Yatra

ചുരം കടന്ന് വയനാടൻ സൗന്ദര്യത്തിലേക്ക്

ആർ. ജയകൃഷ്ണൻ

ക്ലീഷെ ഡയലോഗിൽ തന്നെ തുടങ്ങട്ടെ. ‘ യാത്ര ഒരു തരം ലഹരിയാണ് ‘. പ്രകൃതിയും അതിനൊപ്പം കൂട്ട് ചേരുമ്പോൾ അറിയാതതിനോട് കീഴ്പെട്ടു പോകും. ഇലയനക്കത്തിന് കാതോർത്തും, കാലടിപ്പാടുകൾ തേടിയും, പ്രകൃതിതൻ വേഷപ്പകർച്ചകൾ കണ്ടും, വയനാടൻ വന്യതയുടെ വശ്യതയിലേക്ക് വഴുതി വീഴുവാൻ ഒരു യാത്ര. ഒരു യാത്രക്കുള്ളിൽ തന്നെ പല യാത്രകളുണ്ട് അങ്ങിനെ ഒരു ഉപയാത്രയിൽ ഇരുന്നുകൊണ്ടാണ് ഇതെഴുതുന്നത്. ഓർമകളിലൂടെ പിന്നിട്ട വഴികളിലേക്ക് വീണ്ടുമൊരു യാത്ര. എഴുത്തെന്നൊക്കെ വിശേഷിപ്പിക്കാമോ എന്നറിയില്ല. മനസ്സിൽ കൂട്ടുകൂടിയ ഓർമകളെയും ചില ചിന്തകളെയും ഒന്ന് കുറിച്ചിടുന്നു എന്ന് പറയുന്നതാകും കൂടുതൽ ഉചിതം. വഴിയും വളവും തിരിവുമൊക്കെ വിശദീകരിച്ചു സ്ഥിരം വിവരണങ്ങൾക്കു നിൽക്കാതെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ കുറിച്ചിടട്ടെ.

ഡിസംബറിലെ മഞ്ഞും, മഞ്ഞുതുള്ളിയുമൊക്കെയായി വിവരണങ്ങൾ തുടങ്ങിയിരുന്ന ആളുകൾ ഇനി മാറ്റിപ്പിടിക്കേണ്ട കാലമാകുന്നു. പ്രകൃതിയേറെ കനിഞ്ഞു നൽകിയിട്ടുണ്ട് എങ്കിലും, തിരിച്ചു പ്രകൃതിയോടുള്ള പെരുമാറ്റം വളരെ മോശമായതുകൊണ്ടും പഴയ കാലാവസ്ഥയിലൊക്കെ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട് വയനാട്ടിൽ. കോഴിക്കോട് നിന്ന് അടിവാരമെത്തി നമ്മുടെ താമരശ്ശേരി ചുരം കയറിക്കഴിഞ്ഞാൽ പിന്നെ വയനാട് ആണ്. ആകെയുള്ള 9 ഹെയർപിൻ വളവുകളിൽ ചിലതൊക്കെ ഇന്റർലോക്ക് ഇട്ടു ഭംഗിയാക്കി വെച്ചിട്ടുണ്ട് എങ്കിലും മൂന്നെണ്ണത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു.

