Special

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ 2017ലെ പ്രധാന നേട്ടങ്ങള്‍

മോടിയോടെ 2017

ജനങ്ങള്‍ക്ക് അറിവ്, വിദ്യാഭ്യാസം, വിനോദം എന്നിവ പകര്‍ന്ന് നല്‍കുന്നതിന് ഉത്തരവാദിത്തമുള്ള കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി നിരവധി ഉദ്യമങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം നടപ്പിലാക്കിയത്. വാര്‍ത്താവിതരണ മേഖലയില്‍ എത്യോപ്യയുമായി സഹകരിക്കുക വഴി സമ്പൂര്‍ണ്ണ ബഹുമാധ്യമ പചാര പരിപാടിക്ക് തുടക്കം കുറിച്ചു. ചലച്ചിത മേഖലയില്‍ നാല്‍പത്തിയെട്ടാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം മന്ത്രാലയം വിജയകരമായി സംഘടിപ്പിച്ചു. അതുപോലെ പ്രക്ഷേപണ മേഖലയില്‍ ജാര്‍ഖണ്ഡിനായി ദൂരദര്‍ശന്റെ 24 മണിക്കൂര്‍ ടി.വി ചാനലിന് തുടക്കമിട്ടു.

വാര്‍ത്താ വിതരണ രംഗം
സംയുക്തമായി പുസ്‌കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും യുവ തലമുറയെ ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ സംസ്‌കാരത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്നതിനുമായി മന്ത്രാലയത്തിനു കീഴിലുള്ള പ്രസിദ്ധീകരണ വിഭാഗവും സസ്ത സാഹിത്യ മണ്ഡലുമായി ധാരണാപത്രം ഒപ്പുവെച്ചു. വൈവിധ്യങ്ങളായ വിഷയങ്ങളില്‍ മികച്ച സാഹിത്യ കൃതികള്‍ ലഭ്യമാക്കുന്നതിനെ ഇത് പ്രോത്സാഹിപ്പിക്കും.

വാര്‍ത്താവിതരണ, ആശയ വിനിമയ, മാധ്യമ മേഖലകളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും എത്യോപ്യയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും റേഡിയോ, അച്ചടി മാധ്യമങ്ങള്‍, ടെലിവിഷന്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും പൊതു ഉത്തരവാദിത്തം സൃഷ്ടിക്കുകയുമാണ് ഈ കരാറിന്റെ ലക്ഷ്യം.

അന്താരാഷ്ട്ര യോഗാ ദിനാചരണം, ശുചിത്വ ഭാരതം, ഇന്ത്യയില്‍ നിര്‍മ്മിക്കൂ, ഡിജിറ്റല്‍ ഇന്ത്യ, രാഷ്ട്രീയ ഏകതാ ദിവസ് എന്നിവയ്ക്ക് ബഹുമാദ്ധ്യമ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. മള്‍ട്ടി മീഡിയ പ്രദര്‍ശനങ്ങള്‍, ഇന്‍ഫോഗ്രാഫിക്‌സ്, ആനിമേഷനുകള്‍, ഗ്രാഫിക് പ്ലേറ്റുകള്‍, ഹ്രസ്വ വീഡിയോകള്‍, പരിപാടികളുടെയും സമ്മേളനങ്ങളുടെയും തത്സമയ സ്ട്രീമിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടും.

ആറാമത് ദേശീയ ഫോട്ടോഗ്രഫി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്രീ. രഘു റായിയും ഈ വര്‍ഷത്തെ മികച്ച പ്രഫഷനല്‍ ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം മലയാളിയായ ശ്രീ.കെ.കെ മുസ്തഫയും കരസ്ഥമാക്കി. അമേച്വര്‍ ഫോട്ടാഗ്രാഫര്‍ക്കുള്ള പുരസ്‌കാരം ശ്രീ. രവീന്ദര്‍ കുമാറിനാണ്.
ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്ന് പൈതൃക പുസ്തകങ്ങള്‍ പുറത്തിറക്കി.

കുട്ടികള്‍ക്കിടയില്‍ ശുചിത്വ സ്വഭാവ ഗുണങ്ങള്‍ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള പ്രത്യേക പുസ്തകം പ്രസിദ്ധീകരണ വിഭാഗം 15 ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറക്കി.

