‘ഗുജറാത്തി അസ്മിത’ എന്ന വാക്കിന് എത്രമാത്രം ശക്തിയുണ്ടെന്നും അതീ ജനതയുടെ രക്തത്തിലലിഞ്ഞതാണെന്നും അത് മറ്റൊരു പാർട്ടിക്കോ, വ്യക്തിക്കോ പകുത്തു നൽകാൻ കഴിയില്ലവർക്കെന്നും പ്രതിപക്ഷത്തിനൊന്നാകെ തെളിയിച്ചു കൊടുക്കാൻ ഗുജറാത്തി വോട്ടർമാർക്കായി.

ഹിമാചലിൽ പരാജയം ഉറപ്പിച്ച മട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു പോലും വേണ്ടത്ര രീതിയിൽ പങ്കെടുക്കാതെ 2 മാസത്തിലധികം സകലസന്നാഹങ്ങളുമായി ഗുജറാത്തിൽ തമ്പടിച്ച് തന്ത്രങ്ങളും, കുതന്ത്രങ്ങളും പയറ്റി അധികാരം പിടിച്ചെടുക്കാൻ രാഹുൽ ഗാന്ധിയെന്ന കോൺഗ്രസ്സിന്റെ നിയുക്ത പ്രസിഡൻറ് നടത്തിയ ശ്രമങ്ങൾ ‘വെള്ളത്തിൽ വരച്ച വര’പോലെയാകുന്നതാണ് നാം കണ്ടത്.

മോഹൻലാൽ സിനിമയിലെ ഡയലോഗ് പോലെ ‘നീ ഇനിയും ജന്മങ്ങൾ പലതു ജനിക്കേണ്ടി വരും എന്നെ തോൽപ്പിക്കാൻ’ എന്ന് പറയാതെ പറഞ്ഞ് പ്രചാരണം നടത്തിയ ഗുജറാത്തിന്റെ പുത്രൻ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെയും, ബിജെപിയുടെ ദേശീയാധ്യക്ഷനും, പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ച ബുദ്ധിരാക്ഷസനുമായ അമിത് ഷായുടെയും ബിജെപി-ആർഎസ്എസ്സ് ബ്രിഗേഡിന്റെയും ഒത്തൊരുമയുടെ വിജയമാണ് ഡിസംബർ 18 ന് ബിജെപി നേടിയെടുത്തത്.

ഹിമാചൽ നഷ്ടപ്പെട്ടാലും ഗുജറാത്തിൽ അധികാരം പിടിച്ചെടുക്കുന്നതിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലൊരു ഉയിർത്തെഴുന്നേൽപ്പ് നടത്താനാകുമെന്ന് മനക്കണക്ക് കൂട്ടിയ കോൺഗ്രസ്സിന്റെ സ്വപ്നങ്ങൾ വൃഥാവിലാകുന്നതാണ് നാം കണ്ടത്. ഞങ്ങൾ ആദ്യമേ പറഞ്ഞിരുന്നു, ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത് ബിജെപിയുടെയും, കോൺഗ്രസ്സിന്റെയും സംഘടനാ ശേഷിയിലുള്ള അന്തരമാണെന്ന്.

ശങ്കർ സിംഗ് വഗേലയെന്ന മുൻ കോൺഗ്രസ്സ് പ്രതിപക്ഷ നേതാവ് (അദ്ദേഹം ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന തികഞ്ഞൊരു ആർഎസ്എസ്സുകാരനുമായിരുന്നു) പറഞ്ഞതെത്ര ശരിയായെന്നത് കൂടി ഈ സമയം ഓർക്കാം, അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത് – ‘ഈ തിരഞ്ഞെടുപ്പോടെ ഹാർദിക്ക് ചരിത്രമാകുമെന്നായിരുന്നു. ഹാർദിക്കിനും, അൽപേഷിനും, ജിഗ്നേഷിനും പിറകിൽ വാൽ മടക്കി അവർ പറയുന്നതിനനുസരിച്ച് തുള്ളിക്കളിച്ച രാഹുലും, അഹമ്മദ് പട്ടേലും, ഭരത് സോളങ്കിയും (സംസ്ഥാന പ്രസിഡന്റ്) ഗുജറാത്തിൽ കോൺഗ്രസ്സ് 125+ സീറ്റുകൾ നേടുമെന്ന് മനക്കണക്ക് കൂട്ടിയിരുന്നു.

