Special

രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിന്റെ മലയാള പരിഭാഷ

നമ്മുടെ 69 -ാമത് റിപ്പബ്ലിക് ദിനത്തിന്റെ പൂര്‍വ്വസന്ധ്യയില്‍ നിങ്ങള്‍ക്കേവര്‍ക്കും ആശംസകള്‍ നേരുന്നു. നമ്മുടെ രാജ്യത്തെയും പരമാധികാരത്തെയും ആദരിക്കാനം ആഘോഷിക്കാനുമുള്ള ദിവസമാണ് ഇത്. ആരുടെ ചോരയും വിയര്‍പ്പുമാണോ നമുക്കു സ്വാതന്ത്ര്യം നേടിത്തരികയും ജനാധിപത്യ രാഷ്ട്രം രൂപപ്പെടുത്തുന്നതിനു സാഹചര്യം ഒരുക്കുകയും ചെയ്തത്, ദശലക്ഷക്കണക്കിന് വരുന്ന ആ സ്വാതന്ത്ര്യസമര സേനാനികളുടെ അളവറ്റ പരിശ്രമങ്ങളും ത്യാഗങ്ങളും നന്ദിപൂര്‍വം സ്മരിക്കേണ്ട ദിനമാണ് ഇന്ന്. എല്ലാറ്റിനും ഉപരി, ജനാധിപത്യപരമായ മൂല്യങ്ങളെ താലോലിക്കേണ്ട ദിനമാണ് ഇത്.

ഒരു റിപ്പബ്ലിക് എന്നാല്‍ അവിടത്തെ ജനങ്ങള്‍ തന്നെയാണ്. പൗരന്‍മാര്‍ ചെയ്യുന്നതു കേവലം ഒരു റിപ്പബ്ലിക് നിര്‍മ്മിച്ച് നിലനിര്‍ത്തുകയല്ല; മറിച്ച് അവര്‍ ആ രാഷ്ട്രത്തിന്റെ ഉടമസ്ഥരും ആ രാഷ്ട്രത്തെ നിലനിര്‍ത്തുന്ന സ്തംഭങ്ങളും തന്നെയാണ്. അവര്‍ ഓരോരുത്തരും രാജ്യത്തിന്റെ ഓരോ തൂണുകളാണ് – നമ്മുടെ റിപ്പബ്ലിക്കിനെ പ്രതിരോധിക്കുന്ന സൈനികനും, നമ്മുടെ റിപ്പബ്ലിക്കിന് ഭക്ഷണം നല്‍കുന്ന കര്‍ഷകനും, നമ്മുടെ റിപ്പബ്ലിക്കിനെ സുരക്ഷിതമായി നിലനിര്‍ത്തുന്ന സേനകളും, നമ്മുടെ റിപ്പബ്ലിക്കിനെ വളര്‍ത്തുന്ന അമ്മയും, നമ്മുടെ റിപ്പബ്ലിക്കിനെ സുഖപ്പെടുത്തുന്ന ഡോക്ടറും, നമ്മുടെ റിപ്പബ്ലിക്കിനെ പരിചരിക്കുന്ന നഴ്‌സും, നമ്മുടെ റിപ്പബ്ലിക്കിനെ ശുചിത്വമുള്ളതാക്കുന്ന ശുചീകരണത്തൊഴിലാളിയും, നമ്മുടെ റിപ്പബ്ലിക്കിനെ വിദ്യ അഭ്യസിപ്പിക്കുന്ന അധ്യാപകനും, നമ്മുടെ റിപ്പബ്ലിക്കിനായി പുതുമകള്‍ കണ്ടെത്തുന്ന ശാസ്ത്രജ്ഞനും, നമ്മുടെ റിപ്പബ്ലിക്കിനെ പുതിയ സഞ്ചാരപഥത്തിലേക്കു നയിക്കുന്ന മിസൈല്‍ സാങ്കേതികവിദഗ്ധനും, നമ്മുടെ റിപ്പബ്ലിക്കിന്റെ പരിസ്ഥിതി സംരക്ഷിക്കുന്ന വിവേകിയായ ഗോത്രവര്‍ഗക്കാരനും, നമ്മുടെ റിപ്പബ്ലിക്കിനെ പുതിയ സങ്കല്‍പത്തിലൂടെ കാണുന്ന എന്‍ജിനീയറും, നമ്മുടെ റിപ്പബ്ലിക് നിര്‍മിക്കുന്ന നിര്‍മാണത്തൊഴിലാളിയും, നമ്മുടെ റിപ്പബ്ലിക്കിനെ എങ്ങനെയാണു മുന്നോട്ടു കൊണ്ടുപോയതെന്ന് അഭിമാനത്തോടെ തിരിഞ്ഞുനോക്കാന്‍ അര്‍ഹതയുള്ള മുതിര്‍ന്ന പൗരന്‍മാരും, നമ്മുടെ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള ഊര്‍ജ്ജവും പ്രതീക്ഷകളും ഭാവിയും നിറഞ്ഞുനില്‍ക്കുന്ന യുവാക്കളും, നമ്മുടെ റിപ്പബ്ലിക്കിനെക്കുറിച്ചു സ്വപ്‌നം കാണുന്ന പ്രിയപ്പെട്ട കുട്ടികളുമൊക്കെ.