അതുകൊണ്ട് തന്നെ വരിവരിയായാണ് ചുരം കയറിത്തീർന്നത്. തിരക്കിൽ നിന്നൊക്കെ വിട്ടൊഴിഞ്ഞു, പരമശാന്തതയോടെ വിഹരിച്ചിരുന്ന വയനാടൻ വനാന്തരംഗം ഇപ്പോൾ അങ്ങിനെയല്ല. അക്കാര്യങ്ങൾ നമുക്കും മുന്നേ മൃഗങ്ങളും മനസ്സിലാക്കിയിരിക്കുന്നു. പണ്ട് കാലത്തു വിദേശീയരും, അതിനും മുന്നേ മൈസൂരിൽ നിന്നും ടിപ്പു തുടങ്ങിയ ഭരണാധികാരികളും ആക്രമിച്ച നാടായിരുന്നു ഇതെങ്കിൽ, ഇന്നീ നാട് ആക്രമണം നേരിടുന്നത് നമ്മളിൽ നിന്ന് തന്നെയല്ലേ എന്ന് തോന്നിപ്പോകുന്നു. ഏതോ മനോരോഗിയുടെ ചെമ്പ്രയിലെ അഭ്യാസവും ഇ അടുത്തയിടക്കു നമ്മൾ കെട്ടുകാണുമല്ലോ. തണുപ്പിനൊന്നും കട്ടി പോരാ. ഒരു 9 മണിയൊക്കെ ആകുമ്പോഴേക്കും  ഡിസംബർ മാസത്തിലും പൊരിവെയിൽ.

ഇക്കാരണങ്ങളാലൊക്കെത്തന്നെ വയനാട് കണ്ടു ആസ്വദിക്കുവാൻ പുതിയൊരു സമയവും പറയട്ടെ. കിഴക്ക് വെള്ളകീറും മുന്നേ ഇറങ്ങണം. നൂലിഴകൾ പോലെ, സൂര്യന്റെ പ്രകാശരശ്മികൾ, ചില്ലകൾക്കിടയിലൂടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടിറങ്ങുന്ന കാഴ്ചകൾ ആയിരിക്കണം ആദ്യത്തെ ലക്ഷ്യം. ബത്തേരി വഴി മൈസൂർ റോഡ് അല്ലെങ്കിൽ കാട്ടിക്കുളത്തു നിന്നും തിരുനെല്ലിക്കു കിടക്കുന്ന വഴി. രാവിലെ തന്നെ ഇതിലേതെങ്കിലും ഒന്ന് പിടിക്കണം. ആനകളെ കാണുവാൻ ഏറെ സാധ്യതയുള്ള സമയവും വഴിയും ഇതാണ്.

മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ ജീപ്പിൽ സവാരിയുണ്ടെങ്കിലും അതൊരു ഭാഗ്യപരീക്ഷണമാണ്. കയറുന്നു എങ്കിൽ കഴിവതും ആദ്യം പോകുന്ന 3,4 ജീപ്പുകളിൽ കയറിപ്പറ്റണം. ഒരു 6 മണിക്കൊക്കെ ചെന്ന് ക്യൂ നിന്നെങ്കിലെ ആദ്യത്തെ ടിക്കറ്റുകൾ കിട്ടൂ. ഇതിനു മുന്നത്തെ ആഴ്ചയിൽ 3 ജീപ്പുകാർക്കു കടുവയെ കാണാനൊത്തു എന്നൊരു അവകാശവാദവും അവർ മുന്നോട്ടു വെച്ചു. കേട്ടപ്പോൾ അതത്ര വിശ്വസിച്ചില്ല എങ്കിലും ഒരു കാലടിപ്പാട് കണ്ടതോടെ വിശ്വാസത്തിനു ബലവും ഏറി. പിന്നീടങ്ങോട്ട് അല്പം ഭയം നിറഞ്ഞ പ്രതീക്ഷയിൽ നോക്കിയിരുന്നു എങ്കിലും, കാട്ടുപോത്തുകൾ, മാനുകൾ, മയിലുകൾ ഇവ മാത്രമാണ് മുഖം നൽകിയത്.

