ന്യൂഡൽഹി: ഫേസ്ബുക്കിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫേസ്ബുക്ക്. ആധാർ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും ആധാറിൽ രേഖപ്പെടുത്തിയ പേരു ചോദിച്ചത് പരീക്ഷണം മാത്രമായിരുന്നുവെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
ഈ പരീക്ഷണം മുന്നോട്ടു കൊണ്ടുപോവാൻ ഫേസ്ബുക്കിനു പദ്ധതിയില്ലെന്നും കമ്പനി പ്രതിനിധി ബ്ലോഗിൽ കുറിച്ചു.
പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാർ കാർഡിലെ പേര് നൽകാൻ ഫേസ്ബുക്ക് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം. മൊബൈൽ ഫോണിലൂടെ അക്കൗണ്ട് ആരംഭിക്കുന്നവരോടാണ് ആധാറിലെ പേരുതന്നെ നൽകാൻ ഫേസ്ബുക്ക് ആവശ്യപ്പെട്ടത്.