നമ്മുടെ റിപ്പബ്ലിക്കിനായി വ്യത്യസ്ഥമായ തരത്തില്‍ സംഭാവനകള്‍ നല്‍കിയവരില്‍ ഞാന്‍ പരാമര്‍ശിക്കാന്‍ വിട്ടുപോയവര്‍ ഉണ്ടാവും. നിങ്ങള്‍ക്കെല്ലാം സന്തോഷകരമായ റിപ്പബ്ലിക് ദിനം ആശംസിക്കുന്നു.

ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയത് 1950 ജനുവരി 26നാണ്. നമ്മുടെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ രണ്ടാമത്തെ പ്രധാന നാഴികക്കല്ലായിരുന്നു അത്. സ്വാതന്ത്ര്യം രണ്ടു വര്‍ഷത്തിലേറെക്കാലം മുമ്പേ തന്നെ യാഥാര്‍ഥ്യമായിരുന്നു. എന്നാല്‍, ഭരണഘടനയ്ക്കു രൂപം നല്‍കുകയും അംഗീകരിക്കുകയും ചെയ്തതോടെ റിപ്പബ്ലിക് രൂപീകൃതമായപ്പോഴാണ് മത, പ്രാദേശിക, ജാതി ഭേദമില്ലാതെ എല്ലാ പൗരന്‍മാരും തുല്യരായിത്തീരുന്ന ധാര്‍മികതയിലേക്കു നാം ഉയര്‍ന്നത്. ഈ തുല്യത സ്വാതന്ത്ര്യം കിട്ടിയതോടെ നാം അനുഭവിച്ചു തുടങ്ങിയ വ്യക്തിസ്വാതന്ത്ര്യത്തിനു പൂരകമായിരുന്നു. നമ്മുടെ പരമാധികാര രാഷ്ട്രവും നാം ആഗ്രഹിച്ച ഇന്ത്യയും രൂപപ്പെടുത്തുന്നതിനുള്ള സഹകരണാടിസ്ഥാനത്തിലുള്ള ശ്രമങ്ങളെ നിര്‍വചിക്കുന്ന മൂന്നാമതൊരു തത്ത്വം കൂടിയുണ്ട്. അത് സാഹോദര്യമെന്ന തത്ത്വമാണ്.

ദശലക്ഷക്കണക്കിനു പേര്‍ പങ്കെടുത്ത വലിയ പോരാട്ടത്തിലൂടെയാണു സ്വാതന്ത്ര്യം ലഭിച്ചത്. അവര്‍ക്കുണ്ടായിരുന്നതെല്ലാം; ജീവന്‍ ഉള്‍പ്പെടെ, അവര്‍ നല്‍കി. മഹാത്മാഗാന്ധിയാല്‍ നയിക്കപ്പെട്ടും പ്രചോദിപ്പിക്കപ്പെട്ടും, നമ്മെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും, സ്വാതന്ത്ര്യം ലഭിച്ചതോടെ വേണമെങ്കില്‍ വിശ്രമിക്കാമായിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം മതിയെന്ന ചിന്തയില്‍ സ്വസ്ഥരായി അവര്‍ക്കു കഴിയാമായിരുന്നു. എന്നാല്‍, അവര്‍ വിശ്രമിക്കാന്‍ തയ്യാറായില്ല. പകരം, പരിശ്രമം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ ഭരണഘടന തയ്യാറാക്കുന്ന പ്രവര്‍ത്തനത്തില്‍ മുഴുകി. ഭരണഘടനയെ കേവലം പുതിയൊരു രാഷ്ട്രത്തിനായുള്ള അടിസ്ഥാന നിയമമായല്ല, മറിച്ച് സാമൂഹിക പരിവര്‍ത്തനത്തിനുള്ള രേഖയായാണ് അവര്‍ കണ്ടത്.