ഗുജറാത്തിൽ ജൂലായ് മാസം മുതൽ തങ്ങിവരുന്ന ഞങ്ങളുടെ ടീമിന്റെ സമഗ്രമായ വിശകലനത്തിന്റെ വിശദാംശങ്ങൾ ‘സിംഹ ഭൂമിയിൽ ആര്?’ എന്ന പേരിൽ 4 ഭാഗങ്ങളായി ജനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നല്ലോ. ഇത്തരം യാത്രകളിലെ ചില കൗതുകകരമായ നിമിഷങ്ങൾ ഇവിടെ ചേർക്കുന്നു. നിങ്ങളിവിടുത്തെ പത്ര-ദൃശ്യ മാദ്ധ്യമങ്ങളിലൂടെ കണ്ടുംകേട്ടുമറിഞ്ഞ ചില കഥകളുടെ യാഥാർത്ഥ്യമറിയാൻ ഇവ സഹായിക്കും.

വടക്കൻ ഗുജറാത്തിൽ കോൺഗ്രസ്സിനേറെ സഹായകരമാകുമെന്ന് പത്രമാധ്യമങ്ങൾ പ്രഘോഷണം നടത്തിയ അൽപേഷ് – ജിഗ്നേഷ് ദ്വയം അവരവരുടെ മണ്ഡലങ്ങളിലേക്ക് ഒതുങ്ങിപ്പോകേണ്ട അവസ്ഥ വന്നതും നേരിട്ടറിയാനായി. തങ്ങളുടെ മണ്ഡലങ്ങളായ രാധൻപൂരിലും, വാഡ്ഗാമിലും ശക്തമായ മത്സരം നേരിടേണ്ടി വന്ന ഇവർക്ക് ജയിച്ചു കയറാനായെങ്കിലും ഈ മേഖലയിലുള്ള മറ്റു മണ്ഡലങ്ങളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ ശുഷ്ക്കമായേ പങ്കെടുക്കാനായുള്ളൂ എന്നുള്ളതിവിടെ ശ്രദ്ധേയമാണ്. ഇവരുടെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ്സ് ഇവിടെ വൻ മുന്നേറ്റമുണ്ടാക്കുമെന്നാണവർ പ്രതീക്ഷിച്ചിരുന്നതെങ്കിലും, അതുണ്ടായില്ലെന്നതും ശ്രദ്ധേയം

കോൺഗ്രസ്സിനെ ഇപ്പോഴും ന്യൂനപക്ഷങ്ങളുടെമാത്രം പാർട്ടിയായി കണക്കാക്കുന്ന വലിയൊരു വിഭാഗം വോട്ടർമാരെ ഞങ്ങളീ യാത്രകളിൽ കാണുകയുണ്ടായി. എത്രയെത്ര ക്ഷേത്രങ്ങൾ സന്ദർശിച്ചാലും, എങ്ങിനെയൊക്കെ മൃദു ഹിന്ദുത്വ ഭാവങ്ങൾ പ്രകടിപ്പിച്ചാലും ഗുജറാത്തിലെ ജനമനസ്സ് മാറ്റിയെടുക്കാൻ ഇതൊന്നും പ്രാപ്തമല്ലെന്ന് ഇത്തരം വോട്ടർമാരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാനായിരുന്നു.

