MovieEntertainment

ക്രിസ്മസിന് ആരവം കൂട്ടാന്‍ തിയേറ്ററുകളിലെത്തുന്നത് ഏഴ് ചിത്രങ്ങൾ

ഇത്തവണ ക്രിസ്മസിന് ആരവം കൂട്ടാന്‍ തിയേറ്ററുകളിലെത്തുന്നത് ഏഴ് ചിത്രങ്ങൾ. മമ്മൂട്ടിയുടെ മാസ്റ്റർപീസും പൃഥ്വിരാജിന്‍റെ വിമാനത്തിനുമൊപ്പം മത്സരിക്കാന്‍ ജയസൂര്യയും ടൊവിനോയും വിനീത് ശ്രീനിവാസനും എത്തുന്നുണ്ട്. കൂടാതെ ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന തമിഴ് ചിത്രം വേലൈക്കാരനും, സൽമാന്‍ ഖാന്‍റെ ടൈഗർ സിന്‍ദാഹെയും ക്രിസ്മസ് റിസീലിംഗിനായി തയ്യാറെടുക്കുകയാണ്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസ് ആരാധകരെ നിരാശരാക്കില്ലെന്ന സൂചനയാണ് ട്രെയ്‍ലറുകളും പോസ്റ്ററുകളും നൽകുന്നത്. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ക്യാംപസിന്‍റെ കഥപറയുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദന്‍, വരലക്ഷ്മി ശരത് കുമാർ, പൂനം ബജ്‍വ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പ്രദീപ് എം. നായർ സംവിധാനം ചെയ്യുന്ന വിമാനം തന്‍റെ സ്വപ്ന ചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതിനാൽ തന്നെ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. സ്വന്തമായി വിമാനം നിർമിക്കാൻ ശ്രമിക്കുന്ന വെങ്കിട്ട് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ഉൽസവ പ്രതീതിയോടെയാണ് ഷാജി പാപ്പനും കൂട്ടരും തിയേറ്റുകളെ ഇളക്കി മറയ്‍ക്കാന്‍ എത്തുന്നത്. ജയസൂര്യ മാസ് ഹീറോയായ ചിത്രത്തിന്‍റെ രണ്ടാംഭാഗം തിയേറ്റർ ചിരിയുടെ പൂരപ്പറമ്പാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങി ആദ്യ ചിത്രത്തിലുള്ളവരെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്.

ആന അലറലോടലറൽ എന്ന ചിത്രവുമായാണ് തിയേറ്ററുകളിൽ ചിരിയുടെ അമിട്ട് പൊട്ടിയ്ക്കാൻ വിനീത് ശ്രീനിവാസനും സംഘവും എത്തുന്നത്. പേരിൽ തന്നെ വ്യത്യസ്തതയുള്ള ചിത്രത്തിന്റെ ട്രയിലറിനടക്കം വൻ സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീതിന്റെ നായികയായ അനു സിത്താരയാണെത്തുന്നത്. ധർമ്മജൻ ബോൾഗാട്ടി, സുരാജ് വെഞ്ഞാറുമ്മൂട്, തെസ്നിഖാൻ, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

റാണി പത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. ടൊവിനോ തോമസും ഐശ്വര്യാ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. പ്രണയ കഥയാണ് മായാനദി പറയുന്നത്.

തമിഴിൽ നിന്നും വേലൈക്കാരനും , ഹിന്ദിയിൽനിന്ന് സൽഖാന്‍റെ ടൈഗർ സിന്‍റാഹേയുമാണ് ക്രിസ്മസ് റിലീസായി എത്തുന്ന അന്യഭാഷാ ചിത്രങ്ങൾ.

തനി ഒരുവന്‍ എന്ന സൂപ്പർഹിറ്റിന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ശിവകാർത്തികേയനും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിന്‍റെ പ്രിയതാരം ഫഹദ് ഫാസിലിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വേലൈക്കാരൻ. ചിത്രത്തിൽ വില്ലനായാണ് ഫഹദ് എത്തുന്നത്.

സുൽത്താന്‍ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടൈഗർ സിന്റാഹേ . ഏക്താ ടൈഗറിന്‍റെ രണ്ടാം ഭാഗം കൂടിയാണ് ചിത്രം. കത്രീനാ കൈഫും സൽമാൻ ഖാനും നായികാനായകൻമാരായായി എത്തുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറും ഗാനങ്ങളും ഇതിനോടകം തന്നെ ആരാധകർ സ്വീകരിച്ചു കഴിഞ്ഞു.

ക്രിസ്മസ് പൊടിപൊടിക്കാന്‍ ചിത്രങ്ങളെല്ലാം അടുത്ത ദിവസങ്ങളിൽ തിയേറ്ററുകളിലെത്തും.

481 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close