ദീര്‍ഘദര്‍ശിത്വം ഉണ്ടായിരുന്ന മഹതികളും മഹാന്‍മാരുമാണു നമ്മുടെ ഭരണഘടനാ ശില്‍പികള്‍. അവര്‍ നിയമവ്യവസ്ഥയുടെയും ചട്ടങ്ങളുടെയും മഹത്വവും തിരിച്ചറിഞ്ഞിരുന്നവരായിരുന്നു. അവര്‍ നമ്മുടെ രാഷ്ട്രത്തിന്റെ നിലനില്‍പില്‍ നിര്‍ണായകമായ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്തിരുന്നവരാണ്. ഭരണഘടനയുടെയും പരമാധികാര രാഷ്ട്രത്തിന്റെയും രൂപത്തില്‍ ആ പാരമ്പര്യം പിന്‍തുടരാന്‍ നമുക്കു ഭാഗ്യമുണ്ടായി.

സഹ പൗരന്‍മാരേ,

നമ്മുടെ റിപ്പബ്ലിക് രൂപപ്പെട്ട കാലത്തെ പാഠങ്ങള്‍ ഇന്നും പ്രസക്തമാണ്. അവ, നാം എന്തു പ്രവൃത്തി ചെയ്യുമ്പോഴും എവിടെ പ്രവര്‍ത്തിക്കുമ്പോഴും എന്തൊക്കെ ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുമ്പോഴും നമുക്കു സഹായകമാവുന്നു. ആ പാഠങ്ങള്‍ നമ്മുടെ രാഷ്ട്രനിര്‍മ്മിതിക്ക് ഊര്‍ജ്ജം പകരുന്നു. രാഷ്ട്രനിര്‍മ്മിതി ബൃഹത്തായൊരു പദ്ധതിയാണ്. എന്നാല്‍, അതു പ്രധാനപ്പെട്ട ഒരു ദശലക്ഷമോ അതോ നൂറു കോടിയോ വരുന്ന ചെറു പദ്ധതികളുടെ സമാഹാരവുമാണ്. ഒന്നു മറ്റൊന്നിനേതു പോലെ പവിത്രമാണ്. ഒരു കുടുംബം സൃഷ്ടിക്കുന്നതുപോലെയോ അയല്‍ക്കൂട്ടം കെട്ടിപ്പടുക്കുന്നതുപോലെയോ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതു പോലെയോ ഒരു സംരംഭം യാഥാര്‍ഥ്യമാക്കുന്നതുപോലെയോ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതുപോലെയോ ആണു രാഷ്ട്രനിര്‍മാണം. ഒരു സമൂഹസൃഷ്ടിക്കു സമാനവുമാണത്.

സന്തുഷ്ടവും തുല്യാവസരങ്ങള്‍ ഉള്ളതുമായ കുടുംബങ്ങളും സമൂഹങ്ങളുമാണു സന്തുഷ്ടവും തുല്യാവസരങ്ങളോടു കൂടിയതുമായ രാഷ്ട്രം നിര്‍മിക്കുക- വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും ആണ്‍കുട്ടികള്‍ക്ക് തുല്യം അവകാശം പെണ്‍കുട്ടികള്‍ക്കും അനുവദിക്കുന്ന കുടുംബങ്ങള്‍. സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കാന്‍ ഗവണ്‍മെന്റുകള്‍ക്കു നയങ്ങള്‍ നടപ്പാക്കാം. പക്ഷേ, ഈ നയങ്ങളും നിയമങ്ങളും നമ്മുടെ പെണ്‍മക്കളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്ന കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മാത്രമേ ഫലപ്രദമാക്കാന്‍ സാധിക്കൂ. മാറ്റത്തിനായി അവര്‍ കാട്ടുന്ന ഉല്‍സാഹത്തിനു നേരെ നമുക്കു കാതുകളടയ്ക്കാന്‍ സാധിക്കില്ല.

