Special

ധർമ്മ സൂര്യൻ

സത്യവും അഹിംസയും കൊണ്ട് ജീവിതത്തിന്റെ ഊടും പാവും നെയ്ത് ഭാരതത്തിന്റെ ഭാഗധേയം ആ ജീവിതം കൊണ്ട് നിർണയിച്ച അർദ്ധ നഗ്നനായ സന്യാസിയുടെ രക്തസാക്ഷിത്വ ദിനമാണ് ജനുവരി 30.

തനിക്ക് ശരിയെന്ന് തോന്നുന്നതിനൊപ്പം ഉറച്ചു നിൽക്കാനും അതിനു വേണ്ടി ഏത് പ്രതിസന്ധികളേയും തരണം ചെയ്യാനുമുള്ള നിശ്ചയ ദാർഢ്യം ഗാന്ധിജിയിലുണ്ടായിരുന്നിടത്തോളം മറ്റാരിലും നമുക്ക് ദർശിക്കാനാവില്ല . ഗുജറാത്തിലെ പോർബന്തറിൽ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരം നടത്തുന്ന ഒരു കുടുംബത്തിൽ ജനിച്ച മോഹൻ ദാസ് കരം ചന്ദ് ഗാന്ധി ലോകത്തിന്റെ മഹാത്മാ ആയതിനു പിന്നിലെ സൂത്രവാക്യം ജീവിതത്തെ സത്യമായി കാണുക എന്നത് മാത്രമായിരുന്നു.

സത്യം, അഹിംസ എന്നീ തത്വങ്ങളിൽ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്‍റെ ജീവിതം ഒഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പോലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നു അദ്ദേഹം. എന്‍റെ ജീവിതം തന്നെയാണ് എന്‍റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവർക്ക് മാർഗ ദർശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടേയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം എന്ന ആഹ്വാനം ചെവിക്കൊണ്ട് പതിനായിരങ്ങളാണ് പഠനവും, ജോലി ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്. ഉപ്പ് സത്യാഗ്രത്തിലൂടേയും, ക്വിറ്റ് ഇന്ത്യാ സമരത്തിലൂടേയും ഗാന്ധിജി ഒരു രാജ്യത്തിനു തന്നെ മാർഗ ദീപമായി നിലക്കൊണ്ടു അദ്ദേഹം..

1893 ജൂൺ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നിന്നും പ്രിട്ടോറിയയിലേക്കുള്ള യാത്രക്കിടെ വർണവിവേചനത്തിന്റെ കരാള ഹസ്തങ്ങൾ ഗാന്ധിയെ പീറ്റർ മാരിറ്റ്സ്ബർഗ് സ്റ്റേഷനിലേക്ക് തള്ളിയിറക്കുമ്പോൾ ഒരു ഐതിഹാസിക ജീവിതത്തിന് തിരശ്ശീല ഉയരുകയായിരുന്നു. ലജ്ജാശീലനായ മോഹൻദാസ് പ്രതിഷേധിക്കാൻ പഠിക്കുന്നത് അവിടെ നിന്നാണ് . (എം കെ ഗാന്ധിയെന്ന ഒരാളെ വർണവിവേചനം കാരണം ട്രെയിനിന്റെ ഒന്നാം ക്ലാസിൽ നിന്നും ഇറക്കിവിട്ടെന്നും വർണ വിവേചനത്തിനെതിരെ പൊരുതാൻ ഗാന്ധിയെ പ്രേരിപ്പിച്ചത് ആ സംഭവമാണെന്നും രേഖപ്പെടുത്തിയ ഫലകം പീറ്റർമാർറ്റ്സ്ബർഗ് റെയിൽവേസ്റ്റേഷനിൽ സ്ഥിതി ചെയ്യുന്നുണ്ട് ).

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരെ സംഘടിപ്പിക്കാനുള്ള ശ്രമമാരംഭിക്കുന്നതും ആ സംഭവത്തിനു ശേഷമാണ്. ഒരു പക്ഷേ ആ വെള്ളക്കാരൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എവിടെയെങ്കിലും ഒരു ദേശത്ത് ഒരു സാധാരണ ബാരിസ്റ്ററായി ആ ജീവിതം ഒടുങ്ങിയേനെ .

1894 ൽ നേറ്റാളിലെ ഇന്ത്യക്കാർക്ക് വേണ്ടീ നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് എന്ന സംഘടന സ്ഥാപിച്ചു കൊണ്ടായിരുന്നു ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടു വയ്പ് . പിന്നീടെല്ലാം ചരിത്രമാണ് .ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരെ സംഘടിപ്പിച്ചയാൾ പിന്നീട് ഭാരതത്തിൽ വിവിധ മേഖകളിൽ പെട്ടവരെ സ്വാതന്ത്ര്യ സമരത്തിനായി സംഘടിപ്പിച്ചു.

ചരിത്രത്തിൽ അന്നുവരെ നടപ്പാക്കപ്പെട്ടിട്ടില്ലാത്ത പല സമരമുറകളും പ്രയോഗിച്ചു . സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ തന്റെ ജനകീയതയും സത്യസന്ധതയും കൊണ്ട് വിറപ്പിച്ചു . മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാനാകാത്ത തരത്തിൽ പ്രവർത്തിച്ചു . അതെ ഗാന്ധിജിക്ക് തുല്യം ഗാന്ധിജി മാത്രം

എന്റെ ഗുരുനാഥൻ എന്ന കവിതയിലെ ചുരുങ്ങിയ വരികളിലൂടെ മഹാകവി വള്ളത്തോൾ ഗാന്ധിജിയെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്

ഗീതയ്ക്ക് മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കർമയോഗിയെ പ്രസവിക്കൂ
ഹിമവദ് വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിഹത്തിനെ

ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ
നമസ്തേ ഗതതർഷ , നമസ്തേ ദുരാധർഷ
നമസ്തേ സുമഹാത്മൻ നമസ്തേ ജഗദ് ഗുരോ !

ഭഗവദ് ഗീതയുടെ മാതാവായ ഭാരതത്തിനു മാത്രം പ്രസവിക്കാൻ കഴിഞ്ഞ കർമയോഗിയുടെ ശരീര നിഗ്രഹം നടത്താൻ ഗോഡ്സേയ്ക്ക് കഴിഞ്ഞിട്ടുണ്ടാകും.പക്ഷേ ഗാന്ധിയെന്ന അനാസക്തവാദി ഭാരതത്തിനു പകർന്നു തന്ന , ആയുധത്താൽ മുറിവേൽക്കാത്ത , തീയാൽ ദഹിപ്പിക്കപ്പെടാത്ത ആത്മബലത്തെ ആർക്കാണ് ഹനിക്കാനാകുക ?

Shares 824

Post Your Comments

Close
Close