സംസ്ഥാന തലസ്ഥാനങ്ങളില്‍ അഞ്ചു മുതല്‍ 7 ദിവസം വരെ നീളുന്ന സാത് ഹേ, വിശ്വാസ് ഹേ, ഹോ രഹാ വികാസ് ഹേ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. വിവിധ മേഖലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം ഗവണ്‍മെന്റ് കൈവരിച്ച നേട്ടങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു ഈ പ്രദര്‍ശനം.

മഹാത്മാ ഗാന്ധിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ നൂറു ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു. 1884 ല്‍ പതിനഞ്ചു വയസ്സു പ്രായമുള്ള ബാലനായിരിക്കുമ്പോള്‍ മുതല്‍ 1948 ജനുവരി 30 ന് കൊല്ലപ്പെടുന്നതുവരെ മഹാത്മാഗാന്ധി എഴുതുകയും പറയുകയും ചെയ്ത അദ്ദഹത്തിന്റെ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ സമാഹാരം.

ജി.എസ്.ടി യെക്കുറിച്ചുള്ള ആധികാരികമായ വിവരം നല്‍കുന്നതിന് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വെബ്‌സൈറ്റില്‍ പ്രത്യേക വെബ്‌പേജ് (http://pib.nic.in/gst) ആരംഭിച്ചു.

രാജ്യത്തെ അച്ചടി മാധ്യമങ്ങളെക്കുറിച്ചുളള ആധികാരിക വിവരങ്ങള്‍ നല്‍കുന്ന പ്രസ്സ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് ആര്‍.എന്‍.ഐ പുറത്തിറക്കി. മേഖലയുടെ, പ്രത്യേകിച്ച് വിവിധ ഭാഷാ പ്രസിദ്ധീകരണങ്ങളുടെ വളര്‍ച്ച സമഗ്രമായി വിശകലനം ചെയ്യുന്നതാണ് ഈ റിപ്പോര്‍ട്ട്.

പ്രക്ഷേപണ രംഗം
മൂന്നാം ഘട്ടത്തില്‍പ്പെടുന്ന നഗര പ്രദശങ്ങളില്‍ കേബിള്‍ ടി.വി. യുടെ അനലോഗ് സിഗ്നലുകള്‍ സ്വിച്ച് ഓഫ് ചെയ്തു. 2017 ജനുവരി 31 ന് ശേഷം നഗര പ്രദേശങ്ങളില്‍ അനലോഗ് സിഗ്നല്‍ ഉപയോഗിച്ച് പ്രക്ഷേപണം ചെയ്യുന്ന കേബിള്‍ ഓപറേറ്റര്‍മാരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് കേബിള്‍ ടിവി ശൃംഖല (നിയന്ത്രണ) നിയമം അധികാരം നല്‍കുന്നുണ്ട്.

ഡിജിറ്റല്‍ റേഡിയോ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു. താങ്ങാവുന്ന നിരക്കില്‍ കേള്‍വിക്കാര്‍ക്ക് മികച്ച ശബ്ദ നിലവാരവും സേവനവും നല്‍കാന്‍ ഡിജിറ്റല്‍ റേഡിയോയ്ക്കു കഴിയും. റേഡിയോ പ്രക്ഷേപണം ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ആശാശവാണി സാങ്കേതിക സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി 37 പ്രസരണികളുടെ ശേഷി വര്‍ദ്ധിപ്പിച്ചു.

കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതികളെക്കുറിച്ച് ദൂരദര്‍ശന്‍ തയാറാക്കിയ 14 ഹ്രസ്വ ചിത്രങ്ങള്‍ക്ക് രാജ്യത്ത് ഗുണപരമായ മാറ്റം കൊണ്ടു വരാന്‍ സാധിച്ചു.

ജാര്‍ഖണ്ഡിനായി ദൂരദര്‍ശന്റെ പ്രത്യേക ചാനല്‍ പ്രഖ്യാപിച്ചു. ഈ ചാനല്‍ ആരംഭിക്കുന്നത് വരെ ഡിഡി റാഞ്ചി പ്രോഗ്രാമുകള്‍ ഡിഡി ബീഹാര്‍ സംപ്രേഷണം ചെയ്യും.

അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് പ്രക്ഷേപണമെത്തിക്കാന്‍ 100 കിലോവാട്ടിന്റെ രണ്ട് പുതിയ ഷോര്‍ട്ട് വേവ് ട്രാന്‍സ്മിറ്ററുകള്‍ പ്രഖ്യാപിച്ചു.

ദൂരദര്‍ശന്‍ ന്യൂസിന് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു.

സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു.