ആത്മവിശ്വാസമാര്‍ന്നതും ഭാവി മുന്നില്‍ കാണുന്നതുമായ രാഷ്ട്രം നിര്‍മിക്കാന്‍ ആത്മവിശ്വാസമാര്‍ന്നതും ഭാവപ്രതീക്ഷകള്‍ ഉള്ളതുമായ യുവജനങ്ങള്‍ക്കാണ് സാധിക്കുക. നമ്മുടെ സഹപൗരന്‍മാരില്‍ 60 ശതമാനത്തിലേറെ പേര്‍ 35 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അവരിലാണു നമ്മുടെ പ്രതീക്ഷകള്‍ നിലകൊള്ളുന്നത്. സാക്ഷരത വ്യാപിപ്പിക്കുന്നതില്‍ പുരോഗതി നേടാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇനി വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും അതിരുകള്‍ വികസിപ്പിക്കാന്‍ നമുക്കു സാധിക്കണം. നമ്മുടെ ശ്രമം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കാനും നിലവാരമേറിയതാക്കാനും വികസിപ്പിക്കാനും ആയിരിക്കണം. അതോടൊപ്പം തന്നെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, ജനിതകഘടനാശാസ്ത്രം, യന്ത്രമനുഷ്യപഠനം, ഓട്ടോമേഷന്‍ തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കത്തക്കവിധം പ്രസക്തമാക്കി മാറ്റുകയും വേണം.

ആഗോളവല്‍ക്കൃത ലോകത്തില്‍ നമ്മുടെ യുവജനങ്ങളെ മത്സരക്ഷമതയുള്ളവരാക്കി മാറ്റിയെടുക്കാന്‍ പല പദ്ധതികളും മുന്നേറ്റങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്കായി ഗണ്യമായ അളവില്‍ വിഭവങ്ങള്‍ വകയിരുത്തിയിട്ടുമുണ്ട്. പ്രതിഭയുള്ള നമ്മുടെ യുവജനങ്ങള്‍ ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറാകണം.

പുതുമകളെ തേടുന്ന കുട്ടികളാണു പുതുമയാര്‍ന്ന രാഷ്ട്രം സൃഷ്ടിക്കുക. ഇതായിരിക്കണം നാം വിടാതെ പിന്‍തുടരേണ്ട ലക്ഷ്യം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കേവലം മനഃപാഠമാക്കലും അതു പുനരവതരിപ്പിക്കലും മാത്രമാകരുത്; നമ്മുടെ കുട്ടികളില്‍ ചിന്താശക്തിയും നൈപുണ്യവും വളര്‍ത്തുന്നതായിരിക്കണം. വിശപ്പിനെ കൈകാര്യം ചെയ്യുന്നതില്‍ നാം പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍, പോഷകാഹാരക്കുറവ്, ഓരോ കുട്ടിയുടെയും ഭക്ഷണത്തില്‍ ശരിയായ അളവില്‍ സൂക്ഷ്മ പോഷകങ്ങള്‍ ലഭ്യമാക്കല്‍ എന്നീ വെല്ലുവിളികള്‍ നിലനില്‍ക്കുകയാണ്. ഇതു കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വികാസത്തില്‍ പ്രധാനമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയെ സംബന്ധിച്ചും ഇതു പ്രധാനമാണ്. മനുഷ്യവിഭവമെന്ന മൂലധനത്തിലേയ്ക്ക് നമുക്കു നിക്ഷേപം നടത്തേണ്ടതുണ്ട്.

