Special

രക്തബന്ധത്തിനുമപ്പുറം ചേർത്തു പിടിച്ച് സ്നേഹബന്ധം

കുഞ്ഞുങ്ങൾ മാറിപ്പോയ കേസിൽ അപൂർവ്വ വിധിയുമായി കോടതി

ദിസ്പൂർ : ആ കുഞ്ഞു കണ്ണുകളിൽ നോക്കി വിങ്ങിപൊട്ടുന്ന അച്ഛനമ്മമാരെ കാണാതിരിക്കാൻ ഒരു നീതി ദേവതയ്ക്കും കഴിയുമായിരുന്നില്ല. രക്തബന്ധത്തിനുമപ്പുറത്തെ സ്നേഹബന്ധമാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിന് തെളിവായെത്തിയത്.

കുഞ്ഞുങ്ങൾ പരസ്പരം മാറിപോയ കേസിൽ അസം കോടതിയാണ് അപൂർവ്വവും എന്നാൽ സ്നേഹത്തെ മഹനീയമായ തലത്തിലേക്ക് ഉയർത്തിയതുമായ വിധി പ്രഖ്യാപിച്ചത്.അച്ഛനമ്മമാര്‍ പരസ്പരം മാറി ജീവിച്ച കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കാമെന്ന് കോടതി വിധി .

2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ ഒരു ബോഡോ കുടംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച കുഞ്ഞുങ്ങൾ തമ്മിലാണ് പരസ്പരം മാറിപ്പോയത്. മുസ്ലീം അദ്ധ്യാപകന്റെ ഭാര്യയ്ക്കാണ് തങ്ങൾ വളർത്തുന്നത് സ്വന്തം കുഞ്ഞല്ലെന്ന സംശയം ആദ്യം ഉണ്ടായത്.തങ്ങളുടെ കുടുംബാംഗങ്ങളുടെ ഛായ കുഞ്ഞിനില്ലെന്ന് മാത്രമല്ല ആശുപത്രിയിൽ തനിക്കൊപ്പം പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ബോഡോ സ്ത്രീയുമായി കുഞ്ഞിനു സാമ്യം ഉള്ളതായി അവർക്ക് സംശയം ഉണ്ടാവുകയും ചെയ്തു.

ഈ സംശയം അവർ ഭർത്താവുമായി പങ്കു വയ്ച്ചതോടെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ തീരുമാനിച്ചു.എന്നാൽ ആശുപത്രി അധികൃതർ ഈ വാദം നിരാകരിക്കുകയായിരുന്നു.എന്നാൽ മുസ്ലീം കുടുംബം കുഞ്ഞുങ്ങൾ ജനിച്ച മാർച്ച് 11 ന് ആശുപത്രിയിൽ നടന്ന പ്രസവവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ശേഖരിച്ചു.അതോടെ സംശയം ബലപ്പെട്ടു.

ബോഡോ കുടുംബത്തിനെയും ഇവർ വിവരമറിയിച്ചിരുന്നെങ്കിലും അവരും ഇത് അംഗീകരിച്ചില്ല.തുടർന്ന് ഇവർ സ്വന്തം നിലയിലും,പൊലീസിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷവും ഡി എൻ എ ടെസ്റ്റിനു വിധേയരായി.ഇതിലാണ് കുഞ്ഞുങ്ങൾ മാറിപ്പോയത് സ്ഥിരീകരിച്ചത്.

ഒടുവിൽ ഇരു കുടുംബങ്ങളും കുട്ടികളെ പരസ്പരം കൈമാറണമെന്ന സംയുക്ത ഹര്‍ജി കോടതിയില്‍ നല്‍കി. തുടര്‍ന്ന് ജനുവരി 4 ന് കുട്ടികളെ കൈമാറ്റം ചെയ്യാൻ കോടതി നിർദേശിച്ചു.എന്നാൽ ആ ദിവസം കോടതിയിൽ അരങ്ങേറിയത് ആരുടെയും കണ്ണ് നനയിക്കുന്ന കാഴ്ചകളായിരുന്നു.ഇരു കുഞ്ഞുങ്ങളും ഏറെ കരഞ്ഞു തളർന്നു.പോറ്റി വളർത്തിയ കുഞ്ഞിനെയാണോ,സ്വന്തം കുഞ്ഞിനെയാണോ സമാധാനിപ്പിക്കേണ്ടതെന്നറിയാതെ അച്ഛനമ്മമാരും തളർന്നു.ഒടുവിൽ രക്തബന്ധത്തിനുമപ്പുറം വളർന്ന സ്നേഹബന്ധത്തെ അവർ സ്വീകരിച്ചു.ഇത്രനാളും സ്നേഹിച്ച കുഞ്ഞിനെ ഒപ്പം നിര്‍ത്തി സ്വന്തം കുഞ്ഞിനെ വിട്ടു കൊടുക്കാനായിരുന്നു അവരുടെ തീരുമാനം.

അങ്ങനെയാണ് അവര്‍ കോടതിയെ സമീപിച്ചത്.യഥാര്‍ഥ അമ്മമാര്‍ക്കൊപ്പം അല്‍പ സമയം ചിലവഴിക്കാന്‍ കുഞ്ഞുങ്ങളെ അനുവദിച്ച കോടതി ആർക്കൊപ്പം പോകണമെന്ന് പ്രായപൂർത്തിയാകുമ്പോൾ കുട്ടികൾ തീരുമാനിക്കട്ടെ എന്ന വിധിയാണ് പ്രഖ്യാപിച്ചത്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close