ചലച്ചിത്ര മേഖല
ഡല്‍ഹിയില്‍ ഇന്ത്യന്‍ പനോരമ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ബോബോ ഖുറെയ്ജാം സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം ഇമാ സാബിത്രി, അക്ഷയ് സിംഗ് സംവിധാനം ചെയ്ത പിങ്ക് ബ്യൂട്ടി പാര്‍ലര്‍ എന്നിവയായിരുന്നു ഉദ്ഘാടന ചിത്രങ്ങള്‍. അന്തരിച്ച നടന്‍ ഓംപുരിയോടുള്ള ആദര സൂചകമായി അദ്ദേഹം അഭിനയിച്ച അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിനു കീഴില്‍ ഫിലിം കണ്ടീഷന്‍ അസസ്‌മെന്റ് പദ്ധതി ആരംഭിച്ചു. വരും തലമുറകള്‍ക്കായി സമ്പന്നമായ ഫിലിം പൈതൃകം സംരക്ഷിക്കാനുദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള 1,32000 ഫിലിം റീലുകള്‍ പരിശോധിച്ച് ഓരോ റീലും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗിംഗ് നടത്തുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്.

പൂനെയിലെ ദേശീയ ഫിലിം ആര്‍ക്കൈവ്‌സില്‍ വടക്ക് കിഴക്കന്‍ ചലച്ചിത്ര മേള സംഘടിപ്പിച്ചു. ഗോവയില്‍ ഐ.എഫ്.എഫ്.ഐയില്‍ പങ്കെടുക്കാന്‍ ആദ്യമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 10 ചലച്ചിത്രകാരന്‍മാരെ സ്‌പോണ്‍സര്‍ ചെയ്തു.

ചലച്ചിത്രമേളകള്‍ വഴിയും ഇന്ത്യ സ്ഥാപിച്ച ചലച്ചിത്ര പ്രോത്സാഹന ഓഫീസ് വഴിയും ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഉക്രൈനും തീരുമാനിച്ചു.

ചലച്ചിത്ര, ടെലിവിഷന്‍ മേഖലകളില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കാനനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന ഗവണ്‍മെന്റുകള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാവും ഈ കോഴ്‌സുകള്‍ നടത്തുക.

വിദേശ ചലച്ചിത്രകാരന്‍മാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന് പ്രത്യേക ഫിലിം വിസ സൗകര്യവും, ഫിലിം ഫെസിലിറ്റേഷന്‍ ഓഫീസും ആരംഭിച്ചു. ഇന്ത്യയെ ആകര്‍ഷകമായ ഒരു സിനിമ ലക്ഷ്യ സ്ഥാനമാക്കി മാറ്റാനുദ്ദേശിച്ചുള്ളവയാണ് ഈ ഉദ്യമങ്ങള്‍.

അറുപത്തിനാലാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. കസ്സാവ് ആണ് ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ജനപ്രിയ ചിത്രം-ശതമാനം ഭവതി. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാര്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മലയാള ചിത്രം മിന്നാമിനുങ്ങിലെ പ്രകടനത്തിന് സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മറാത്തി ചിത്രം വെന്റിലേറ്ററിലൂടെ രാജേഷ് മപുസ്‌കര്‍ മികച്ച സംവിധായകനായി.

വിഖ്യാത സംവിധായകനും അഭിനേതാവുമായ കാശിനാഥുനി വിശ്വനാഥിനെ 2016 ലെ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചു.

നാല്‍പ്പത്തിയെട്ടാമത് ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഗോവയില്‍ നടന്നു. 82 രാജ്യങ്ങളില്‍ നിന്നുള്ള 196 ചലച്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഇതാദ്യമായി ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രത്യേക വിഭാഗവും മേളയിലുണ്ടായിരുന്നു.

അടുത്ത വര്‍ഷം ജനുവരി 28 ന് ആരംഭിക്കുന്ന മുംബൈ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചിത്ര, ആനിമേഷന്‍ ചലച്ചിത്രമേളയ്ക്ക് ഇപ്പോള്‍ത്തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുവര്‍ണ്ണ, രജത ശംഖ് പുരസ്‌കാരങ്ങള്‍ക്കായി 792 ചിത്രങ്ങളാണ് മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഫെര്‍മോമിംഗ് ആര്‍ട്‌സില്‍ നടക്കുന്ന മേളയില്‍ മത്സരിക്കുന്നത്.

175 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close