നമ്മുടെ നഗരങ്ങളിലോ ഗ്രാമങ്ങളിലോ ഉള്ള പൗരബോധമുള്ള അയല്‍ക്കൂട്ടങ്ങളാണു പൗരബോധമുള്ള രാഷ്ട്രം നിര്‍മിക്കുക. ആഘോഷ വേളകളിലോ പ്രതിഷേധ വേളകളിലോ മറ്റോ നമ്മുടെ അയല്‍ക്കാര്‍ക്കു നാം ബുദ്ധിമുട്ടു സൃഷ്ടിക്കാതിരിക്കുമ്പോഴും അടുത്ത വീട്ടുകാര്‍ക്കുള്ള സ്ഥാനവും സ്വകാര്യതയും അവകാശങ്ങളും നാം മാനിക്കുമ്പോഴുമാണ് ഇതു സംഭവിക്കുക. സഹ പൗരന്റെ അന്തസ്സിനെയും വ്യക്തിപരമായ ഇടത്തെയും അവഹേളിക്കാതെ ഒരാള്‍ക്കു മറ്റൊരാളുടെ കാഴ്ചപ്പാടുമായി വിയോജിക്കാനും ചരിത്രപരമായ കാര്യങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാനും സാധിക്കുമ്പോഴാണ് അതു സാധിക്കുന്നത്. ഇതാണു പ്രവര്‍ത്തനത്തിലുള്ള സാഹോദര്യം.

സഹപൗരന്മാരേ,
നിസ്വാര്‍ത്ഥതയെന്ന ബോധത്തോടു കൂടിയ ഒരു രാഷ്ട്രം നിര്‍മിക്കപ്പെടുന്നത് നിസ്വാര്‍ത്ഥതയെ പുല്‍കിയിട്ടുള്ള ജനങ്ങളാലും ഒരു സമൂഹത്താലുമാണ്. കടല്‍ത്തീരങ്ങള്‍, നദികള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ സന്നദ്ധസംഘങ്ങളാല്‍ ശുചീകരിക്കപ്പെടുന്നത് അവിടെയാണ്. അനാഥരായ കുട്ടികള്‍ക്കും, വീടില്ലാത്ത ജനങ്ങള്‍ക്കും, കൂടില്ലാത്ത മൃഗങ്ങള്‍ക്കു പോലും പരിചരണം ലഭിക്കുന്നതും അവിടെയാണ്. നമുക്ക് അപരിചിതരായ സഹ പൗരന്മാര്‍ക്കായി രക്തമോ, അവയവമോ നാം ദാനം ചെയ്യുന്നതും അവിടെയാണ്. കുട്ടികളെ പഠിപ്പിക്കുന്നതിനും, വിദ്യാഭ്യാസത്തിന്റെ ഇന്ദ്രജാലത്താല്‍ അവരുടെ ജീവിതം മാറ്റുന്നതിനുമായി ആദര്‍ശധീരരായ വ്യക്തികള്‍ വിദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അവിടെയാണ്. ആരെങ്കിലും അങ്ങനെ ചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടിട്ടല്ല അവര്‍ അങ്ങനെ ചെയ്യുന്നത്, മറിച്ച് ഒരു ഉള്‍വിളിയാലാണത്.

ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന കുടുംബം ഒരു ആനുകൂല്യം സ്വയം ഉപേക്ഷിക്കാന്‍ തയ്യാറാകുന്നത് അവിടെയാണ്- ഇന്നത് എല്‍പിജി സബ്ഡിഡിയാകാം, നാളെയത് മറ്റെന്തെങ്കിലും ആനുകൂല്യമാകാം- ഇതിലൂടെ കൂടുതല്‍ ആവശ്യക്കാരായ മറ്റൊരു കുടുംബത്തിന് അത് ഉപയോഗപ്പെടുത്താനാകും. നമുക്കുള്ള വിശേഷ അധികാരങ്ങളെയും, നമുക്ക് ലഭിക്കുന്നതായ ആനുകൂല്യങ്ങളെയും തമ്മില്‍ നമുക്കെല്ലാവര്‍ക്കും താരതമ്യം ചെയ്യാം. തുടര്‍ന്ന് സമാനമായ പശ്ചാത്തലത്തില്‍ നിന്നു വരുന്ന വിശേഷാധികാരം കുറഞ്ഞവരിലേക്ക് നോക്കാം, നാമൊരിക്കല്‍ തുടങ്ങിയിടത്തു നിന്നും തുടങ്ങുന്നവരെ. അവന്റെയോ, അവളുടെയോ ആവശ്യങ്ങള്‍ നമ്മുടേതിനേക്കാള്‍ വലുതാണോ എന്ന് നമുക്കോരോരുത്തര്‍ക്കും ആത്മപരിശോധനയോടെ ചോദിക്കാം. മനുഷ്യസ്‌നേഹത്തിന്റെയും, ദാനം ചെയ്യലിന്റെയും സത്ത, വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമുക്കത് പുതുക്കാം.

