Special

കേന്ദ്ര കായിക വകുപ്പിന്റെ 2017ലെ പ്രധാന നേട്ടങ്ങള്‍

മോടിയോടെ 2017

കേന്ദ്ര കായിക വകുപ്പ് 2017 ല്‍ കൈവരിച്ച പ്രധാന നേട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. പാരാ അത്‌ലറ്റുകള്‍ക്ക് പരിശീലന കേന്ദ്രം : പാരാ അത്‌ലറ്റുകള്‍ക്ക് മാത്രമായുള്ള രാജ്യത്തെ ആദ്യ പരിശീലന കേന്ദ്രത്തിന് 2017 ഫെബ്രുവരി 5 ന് കേന്ദ്ര സ്‌പോര്‍ട്‌സ് സഹമന്ത്രി ഗുജറാത്തിലെ ഗാന്ധിനഗറില്‍ തറക്കല്ലിട്ടു. 50 കോടിയിലേറെ ചെലവിട്ടാണ് കേന്ദ്രം നിര്‍മ്മിക്കുന്നത്. ഒളിംപിക്‌സ്, കോമണ്‍ വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയുള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പാരാ അത്‌ലറ്റുകള്‍ക്ക് ലോകോത്തര പരിശീലന സൗകര്യങ്ങള്‍ ഇവിടെ ഉണ്ടായിരിക്കും.

2. അന്താരാഷ്ട്ര ബോക്‌സിംഗ് അക്കാദമി : ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, റോത്തക്കിലെ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ബോക്‌സിംഗ് അക്കാദമികള്‍ സ്ഥാപിക്കും. അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍, ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ 2017 മാര്‍ച്ച് ഒന്നിന് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പ് വച്ചു.

3. വനിതാ കായിക താരങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ ഉന്നതതല സമിതി : കേന്ദ്ര യുവജനകാര്യ, സ്‌പോര്‍ട്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ വനിതാ കായിക താരങ്ങളുടെ പ്രതിനിധികള്‍, ഒരു അഭിഭാഷക, മന്ത്രാലയത്തിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ, ഒരു സ്‌പോര്‍ട്‌സ് പത്രപ്രവര്‍ത്തക എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

4. 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക് മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പ് : 2017 ജൂലൈ 6 മുതല്‍ 9 വരെ ഒഡീഷയിലെ ഭുവനേശ്വറില്‍ 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വിജയകരമായി സംഘടിപ്പിച്ചു. 12 സ്വര്‍ണ്ണവും, 5 വെള്ളിയും, 12 വെങ്കലവും ഉള്‍പ്പെടെ 29 മെഡല്‍ നേടിക്കൊണ്ട് ഇന്ത്യ മെഡല്‍ നിലയില്‍ ഒന്നാമതെത്തി.

5. ഗ്രാമീണ മാരത്തോണ്‍ : കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 6 ന് ഡല്‍ഹിയിലെ നിസാംപൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച ആദ്യ ഗ്രാമീണ മാരത്തോണില്‍ പതിനയ്യായിരത്തോളം പേര്‍ പങ്ക്‌ചേര്‍ന്നു. ഗ്രാമങ്ങളിലെ യുവജനങ്ങള്‍ക്കിടയിലുള്ള കായിക മികവ് കണ്ടെത്തി പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു പരിപാടി.

6. ഗ്രാമീണ കായികമേള: ആഗ്‌സറ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ ഡല്‍ഹിയിലെ നിസാംപൂര്‍ ഗ്രാമത്തില്‍ ആദ്യ ഗ്രാമീണ കായിക മേള അരങ്ങേറി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വടംവലി ഉള്‍പ്പെടെ തദ്ദേശീയമായ നിരവധി കായിക ഇനങ്ങള്‍ ഉള്‍പ്പെട്ട മേളയ്ക്ക് വന്‍ ജനപങ്കാളിത്തമായിരുന്നു.

7. സ്‌പോര്‍ട്‌സ് ടാലന്റ് സെര്‍ച്ച് പോര്‍ട്ടല്‍ : രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള സ്‌പോര്‍ട്‌സ് ടാലന്റ് സെര്‍ച്ച് പോര്‍ട്ടല്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 28 ന് നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. യുവകായിക പ്രതിഭകള്‍ക്ക് തങ്ങളുടെ നേട്ടങ്ങള്‍ കാഴ്ചവയ്ക്കാനുള്ള സുതാര്യമായ ഒരു പ്ലാറ്റ്‌ഫോമാണിത്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ സെലക്ഷന്‍ ട്രയല്‍ വഴി കണ്ടെത്തി വിജയികളാകുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോഴ്‌സുകളില്‍ പ്രവേശനം നല്‍കും.