തലേദിവസം വൈകുന്നേരം തിരുനെല്ലിക്കു പോയ വഴിയിൽ 3 ആനകൾ അരികുപിടിച്ചു നിൽപ്പുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ മുന്നിൽ വന്ന കാഴ്ച. കാട്ടിനുള്ളിൽകൂടിയുള്ള ഈ വഴികളിൽ വാഹനം നിർത്തിയിടുന്നതിനോ ഇറങ്ങി കാടിനുള്ളിൽ കയറുന്നതിനോ അനുവാദമില്ല എന്ന് പ്രത്യേകം പടഞ്ഞുകൊള്ളട്ടെ. ഇനി തിരുനെല്ലിയെപ്പറ്റി ഒന്ന് പറയട്ടെ. ഋതു കന്യകകൾ നിത്യവും മാറി മാറി തൊഴുവാൻ വരുന്ന കാട്ടിലെ ഒരമ്പലം എന്നാണു പി കുഞ്ഞിരാമൻ നായർ കവിതയിലൂടെ തിരുനെല്ലിയെപ്പറ്റി പറഞ്ഞത്.

പ്രകൃതി, മലനിരകളെയും കുന്നുകളെയും മേഘമാലകളെയും വനവന്യതയെയും കൂട്ടുപിടിച്ചു, തന്റെ വിവിധ ഭാവങ്ങളിൽ വന്നു പോകുന്നയിടം. വടക്കു ഭാഗത്തു ബ്രഹ്മഗിരി മലകൾ, കിഴക്കു ഉദയഗിരി, തെക്കു നരിനിരങ്ങി, പടിഞ്ഞാറ് കരിമല. നാലുപാടും മലകളാൽ ചുറ്റപ്പെട്ട , ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ സാന്നിധ്യമുള്ള പ്രദേശം. മുകൾ ഭാഗം മൂടിയിട്ടില്ലാത്ത, കരിങ്കൽ തൂണുകളാൽ താങ്ങി നിർത്തിയിരിക്കുന്ന പാത്തി വഴി, ദൂരെ കാട്ടിനുള്ളിൽ എവിടെ നിന്നോ ക്ഷേത്രാവശ്യങ്ങൾക്കു വെള്ളമെത്തിക്കുന്ന സംഗതി നല്ലൊരു ദൃശ്യമാണ്. അതിന്റെ പിന്നിൽ ഒരു കഥയും ഉണ്ട് കേട്ടോ.

പനമരം, ബത്തേരി എന്നിവിടങ്ങളിലൂടെ പോകുമ്പോൾ ജൈന ക്ഷേത്രങ്ങളുടെ ബോർഡുകൾ കാണാം. ബത്തേരിയിലും അതിനു ചുറ്റുമായി 12 ജൈനതെരുവുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വയനാട്ടിൽ തന്നെ ചിലയിടങ്ങളിൽ ജൈനക്ഷേത്രങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നുമുണ്ട്. കരിങ്കല്ലിൽ പണിത, വിഗ്രഹമില്ലാത്ത, ചതുരാകൃതിയുള്ള ശ്രീകോവിലോട് കൂടിയ ഒരു ക്ഷേത്രം ബത്തേരിയിൽ ഉണ്ട്. പനമരത്തു ആണെന്ന് തോന്നുന്നു മറ്റൊന്ന്. പനമരം കൽപ്പറ്റയിൽ നിന്നും മാനന്തവാടി റൂട്ടിൽ ആണ്. പഴശ്ശി രാജാവ് ഒളിപ്പോരുകാരെ സംഘടിപ്പിച്ചു വിദേശികൾക്ക് എതിരെ യുദ്ധം ചെയ്ത ഭാഗങ്ങൾ.