ചില പട്ടേലുമാർ വിചാരിച്ചിരുന്നത് കോൺഗ്രസ്സ് അധികാരത്തിൽ വന്നാലുടൻ അവർക്ക് സർക്കാർ ജോലി ലഭിക്കുമെന്നാണ്. ഇത്തരത്തിലാണ് ഹാർദിക്കും കൂട്ടരും അവരെ ‘ബ്രെയിൻ വാഷ്’ ചെയ്തിരുന്നത്. ഇങ്ങനെ വലിയൊരു വിഭാഗത്തെ സൗരാഷ്ട്ര മേഖലയിൽ കണ്ടിരുന്നുവെങ്കിലും പട്ടേൽ വോട്ടർമാരിൽ നല്ലൊരു വിഭാഗം ബിജെപിക്കൊപ്പമവിടെ നിലകൊണ്ടു. ജിഎസ്ടിയും നോട്ട് നിരോധനവും സൂറത്ത് മേഖലയിൽ വലിയ വാർത്തയായിരുന്നെങ്കിലും, അവിടത്തെ ഭൂരിഭാഗം വോട്ടർമാരും ബിജെപിക്കൊപ്പം നിലകൊണ്ടതും നാം അന്തിമ ഫലത്തിൽ കണ്ടു.

നാട്ടിലെ പല സുഹൃത്തുക്കളും ഹാർദിക്കിന്റെ റാലികളിലെ ജനസഞ്ചയം കണ്ട് ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണോയെന്ന് അന്വോഷിച്ചപ്പോൾ ഞങ്ങൾ പറഞ്ഞൊരു കാര്യമുണ്ടായിരുന്നു, സൗരാഷ്ട്രയൊഴിച്ച് മറ്റു പലയിടങ്ങളിലും ‘റിപ്പീറ്റഡ് ഓഡിയൻസ്’ ആയിരുന്നു ഹാർദിക്കിന്റെ പരിപാടികൾക്കുണ്ടായിരുന്നതെന്ന്. ഇതെത്ര മാധ്യമങ്ങൾ മനസ്സിലാക്കി? ഇതെല്ലാം ഹാർദിക് – കോൺഗ്രസ് ടീമിന്റെ തന്ത്രമായിരുന്നു, പട്ടേലുമാരുടെ മനസ്സിൽ ബിജെപിയെ നിലംപരിശാക്കാനുള്ള ശക്തി ഹാർദിക്കിനുണ്ടെന്ന് വരുത്തിത്തീർക്കുകയെന്ന തന്ത്രം.

സൗരാഷ്ട്രയിലെ റാലിയിൽ കണ്ട അതേ അണികളെ തെക്കൻ-മധ്യ ഗുജറാത്തിലെ റാലികളിലും കാണാനിടയായത് ഈ സംശയത്തിന് അടിവരയിടുന്ന തെളിവായി. ഒരു അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാനായത് സൗരാഷ്ട്രയിൽ നിന്നും കുറേയേറെ പട്ടേൽ ആന്ദോളൻ സമിതി വളണ്ടിയർമാരെ വടക്കൻ -തെക്കൻ-മധ്യ ഗുജറാത്തിലേക്ക് വരുത്തിയിരുന്നുവെന്നും, ഹാർദിക്കിന്റെ റാലികളിലെല്ലാം കോൺഗ്രസ് അണികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തിയിരുന്നുവെന്നതുമാണ്.

-ഏറെ രസകരമായി തോന്നിയത് ഹാർദിക്കിനെ പിന്തുണക്കുന്ന പട്ടേലുകളും, താക്കോർ വിഭാഗവും തമ്മിൽ വടക്കൻ ഗുജറാത്തിലെ പലയിടങ്ങളിലും സംഘർഷങ്ങളുണ്ടായെന്നതാണ്. രസകരമെന്നു പറയാൻ കാരണം, താക്കോർ വിഭാഗത്തിന്റെ നേതാവെന്നവകാശപ്പെടുന്ന അൽപേഷ് ഹാർദിക്കിനൊപ്പം കോൺഗ്രസ് സഖ്യത്തിലുണ്ടെന്നതാണ്. ഇത്തരം സംഭവങ്ങളൊന്നും കോൺഗ്രസ്സ് അനുകൂല ദേശീയ മാധ്യമങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. താക്കോർ പ്രാമുഖ്യ മണ്ഡലങ്ങളിൽ ബിജെപി മികച്ച പ്രകടനം നടത്തുകയും ചെയ്തു.