8. ഇന്ത്യ – ഓസ്‌ട്രേലിയ സ്‌പോര്‍ട്‌സ് സഹകരണം : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, കായിക രംഗത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സഹകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഏപ്രില്‍ 10 ന് ഒപ്പുവച്ചു. കോച്ചുകളുടെ പരിശീലനം, കായിക ഭരണം , സ്‌പോര്‍ട്‌സ് സയന്‍സ്, അടിസ്ഥാനതല പങ്കാളിത്തം എന്നീ മേഖലകളിലായിരിക്കും സഹകരിക്കുക.

9. ഉന്നതാധികാര സ്റ്റിയറിംഗ് സമിതി : അടുത്ത മൂന്ന് ഒളിമ്പിക്‌സ് മത്സരങ്ങളായ 2020 (ടോക്കിയോ), 2024 (പാരിസ്), 2028 (ലോസാഞ്ചലോസ്) എന്നിവയില്‍ ഇന്ത്യന്‍ കായിക താരങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് ഹ്രസ്വ, ദീര്‍ഘകാല പദ്ധതികളും, കര്‍മ്മ പരിപാടിയും തയ്യാറാക്കുന്നതിനായി മന്ത്രാലയം ഒരു ഉന്നതാധികാര സ്റ്റിയറിംഗ് സമിതി രൂപീകരിക്കുന്നതിന് അനുമതി നല്‍കി. 2017 ജനുവരിയില്‍ രൂപീകരിച്ച ഒളിംപിക് ടാസ്‌ക്ക് ഫോഴ്‌സിന്റെ ശുപാര്‍ശ പ്രകാരമാണിത്.

10. അഭിനവ് ബിന്ദ്രാ ഫൗണ്ടേഷന് സഹായം : ബംഗലൂരുവിലെ പദുകോണ്‍ – ദ്രാവിഡ് സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് എക്‌സലന്‍സില്‍ ഫിറ്റ്‌നസ് പരിശീലനത്തിനും, സ്‌പോര്‍ട്‌സ് സയന്‍സിനും അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അഭിനവ് ബിന്ദ്രാ ഫൗണ്ടേഷന്‍ ട്രസ്റ്റിന് മന്താലയം 5 കോടി രൂപ അനുവദിച്ചു.

11. ഉന്നത കായിക താരങ്ങള്‍ക്ക് 50,000 രൂപയുടെ പ്രതിമാസ സ്റ്റൈപ്പന്റ് : ടാര്‍ജറ്റ് ഒളിംപിക് വോളിയം പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാ കായിക താരങ്ങള്‍ക്കും അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിനിടയില്‍ ദൈനംദിന ചെലവുകള്‍ക്കായി പ്രതിമാസം 50,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റ് നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

12. പുനസംഘടിപ്പിച്ച ഖേലോ ഇന്ത്യ പരിപാടി : 1,756 കോടി രൂപ ചെലവ് വരുന്ന പുനസംഘടിപ്പിച്ച ഖേലോ ഇന്ത്യ പരിപാടിക്ക് 2017 -18 മുതല്‍ 2019-20 വരെ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, പ്രതിഭകളെ കണ്ടെത്തല്‍, മികവിനായുള്ള പരിശീലനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് പരിപാടി.

13. ‘എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ്’ എന്ന വിഷയത്തില്‍ ദേശീയ ശില്‍പ്പശാല : സംസ്ഥാന ഗവണ്‍മെന്റുകള്‍, ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ, ദേശീയ നിരീക്ഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 26 ന് എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. കായിക രംഗത്തിന്റെ ബഹുവിധ സാധ്യതകളും പ്രശ്‌നങ്ങളും ശില്‍പ്പശാല ചര്‍ച്ച ചെയ്തു.