സുൽത്താൻ ബത്തേരിക്കു സമീപമുള്ള എടക്കൽ മലയുടെ പടിഞ്ഞാറേചെരുവിലെ ഗുഹയിൽ, കൗതുകകരമായ കൊത്തുപണികളും, ലിഖിതങ്ങളും, ഏതാനും രൂപങ്ങളും ചിഹ്നങ്ങളും ഉണ്ട്. പലതും ഇപ്പോൾ വ്യക്തമല്ല, എങ്കിലും ഇതിൽ പലതും സ്വസ്തനികളും, തലപ്പാവ് ധരിച്ച മനുഷ്യരൂപം, മൃഗങ്ങളുടെയും രൂപങ്ങൾ, ഉപകരണങ്ങൾ ഒക്കെയാണ് എന്ന് ചരിത്രഗവേഷകർ എഴുതി വെച്ചിട്ടുണ്ട്. വയനാട്ടിൽ പല ഭാഗത്തുനിന്നും കിട്ടിയ പഴയ നിർമിതികളും, ഉപകരണങ്ങളും, വിഗ്രഹങ്ങളും, ശിൽപ്പങ്ങളും അമ്പലവയലിലെ പൈതൃക മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നട്ടുച്ചയ്‌ക്ക് നട്ടം തിരിഞ്ഞു നിൽക്കുമ്പോൾ ഇവിടെ സന്ദർശിക്കാം. എടക്കലെ ചെരിവിൽ നിന്നുമാണ് അമ്പുകുത്തി മലയിലേക്കുള്ള ട്രെക്കിങ്ങ് പാത. പക്ഷെ ഇപ്പോൾ ആ വഴിക്കുള്ള യാത്ര നിരോധിച്ചിരിക്കുന്നു.

Breathtaking എന്നൊക്കെ പറയാവുന്ന ഒരു കാഴ്ച കണ്ടത് നീലിമല വ്യൂ പോയിന്റ് ൽ ആണ്. മീൻമുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടങ്ങൾ, ചാലിയാറിന്റെ തുടക്കം, ചെമ്പ്ര പീക്ക്, തമിഴ്നാട് തേയില തൊട്ടങ്ങൾ എല്ലാം ഒരൊറ്റ ക്യാൻവാസിൽ. തീരെ വീതി കുറഞ്ഞ മണ്ണിന്റെ നടപ്പാതയിലൂടെ നടന്നു വേണം കാണുവാൻ. ചിലയിടങ്ങളിൽ ആൾ പോക്കമുള്ള പുല്ലുകൾക്കിടയിലൂടെ. താഴെ കാഴ്ചയെത്താത്ത അഗാധമായ താഴ്ചയാണ്. തമിഴ്നാട് അതിർത്തിയിൽ വടുവഞ്ചലിന് സമീപമാണ് ഇവിടം. മെയിൻ റോഡിൽ വണ്ടി ഇട്ടതിനു ശേഷം മുകളിലേക്ക് ജീപ്പിൽ കൊണ്ടു പോകും. അധികൃതരുടെ ഒരു മൗനസമ്മതത്തിന്റെ പുറത്ത് ആണെന്ന് തോന്നുന്നു നീലിമല സംരക്ഷണ സമിതി എന്ന പേരിൽ നാട്ടുകാരിൽ ചിലരാണ് ഇത് നടത്തുന്നത്.

ഒരു ജീപ്പിനു 300 ഉം ജീപ്പിൽ ചെന്ന് ഇറങ്ങിയ ശേഷം സ്ഥലങ്ങൾ കാണിക്കാൻ കൂടെ വരുന്ന ആളിന് 200 ഉം ആണ് റേറ്റ്. കാര്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുമില്ല. ഒരു കാപ്പിത്തോട്ടത്തിന് ഇടയിലാണ് ജീപ്പ് കൊണ്ട് നിർത്തുന്നത്. പിന്നെയങ്ങോട്ടു ഒരു 200 മീറ്റർ നടക്കണം. മീന്മുട്ടിയുടെ ഇരമ്പൽ നമ്മെ സ്വീകരിക്കും. പല മടക്കുകളായി ഒഴുകിയിറങ്ങുന്ന മീൻമുട്ടി പിന്നീട് നമുക്ക് മുഖം തരും. 2 പേരുടെ മരണത്തിനു ശേഷം മീന്മുട്ടിയുടെ അടുക്കലേക്കു ആർക്കും പ്രവേശനമില്ല. ഈ ദൂരകാഴ്ച തന്നെ പേടിപ്പെടുത്തുന്നതാണ്. 4.30 ന് ശേഷം ഫോറസ്റ്റ് അധികൃതർ പരിശോധനക്ക് വരാൻ സാധ്യത ഉള്ളതിനാൽ അവർ വേഗത്തിലാക്കി. കോട വന്നു നിറഞ്ഞാൽ പിന്നൊന്നും കാണാൻ പറ്റില്ല. ജനുവരിയിൽ ഇവിടെക്ക് പ്രവേശനവും ഇല്ല എന്ന് കൂടെ വന്ന ആൾ പറയുന്നു.