22 വർഷത്തെ ഗുജറാത്ത് ഭരണത്തിൽ കഴിഞ്ഞ 2-3 വർഷമായി അവിടത്തെ ചില വിഭാഗങ്ങളിലുണ്ടായ അസന്തുഷ്ടി പലയിടത്തും പ്രകടമായിരുന്നെങ്കിലും കോൺഗ്രസ്സും ചില മാധ്യമങ്ങളും പറഞ്ഞു പരത്തിയപോലെ അതൊരു കടുത്ത വെറുപ്പോ, വിദ്വേഷമോ ആയിരുന്നില്ല.

പട്ടിദാർ ശക്തികേന്ദ്രങ്ങളായ ചില മണ്ഡലങ്ങളിൽ ബിജെപി നേതാക്കളെ/സ്ഥാനാർത്ഥികളെ പ്രവേശിപ്പിക്കാതെ സംഘർഷം സൃഷ്ടിച്ച ഹാർദിക് പട്ടേൽ അനുയായികൾ അതേ കേന്ദ്രങ്ങളിൽ തന്നെ ബിജെപി അനുകൂല വോട്ടുകൾ ഉണ്ടായിരുന്നുവെന്നത് അറിയാതെ പോയതും ഈ തിരഞ്ഞെടുപ്പ് കാണിച്ചു തന്ന കൗതുകമുണർത്തുന്ന കാഴ്ചകളിലൊന്നായി. ഇത്തരക്കാരെ ഞങ്ങളുടെ ടീമവിടെ നേരിട്ട് കാണുകയുണ്ടായെന്നതും രസകരമായൊരനുഭവമായി.

ഇത്തരം കാര്യങ്ങളെല്ലാം മറച്ചുവെച്ച്/കണ്ടില്ലെന്നു നടിച്ച് കോൺഗ്രസ്സിനനുകൂലമായൊരു ‘അണ്ടർ കറൻറ്’ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതിലായിരുന്നു പല മാധ്യമങ്ങളുടെയും ശ്രദ്ധ. കോൺഗ്രസ്സ് മികച്ച പ്രകടനം നടത്തിയെന്നത് അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ, സകലമാന വിഭാഗങ്ങളിലെയും ‘നേതാക്കളെ’ ഒപ്പം കൂട്ടി ബിജെപിയെ ഭരണത്തിൽ നിന്നും പുറത്താക്കുമെന്നാർത്തട്ടഹസിച്ചു നടന്ന കോൺഗ്രസ്സിനും, സഖ്യകക്ഷികൾക്കും അവസാനം പരാജയ ഭാരം വഹിക്കേണ്ടി വന്നു.

കോൺഗ്രസ്സിനും, യുവതുർക്കികൾക്കും, ‘അവരുടെ’ മാധ്യമങ്ങൾക്കും പിഴച്ചതെവിടെ?
1) നരേന്ദ്ര മോദിയെന്ന വ്യക്തിയുടെ ജനപ്രീതിയും അദ്ദേഹത്തോട് ഗുജറാത്ത് ജനതക്കും, തിരിച്ച് അദ്ദേഹത്തിനവരോടുമുള്ള അകളങ്ക സ്നേഹവുമളക്കുന്നതിൽ ഇവർ വമ്പൻ പരാജയമായിമാറി.