സാംസ്‌കാരികമായി ഊര്‍ജ്ജസ്വലമായ ഒരു രാഷ്ട്രം നിര്‍മിക്കപ്പെടുന്നത് സാംസ്‌കാരിക പാരമ്പര്യങ്ങളും, കലാരൂപങ്ങളും, കരകൗശലവിദ്യയും കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ ഇച്ഛാശക്തിയിലൂടെയാണ്. ഇത് നാടന്‍ കലാകാരന്മാരോ, പരമ്പരാഗത സംഗീതജ്ഞരോ, നെയ്ത്ത്, കൈത്തറി തൊഴിലാളികളോ, നൂറ്റാണ്ടുകളായി അതിസുന്ദരമായ കളിപ്പാട്ടങ്ങള്‍ തടിയില്‍ നിര്‍മിക്കുന്ന കുടുംബങ്ങളില്‍പ്പെട്ടവരോ ആകട്ടെ. മുളയില്‍ നിന്നും നിത്യോപയോഗ വസ്തുക്കള്‍ നിര്‍മിക്കുന്നവരുമായിക്കൊള്ളട്ടെ.

അച്ചടക്കവും, ആദര്‍ശമുയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു രാഷ്ട്രം നിര്‍മ്മിക്കപ്പെടുന്നത് അച്ചടക്കമുള്ളതും, ആദര്‍ശമുയര്‍ത്തിപ്പിടിക്കുന്നതുമായ സ്ഥാപനങ്ങളിലൂടെയാണ്. മറ്റ് സ്ഥാപനങ്ങളുമായുള്ള സാഹോദര്യ ബന്ധത്തെ ബഹുമാനിക്കുന്ന സ്ഥാപനങ്ങളിലൂടെയാണത്. സത്യനിഷ്ഠ, അച്ചടക്കം, പ്രവര്‍ത്തന പരിധി എന്നിവ മികവില്‍ വിട്ടുവീഴ്ച വരാത്ത രീതിയില്‍ നിലനിര്‍ത്തിപ്പോരുന്ന സ്ഥാപനങ്ങളിലൂടെ. എല്ലായ്‌പ്പോഴും അവിടെയുള്ള വ്യക്തികളേക്കാള്‍ വളരെയധികം പ്രധാനപ്പെട്ടതായ സ്ഥാപനങ്ങളിലൂടെ. ജനങ്ങളുടെ രക്ഷാധികാരികളെന്ന നിലയില്‍, അധികാരികളും, അംഗങ്ങളും അവര്‍ സ്ഥാനം വഹിക്കുന്ന കാര്യാലയങ്ങളെ കാര്യപ്രാപ്തിയിലേക്കെത്തിക്കുന്ന സ്ഥാപനങ്ങളിലൂടെ.

ഇന്ത്യയുടെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഉന്നതമായ തലമെന്നത് തീര്‍ച്ചയായും മികച്ചൊരു ലോകം നിര്‍മ്മിക്കുന്നതിന് സംഭാവന ചെയ്യുകയെന്നുള്ളതാണ്- സമ്മിശ്രമായതും, ഒരുമിച്ചു നില്‍ക്കുന്നതുമായ ഒരു ലോകം, സ്വയമേവ ശാന്തമായതും, പ്രകൃതിയുമായി സമാധാനത്തില്‍ വര്‍ത്തിക്കുന്നതുമായ ഒരു ലോകം. ഇതാണ് വസുധൈവ കുടുംബകം എന്ന ആദര്‍ശം- ലോകം ഒരു കുടുംബമായി മാറുന്നു. സംഘര്‍ഷങ്ങളുടെയും, ഭീകരവാദത്തിന്റേതുമായ ഇക്കാലത്ത് ഈ ആദര്‍ശം അപ്രായോഗികമാണെന്ന് തോന്നാം. പക്ഷേ, ആയിരക്കണക്കിന് വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രചോദിപ്പിച്ചിരുന്ന ആശയമാണത്- നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ രചനാരീതിയില്‍ അതേ ആദര്‍ശത്തെ അനുഭവിച്ചറിയാനാകും. അനുകമ്പ, ആവശ്യക്കാരെ സഹായിക്കല്‍, അയല്‍ക്കാരുടെയും, ദൂരെയുള്ളവരുടെയും ശേഷി വികസനം തുടങ്ങിയ തത്വങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അടിസ്ഥാനമുറപ്പിച്ചിരിക്കുന്നു. ഇവയാണ് അന്താരാഷ്ട്ര സമൂഹത്തിന് നാം നല്‍കുന്നതായ തത്വങ്ങള്‍.