14. ഫിഫാ അണ്ടര്‍ -17 ലോക കപ്പിന്റെ വിജയകരമായ പരിസമാപ്തി : 17-ാമത് ഫിഫാ അണ്ടര്‍ -17 ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ വിജയകരമായി നടന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്ര ബൃഹത്തായ ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. ന്യൂഡല്‍ഹി, ഗോവ, കൊച്ചി, ഗുവാഹത്തി, കൊല്‍ക്കത്ത, നവി മുംബൈ എന്നിവിടങ്ങളിലായിരുന്നു മത്സരവേദി. ഒക്‌ടോബര്‍ 28 ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫിഫാ അണ്ടര്‍ -17 ലോക കപ്പ് ചാമ്പ്യന്‍ഷിപ്പ് നേടി.

15. മിഷന്‍ XI മില്ല്യണ്‍ : ഫുട്‌ബോളിനെ രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതിന് സ്‌പോര്‍ട്‌സ് മന്ത്രാലയവും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും, അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനും ചേര്‍ന്ന് നടത്തുന്ന പരിപാടിയാണ് മിഷന്‍ XI മില്ല്യണ്‍. 2017 സെപ്റ്റംബര്‍ 30 ഓടെ രാജ്യത്തെമ്പാടുമുള്ള 11 ദശലക്ഷം ആണ്‍കുട്ടികളിലും, പെണ്‍കുട്ടികളിലും പരിപാടി എത്തിച്ചു. ഏകദേശം 12.55 കോടി രൂപയാണ് കേന്ദ്ര ഗവണ്‍മെന്റ് ഇതിലേയ്ക്ക് അനുവദിച്ചത്. തതുല്ല്യമായ തുക അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും, ഫിഫയും നല്‍കി.

16. മണിപ്പൂരില്‍ ദേശീയ സ്‌പോര്‍ട്‌സ് സര്‍വ്വകലാശാല : മണിപ്പൂരില്‍ ഒരു ദേശീയ സ്‌പോര്‍ട്‌സ് സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള 2014-15 ലെ കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശത്തിന് നിതി ആയോഗ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ടായിരിക്കും 500 കോടിയുടെ പദ്ധതി യാഥാര്‍ത്ഥ്യമാവുക. സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, സ്‌പോര്‍ട്‌സ് എജ്യൂക്കേഷന്‍, ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ് എന്നീ വിഭാഗങ്ങളിലായി 13 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇവിടെയുണ്ടാകും. മണിപ്പൂരിലെ പശ്ചിമ ഇംഫാല്‍ ജില്ലയില്‍ 325 ഏക്കര്‍ സ്ഥലം സംസ്ഥാന ഗവണ്‍മെന്റ് സര്‍വ്വകലാശാലയ്ക്കായി അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരം ഉറപ്പ് വരുത്താന്‍ കാന്‍ബറ, വിക്‌ടോറിയ സര്‍വ്വകലാശാലകളുമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം ധാരണാപത്രത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. നിയമ നിര്‍മ്മാണം നടത്തുന്നതുവരെ നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി സൊസൈറ്റിയ്ക്കായിരിക്കും സര്‍വ്വകലാശാലയുടെ നടത്തിപ്പ് ചുമതല. ആദ്യഘട്ടത്തില്‍ രണ്ട് കോഴ്‌സുകള്‍ക്കായി 60 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും.

17. ഒളിംപിക് ടാസ്‌ക്ക് ഫോഴ്‌സ് : 2020, 2024, 2028 എന്നീ അടുത്ത മൂന്ന് ഒളിംപിക്‌സുകളില്‍ ഇന്ത്യന്‍ കായിക താരങ്ങളുടെ ഫലപ്രദമായ പരിശീലനം ഉറപ്പ് വരുത്തുന്നതിന് ഒരു സമഗ്ര കര്‍മ്മ പദ്ധതി നടപ്പിലാക്കാന്‍ 2017 ജനുവരിയില്‍ ഒരു ഒളിംപിക്‌സ് ടാസ്‌ക്ക് ഫോഴ്‌സിന് രൂപം നല്‍കി. സ്‌പോര്‍ട് സൗകര്യങ്ങള്‍, പരിശീലനം, തിരഞ്ഞെടുപ്പ് പ്രക്രിയ മറ്റ് അനുബന്ധ വിഷയങ്ങള്‍ എന്നിവയ്ക്കായി ഒരു സമഗ്ര തന്ത്രം രൂപം നല്‍കുന്നതിനായി ടാസ്‌ക്ക് ഫോഴ്‌സ് ആഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

150 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close