2) ഒന്നിലധികം പാർട്ടികൾ മത്സരിക്കുന്നൊരു തിരഞ്ഞെടുപ്പിൽ, അതേത് ദേശത്തായാലും, വിജയിക്കുന്ന പാർട്ടിക്ക് എത്ര തരംഗ സമാനമായ സ്ഥിതിയിലും ലഭിക്കുന്നത് 50-55% വോട്ടുകളായിരിക്കും എന്നത് നിസ്തർക്കമാർന്നൊരു കാര്യമാണ്. വളരെ ചുരുക്കം സന്ദർഭങ്ങളിലേ ഇതിലും കൂടാൻ സാധ്യതയുള്ളൂ, കൂടിയ ചരിത്രവുമുള്ളൂ. വർഷങ്ങളായി ബിജെപി വളർത്തിയെടുത്ത പാർട്ടിയുടെ കോർ വോട്ടർമാരുടെ മനസ്സളക്കുന്നതിൽ കോൺഗ്രസ്സ് ഒരിക്കൽക്കൂടി പരാജയപ്പെടുകയാണുണ്ടായത്.

3) അമിത് ഷായെന്ന ‘രാഷ്ട്രീയ കൗടില്യന്റെ’ തന്ത്രങ്ങളും, അപ്രതീക്ഷിത നീക്കങ്ങളും, അഹോരാത്ര പ്രയത്നങ്ങളും ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിയെ സുസജ്ജരാക്കിയിരുന്നു. വിജയം നേടാൻ ഒരു എളുപ്പവഴിയുമില്ല, ചിട്ടയായ പ്രവർത്തനം മാത്രമാണ് ഏക വഴിയെന്ന് പാർട്ടി ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയ ഇദ്ദേഹം പകലെന്നോ രാത്രിയെന്നോ മാറ്റമില്ലാതെ നടത്തിയ ‘മൈക്രോ ലെവൽ ബൂത്ത് മാനേജ്മെൻറിനു’ മുന്നിൽ പിടിച്ചുനിൽക്കാൻ ‘വീമ്പ്’ പറഞ്ഞു നടന്ന പ്രതിപക്ഷ കൂട്ടുകെട്ടിനായില്ല.

ബിജെപിയുടെ ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞത്, തങ്ങളെപ്പോലുള്ള യുവനേതാക്കളെപ്പോലും പിന്നിലാക്കും വിധം ‘ചുറുചുറുക്കോടെ’യായിരുന്നു അമിത് ഷാ എന്ന ‘യുവാവിന്റെ’ പ്രവർത്തനമെന്നാണ്. 150 സീറ്റു നേടുമെന്നദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും അത് നേടാനാകാതെ പോയത് കോൺഗ്രസ്സ് മഴവിൽ സഖ്യത്തിലൂടെ ചിന്നിച്ചിതറി കിടന്ന വോട്ടുകളിലൊരു ശതമാനം തങ്ങളിലേക്ക് അടുപ്പിച്ചതും, പട്ടേൽ വോട്ടുകൾ 2012 ൽ നേടിയതിനേക്കാൾ കൂടുകൾ നേടാൻ കഴിഞ്ഞതിലൂടെയുമാണ്. ബിജെപിയുടെ വോട്ട് ശതമാനം 47.85 ൽ നിന്ന് 50 നടുത്തെത്തുകയാണുണ്ടായതെന്നതും ശ്രദ്ധേയം

4) ഹാർദിക്, അൽപേഷ്, ജിഗ്നേഷ് എന്നിവരുടെ യഥാർത്ഥ ‘ശക്തി’യെന്തെന്നറിയാതെ അവർക്കും, അവരുടെ കൂട്ടാളികൾക്കും സീറ്റുകൾ പലതും വിട്ടുനൽകേണ്ടി വന്നത് കോൺഗ്രസ്സിന്റെ പരാജയമായിത്തന്നെയാണ് കരുതേണ്ടത്. സ്വന്തം സംഘടനാ ശേഷിയിൽ വിശ്വാസക്കുറവുള്ളതിനാൽ ഈ മൂവർസംഘത്തിന്റെ വാക് ചാതുരിയിലും, വൈഭവത്തിലും വൻ വിജയം നേടാമെന്ന ‘അതി’മോഹം കോൺഗ്രസ്സിനെക്കൊണ്ട് ‘ചക്രം ചവിട്ടിപ്പിക്കുക’ തന്നെ ചെയ്തു