ക്രമീകരണങ്ങളുടെ അപര്യാപ്തതമൂലം  സന്ദർശനം പാടെ നിരോധിക്കുന്നതിനോട് അഭിപ്രായമില്ല. കുറെ കുടുംബങ്ങളുടെ ഉപജീവന മാർഗം ആണെന്ന് തോന്നുന്നു. ഇവർക്ക് വേണ്ട പരിശീലനം നൽകി, കൃത്യമായ സുരക്ഷാക്രമീകരണങ്ങളും ഇവിടെ നടത്തേണ്ടതുണ്ട്. എങ്കിലേ പുതിയ ടൂറിസ്റ്റ് സ്പോട്ടുകൾ വളർന്നു വരുകയുളളൂ. അത് വളർന്നു വരുക തന്നെ വേണം. ഒപ്പം അതിനോട് ചേർന്ന കടകളുടെയും, ഹോംസ്റ്റേ സാധ്യതകളും ഉയർന്നു വരും. ഒരു ടൂറിസ്റ്റ് സ്പോട് വളർന്നു വന്നാൽ എന്ത് ഗുണം എന്ന് മനസ്സിലാക്കുവാൻ എടക്കൽ ഗുഹാമുഖത്തേക്കുള്ള നടപ്പാതയിൽ ഇട്ടിരിക്കുന്ന കടകളുടെയും അതിനുള്ളിൽ ഇരിക്കുന്നവരുടെയും എണ്ണം എടുത്താൽ മതി. എത്രയെത്ര കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗമാണത്.

രാത്രി വൈത്തിരിയിൽ ആയിരുന്നു താമസം. വാടുവാൻചാലിൽ നിന്നും വൈത്തിരിക്കുള്ള വഴി തേയില തൊട്ടങ്ങളൊക്കെയായി മൂന്നാറിനെ ഓർമിപ്പിക്കുന്നു. വഴിയിൽ കൊളുന്തു നുള്ളാൻ പോയി തിരിച്ചു പോകുന്ന ചേച്ചിമാർ നിരയായി പോകുന്നു. ഊട്ടിക്ക് പോകുന്ന റോഡും ഇത് തന്നെയാണ്. പിറ്റേ ദിവസം രാവിലെ വീണ്ടും ആനത്താരകൾ ലക്ഷ്യമിട്ടു വീണ്ടും തോൽപെട്ടി വരെ പോയെങ്കിലും നിരാശപ്പെടുത്തി. പ്രതീക്ഷയോടെ പോകുമ്പോൾ കാണാറേ ഇല്ല. തിരികെ ബാണാസുര സാഗർ ഡാമിൽ എത്തിയപ്പോളേക്കും വെയിൽ കനത്തു. എങ്കിലും തണുപ്പുള്ള കാറ്റ് ആശ്വാസം തരുന്നു.