നമ്മുടെ ആഗോള ഇന്ത്യന്‍ കുടുംബത്തെയും ഉദ്ദേശിച്ചുള്ളവയാണ് ഈ തത്വങ്ങള്‍. വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാര്‍ മാനുഷികമായതോ, സമാനമായതോ ആയ വെല്ലുവിളികള്‍ നേരിടുമ്പോള്‍, നാം ഒരു രാജ്യമെന്ന നിലയ്ക്ക് അവരുടെ സമീപത്തേയ്‌ക്കെത്തുന്നത് സ്വാഭാവികമാണ്. നാം ചെയ്തിട്ടുണ്ട്, തുടര്‍ന്നും അതു ചെയ്യും.

സഹപൗരന്മാരേ,
സ്വാതന്ത്ര്യത്തിനും നമ്മുടെ ആദ്യ റിപ്പബ്ലിക് ദിനത്തിനും ഇടയിലുള്ള ആ മഹത്തായ കാലഘട്ടത്തെ കുറിച്ച് ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. ഇത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ പരിശ്രമത്തിന്റെയും, ആത്മാര്‍പ്പണത്തിന്റെയും,നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും കാലഘട്ടമായിരുന്നു. നമ്മുടെ സമൂഹത്തിന്റെ അപഭ്രംശങ്ങളെ ശരിയാക്കുന്നതിനുള്ള കാലഘട്ടവുമായിരുന്നു ഇത്. ഇന്ന്, നാം സമാനമായ ഒരു നിര്‍ണ്ണായകസന്ധിയിലാണ്. നാം ഒരു രാഷ്ട്രമെന്ന നിലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിക്കുന്നു. നമുക്ക് നമ്മുടെ ജനായത്തഭരണം നേടിതന്ന തലമുറയുടെ അതേ ഉത്സാഹത്തോടെ നാം അതിലേക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

2020-ല്‍ നമ്മുടെ റിപ്പബ്ലിക്കിന് 70 തികയും. 2022 ല്‍ നാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കും. ഇവയെല്ലാം പ്രത്യേകതയാര്‍ന്ന സന്ദര്‍ഭങ്ങളാണ്. ഈ വേളയില്‍ നാം നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളും ഭരണഘടനാ ശില്‍പികളും ചെയ്ത പോലെ ഓരോ പൗരനും അവന്റെ/അവളുടെ മുഴുവന്‍ അന്തര്‍ലീനശക്തിയും സാക്ഷാത്ക്കരിക്കാന്‍ കഴിയുന്ന ഒരു മെച്ചപ്പെട്ട ഇന്ത്യയുടെ സൗധം നിര്‍മ്മിക്കുന്നതിന് പ്രയത്‌നിക്കേണ്ടതുണ്ട്. 21-ാം നൂറ്റാണ്ടില്‍ അതിന്റെ അര്‍ഹമായ സ്ഥാനത്ത് എത്തിച്ചേരുന്ന ഇന്ത്യ.

നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരുടെ ജീവിതങ്ങള്‍ നാം ഇനിയുമേറെ മെച്ചപ്പെടുത്തേണ്ടതുണ്ട്. 100 കോടിയലധികം വരുന്ന നമ്മെ ഊട്ടുന്നതിന് അമ്മമാരെ പോലെ അവര്‍ കഷ്ടതകള്‍ അനുഭവിക്കുന്നു. നമ്മുടെ സായുധ സേനയിലെയും പോലീസിലെയും അര്‍ദ്ധസൈനിക സേനകളിലെയും ധീര സേനാനികള്‍ക്ക് അവര്‍ക്കാവശ്യമുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിന് നാം നമ്മുടെ തന്ത്രപ്രധാന നിര്‍മ്മാണ മേഖലയെ തുടര്‍ന്നും ആധുനീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ദാരിദ്ര്യവും പട്ടിണിയും നിര്‍മ്മാര്‍ജ്ജനം ചെയ്യാനും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യവും സാര്‍വത്രികമാക്കുന്നതിനും, നമ്മുടെ പെണ്‍മക്കള്‍ക്ക് എല്ലാ മേഖലകളിലും തുല്യാവസരങ്ങള്‍ നല്‍കുന്നതിനും നമ്മെ പ്രതിജ്ഞാബദ്ധരാക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അതിവേഗം നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ശുദ്ധവും, ഹരിതാഭവും, കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഊര്‍ജ്ജം നമ്മുടെ ജനങ്ങളിലേക്ക് നമുക്ക് എത്തിക്കേണ്ടതുണ്ട്.

സ്വന്തമായൊരു ഭവനം കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വേണ്ടി എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യം ഒരു ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിത്തീരുമെന്ന് നാം ഉറപ്പ് വരുത്തണം. സാമര്‍ത്ഥ്യത്തിന്റെ ദേശവും, സമര്‍ത്ഥര്‍ക്ക് അന്തമില്ലാത്ത അവസരങ്ങളുടെ ദേശവുമായി ഒരു ആധുനിക ഇന്ത്യയെ നാം രൂപപ്പെടുത്തണം.

ഇതിനെല്ലാം ഉപരി, നമ്മുടെ സാമ്പത്തികഭദ്രത കുറഞ്ഞ സഹോദരീ സഹോദരന്മാര്‍ക്കെല്ലാം അടിസ്ഥാന ആവശ്യങ്ങളും അത്യാവശ്യമായ മാന്യതയും പ്രദാനം ചെയ്യാതെ നമ്മുടെ ജനാധിപത്യ ഭരണത്തിന് വിശ്രമിക്കാനോ സംതൃപ്തി അടയാനോ സാധിക്കില്ല. വിശേഷാധികാരം കുറഞ്ഞ സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നും, ദുര്‍ബല സമൂഹങ്ങളില്‍ നിന്നും, ഇപ്പോഴും ദാരിദ്ര്യത്തിന്റെ വക്കില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍ നിന്നുമുള്ളവരെയാണ് ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. ദാരിദ്ര്യമെന്ന ശാപം കഴിവതും കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്നത് നമ്മുടെ പവിത്രമായ കടമയാണ്. ഇക്കാര്യത്തില്‍ പരമാധികാര രാഷ്ട്രത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

സഹപൗരന്മാരേ,
ഒരു വികസിത ഇന്ത്യയെന്ന വാഗ്ദാനം നമ്മെ മാടിവിളിക്കുകയാണ്. നാം ഏറ്റെടുത്തിരിക്കുന്ന, നമ്മുടെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയിലെ പുതിയ ഘട്ടമാണ് ഇത്. നമ്മുടെ യുവജനങ്ങള്‍ അവരുടെ കാഴ്ചപ്പാടുകള്‍ക്കും, അഭിലാഷങ്ങള്‍ക്കും, ആദര്‍ശങ്ങള്‍ക്കും അനുസരിച്ച് മുന്നോട്ട് കൊണ്ടു പോകേണ്ടതും ഉയര്‍ത്തേണ്ടതുമായ റിപ്പബ്ലിക്കാണിത്. അവരുടെ കാഴ്ചപ്പാടുകളും, അഭിലാഷങ്ങളും, ആദര്‍ശങ്ങളും നമ്മുടെ ജനാധിപത്യ മൂല്യങ്ങളില്‍ നിന്നും നമ്മുടെ പ്രാചീന ഭാരതീയ ധര്‍മ്മചിന്തയില്‍ നിന്നും എപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.

ഈ വാക്കുകളോടെ, ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സന്തോഷപ്രദമായ ഒരു റിപ്പബ്ലിക് ദിനം ആശംസിക്കുന്നു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ ശോഭയാര്‍ന്നതും, സന്തുഷ്ടവുമായ ഭാവിയും ആശംസിക്കുന്നു.

നന്ദി
ജയ് ഹിന്ദ് !

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close