5) ആദിവാസി മേഖലകളിൽ ജെഡിയു വിട്ട് ബിലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന പാർട്ടിയുമായെത്തിയ ഛോട്ടു വാസവയെന്ന നേതാവിന് കഴിഞ്ഞ തവണ അദ്ദേഹം വിജയിക്കുകയും അദ്ദേഹത്തിന്റെ പുത്രൻ രണ്ടാമതെത്തുകയും ചെയ്ത 2 സീറ്റുകൾക്കു പുറമെ 5 സീറ്റുകൾ കൂടി അടിയറ വെക്കേണ്ടി വന്നത് പാർട്ടിയുടെ അവിടത്തെ പ്രാദേശിക നേതൃത്വങ്ങളെ വല്ലാതെ ചൊടിപ്പിക്കുകയുണ്ടായി. ഈ മണ്ഡലങ്ങളിൽ ചിലത് കോൺഗ്രസ്സ് സിറ്റിങ്ങ് സീറ്റുകളായിരുന്നതിനാൽ ഇവിടങ്ങളിൽ കോൺഗ്രസ്സ് റിബലുകൾ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചതും ഈ ‘പദ്ധതിക്ക്’ കല്ലുകടിയായി. വാസവയും, പുത്രനും വിജയിച്ചെങ്കിലും ആദിവാസി മേഖലകളിൽ ബിജെപി മികച്ച പ്രകടനമാണ് നടത്തിയത്.

കഴിഞ്ഞ തവണ കോൺഗ്രസ്സുമായി സഖ്യമുണ്ടാകുകയും, 12 മണ്ഡലങ്ങളിൽ മത്സരിച്ച് 1 സീറ്റ് നേടുകയും 2 ഇടത്ത് രണ്ടാമതെത്തുകയും ചെയ്തിരുന്ന NCP യെ ഒപ്പം നിർത്താനാകാത്തതും (പല മാധ്യമങ്ങളും ഇക്കാര്യം മൂടിവെക്കുകയാണുണ്ടായത്) കോൺഗ്രസ്സ് സഖ്യത്തിന് സാരമായ വോട്ടു നഷ്ടമുണ്ടാക്കി.

6) ഹാർദിക് – അൽപേഷ് – ജിഗ്നേഷ് എന്നീ ഇതുവരെ രാഷ്ട്രീയ പരിചയമില്ലാത്ത യുവനേതാക്കളിലൂടെ 60% ത്തോളം വരുന്ന ജനവിഭാഗത്തിന്റെ വോട്ടുകൾ കൈപ്പിടിയിലാക്കാമെന്ന് ധരിച്ചു വെച്ച രാഹുൽ, അഹമ്മദ് പട്ടേൽ, ഗെഹലോട്ട്, ഭരത് സോളങ്കി എന്നിവരുടെ അമിതാത്മവിശ്വാസം ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതും നമ്മൾ കണ്ടു. എന്നാൽ ഇവർക്കു പിറകിൽ ഗുജറാത്ത് ജനതയൊന്നാകെയുണ്ടെന്ന തരത്തിലുള്ള പ്രചരണം അഴിച്ചുവിട്ട കോൺഗ്രസ്സിനും അവരുടെ ചില മാധ്യമ സുഹൃത്തുക്കൾക്കും (ഇടതുപക്ഷ മാധ്യമ പ്രവർത്തകരടക്കം) കിട്ടിയ ‘ഇരുട്ടടി’യായീ പരാജയം

7) എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ് ബ്രാറിന്റെ ‘ചായ്വാല’ ട്വീറ്റും, മണിശങ്കർ അയ്യരുടെ ‘നീച്’ പ്രയോഗവും, പാക് മീഡിയയിലെ ‘പ്രകടനവും’ വീണു കിട്ടിയ അവസരങ്ങളെന്ന രീതിയിൽ മോദിയും ബിജെപിയും കൊണ്ടാടുക കൂടി ചെയ്തതോടെതന്നെ കോൺഗ്രസ്സിന്റെ പരാജയം ഉറപ്പായിക്കഴിഞ്ഞിരുന്നു. ഇത്തരം സെൽഫ് ഗോളുകൾ എക്കാലത്തെയും പോലെ ഇത്തവണയും ഒരു ഒഴിയാബാധയായി കോൺഗ്രസ്സിനൊപ്പമുണ്ടായിരുന്നു. ഇതിന് തടയിടാനാകാത്തതും പരാജയ കാരണങ്ങളിലൊന്നായി മാറി. കോൺഗ്രസ്സിന്റെ മുഖ്യ മന്ത്രി സ്ഥാനാർത്ഥിയായ മോട്ട് വാഡിയയുടെ പരാജയവും അവർക്ക് വലിയ ക്ഷീണമായി.

ഒരു വിഭാഗം ജനത്തിന് കഴിഞ്ഞ സർക്കാറിനോട് ചില വിഷയങ്ങളിൽ നീരസമുണ്ടായിരുന്നുവെന്നത് സത്യമായിരുന്നെങ്കിലും ഇതൊന്നാകെ വോട്ടായി മാറുമെന്നും തങ്ങളുടെ വൻ വിജയത്തിൽ കലാശിക്കുമെന്നും കരുതിയ രാഹുലിനും, കൂട്ടാളികൾക്കും, അവരുടെ മാധ്യമ സുഹൃത്തുക്കൾക്കും ജനമനസ്സ് ശരിയായി വായിച്ചെടുക്കുന്നതിൽ പിശകുപറ്റി

9) അമിത് ഷായെന്ന ‘ബുദ്ധിരാക്ഷസൻ’ ഒബിസി- സംവരണമില്ലാത്ത വിഭാഗക്കാർ- ആദിവാസി വിഭാഗങ്ങളിലൂടെ പ്രാവർത്തികമാക്കിയ ‘കൗണ്ടർ പോളറൈസേഷനെയും’ തിരിച്ചറിയുന്നതിൽ കോൺഗ്രസ്സ് സഖ്യത്തിനും, അവരുടെ മീഡിയക്കും പിഴച്ചു. പട്ടേലുകളുടെ സംവരണം ഒബിസി-ആദിവാസി ക്വാട്ടകളിൽ നോട്ടമിട്ടാണെന്ന തോന്നൽ ഈ വിഭാഗങ്ങൾക്കിടയിൽ കാര്യമായ തോതിൽ പ്രചരിപ്പിക്കാനും, പട്ടേൽ സംവരണം നടപ്പാക്കാമെന്ന കോൺഗ്രസ്സ് വാഗ്ദാനം ഭരണഘടനാപരമായി നിലനിൽക്കില്ലെന്നുള്ള തിരിച്ചറിവ് നല്ലൊരു വിഭാഗം പട്ടേലർമാർക്കിടയിലുണ്ടാക്കാനും ഷായുടെ തന്ത്രങ്ങളിലൂടെ ബിജെപിക്ക് കഴിഞ്ഞത് കണക്കുകൂട്ടാനായില്ലെന്നതും കോൺഗ്രസ് സഖ്യത്തിന്റെ പരാജയ കാരണങ്ങളിലൊന്നായി

10) അന്തിമമായി, വിജയം നേടാൻ സർവ്വപ്രധാനമായത് സംഘടനാ ശേഷിയാണ്. ആർഎസ്എസ് എന്ന ‘കേഡർ’ പ്രസ്ഥാനത്തിന്റെ പിന്തുണയിൽ ബിജെപി കെട്ടിപ്പടുത്ത ശക്തമായ സംഘടനാ സംവിധാനത്തിന്റെ പ്രഹരശേഷി അളക്കുന്നതിലും കോൺഗ്രസ് സഖ്യം പരാജയമായി മാറി.