നമ്മുടെ ഫ്ലോട്ടിങ് സോളാർ പാനൽ വരാൻ പോകുന്നത് ഇവിടെ ആണ്. മലമടക്കുകൾകിടയിലാണ് അവന്റെ കിടപ്പു. തിരിച്ചു തരുവണ വൈത്തിരി റോഡിൽ അൽപ നേരം കൂടിയും മുഖം നൽകിയ ബാണാസുര സാഗർ ഡാം കണ്ടു മടക്കയാത്ര. കണ്ട കാഴ്ചകൾ എല്ലാമൊന്നും എഴുതിവെക്കാനായില്ല. പിന്നെ സ്വന്തം നാട്ടിലെ സ്ഥലങ്ങളെ എഴുതി പ്രൊമോട്ട് ചെയ്യുന്നതിലെ ഒരു സുഖം. ചെമ്പ്രയും, ബ്രഹ്മഗിരിയിലെ പക്ഷിപാതാളവും, അമ്പുകുത്തി മലയും ഇപ്പോഴും മോഹമായി അവശേഷിക്കുന്നുണ്ട്. ഇനിയും വരുവാനുള്ള ഊർജം. ഒരൊറ്റ യാത്രയിൽ വയനാട് മുഴുവൻ കണ്ടുകളയാം എന്നത് ഒരു വ്യാമോഹമാണല്ലോ.

ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യം ഇതാണ്. ഭക്ഷണകാര്യത്തിലും, താമസസൗകര്യത്തിന്റെ കാര്യത്തിലും, ശൗചാലയത്തിന്റെ കാര്യത്തിലും വൃത്തി കൂടി വരും തോറും അത് സാധാരണക്കാരന് അപ്രാപ്യമായ അവസ്ഥയിലേക്ക് നീങ്ങുന്നില്ലേ എന്നത് വിഷമമുണ്ടാക്കുന്നു. ഇതിനൊരു പരിഹാരമുണ്ടാവേണ്ടത് അത്യാവശ്യമാണ്. കെഎസ്ആർടിസിയും കുടുംബശ്രീയുമൊക്കെ വിചാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇപ്പോഴും ഉള്ളൂ.

ഷോപ്പിംഗ് കോംപ്ലക്സുകൾ കെട്ടിപ്പൊക്കി അതിനുള്ളിൽ പലതും ഉപയോഗിക്കപ്പെടാതെയും പണയം വെച്ചും നിലനിർത്തി പോകുന്നതിനു പകരം കെഎസ്ആർടിസിക്ക് വയനാട്, ഇടുക്കി പോലെയുള്ള സന്ദർശകർ കൂടുതൽ വരുന്ന ഡെസ്റ്റിനെഷനുകളിൽ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനെ പറ്റി എന്തുകൊണ്ട് ആലോചിച്ചു കൂടാ? വൃത്തിയുള്ള ശുചിമുറികൾ കെഎസ്ആർടിസി സ്റ്റേഷനുകളിൽ ഉണ്ടെങ്കിൽ പിന്നെ സാധാരണക്കാരന് ഒന്നും പേടിക്കണ്ട.

താങ്ങാവുന്ന റേറ്റിൽ വൃത്തിയുള്ള കുടുംബശ്രീ ഹോട്ടലുകൾ കൂടുതൽ തുടങ്ങേണ്ടുന്ന സമയം അധികരിച്ചു. കുടുംബശ്രീ പ്രവർത്തകർക്ക് പ്രത്യേകം പരിശീലനവും നൽകാനായാൽ ഇ രംഗത്ത് മലയാളിക്ക് രുചി വിപ്ലവം തന്നെ ഉണ്ടാക്കുവാൻ കഴിയും. ട്രിപ്പ് അഡ്വൈസർ പോലെ ലോകം തിരയുന്ന ഇടങ്ങളിൽ കൂടുതൽ റേറ്റിംഗുമായി ഇത്തരം ഇടങ്ങൾ മുന്നോട്ടു വരണം. നമ്മുടെ സംസ്ഥാനത്തിന്റെ നട്ടെല്ലാകാൻ കഴിയുന്ന ഒരു വിഭാഗമാണ് ടൂറിസം. അതിനെയും അതിന്റെ സാധ്യതകളെയും, പ്രകൃതിക്കു പരിക്കേൽപ്പിക്കാതെ ഉപയോഗിക്കുവാൻ നമുക്കാവണം.

ആർ.ജയകൃഷ്ണൻ

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ

Shares 207
Close
Close