ഹിമാചലിലെ ഫലത്തെക്കുറിച്ച് ഒരു വാചകം – അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചൊരു ഭരണത്തിന് ജനം നൽകിയ മറുപടിയാണവിടുത്തെ വിജയം – തോൽവി ഉറപ്പാക്കി ഹിമാചലിൽ നിന്നും ഓടിയൊളിച്ച കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ തഴഞ്ഞ് മോദിയുടെ സാമ്പത്തിക പരിഷ്ക്കാരങ്ങളെ പിന്തുണക്കാൻ തയ്യാറായ വോട്ടർമാർ നൽകിയതാണീ തിളക്കമാർന്ന വിജയം. ധൂമലിന്റെ പരാജയം ഈ വൻ വിജയത്തിലൊരു കല്ലുകടിയായെങ്കിലും ഹിമാചലിലെ വോട്ടർമാർ ബിജെപിക്ക് നൽകിയത് തിളക്കമാർന്നൊരു വിജയം തന്നെയായിരുന്നു.

കോൺഗ്രസ്സിനിതൊരു പാഠമാണ്, ജാതീയതയുടെ ചുവടുപിടിച്ച് ബിജെപിയെ നിലംപരിശാക്കാമെന്ന വ്യാമോഹം സ്വയം പരാജയം ക്ഷണിച്ചു വരുത്തുന്നതായിപ്പോയെന്ന പാഠം. മോദിയെന്ന മഹാരഥനെ ഗുജറാത്തി ജനത സ്വന്തം ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നതിനുള്ള തെളിവുകൂടിയാണീ തിരഞ്ഞെടുപ്പു ഫലം. ജിഎസ്ടിയുടെയും, നോട്ട് നിരോധനത്തിന്റെയും ചുവട് പിടിച്ച് അതുമൂലം വോട്ടർമാർക്കുള്ള/ഉണ്ടായ താത്കാലിക ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്ത് വിജയം നേടിയെടുക്കാമെന്ന കോൺഗ്രസ്സിന്റെയും, 3 യുവ’കോമളൻ’മാരുടെയും ശ്രമത്തിന് കിട്ടിയ വൻ തിരിച്ചടിയായീ പരാജയം.

ഇത്തവണ വിജയം നേടാനായില്ലെങ്കിൽ ഇനിയൊരിക്കലുമതിന് കഴിയില്ലെന്ന് പല കോൺഗ്രസ്സ് നേതാക്കളും പാർട്ടിക്കുള്ളിൽ പറഞ്ഞിരുന്നു. അത്രക്ക് ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്സ്. ബിജെപിയെ താഴെയിറക്കാൻ ഈ മഴവിൽ സഖ്യം കൊണ്ട് കഴിയുമെന്ന് അവർ കരുതിയിരുന്നു. പരാജയമുറപ്പിച്ചപ്പോൾ ‘വോട്ടിങ്ങ് മെഷീനിലെ കള്ളത്തരങ്ങൾ’ എന്ന പൊള്ളയായ സ്ഥിരം വാദവുമായി ചില കോൺഗ്രസ് നേതാക്കളും, ഹാർദിക്കും രംഗത്തെത്തിയതും ഈ പരാജയം അവരെ എത്രമാത്രം തളർത്തിയിട്ടുണ്ടെന്നത് തെളിയിക്കുന്നതായി.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിനിനിയൊരു തിരിച്ചുവരവിന്, ഇപ്പോഴത്തെ അവസ്ഥയിൽ, ഭഗീരഥപ്രയത്നം തന്നെ നടത്തേണ്ടി വരുമെന്നും ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close