Health

കുട്ടികളുടെ നല്ല ആരോഗ്യം പാലിലൂടെ

ഭക്ഷണത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരെക്കാളും നമ്മള്‍ എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുന്നത് കുഞ്ഞുങ്ങള്‍ക്കായിരിക്കും. ചെറിയ പ്രായത്തില്‍ അവരുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ചേരുന്ന ഘടകങ്ങളായിരിക്കും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഈ ശ്രേണിയില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് പാലും പാല്‍ ഉത്പന്നങ്ങളും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാല്‍ സമൃദ്ധമാണ് പാല്‍ ഉത്പന്നങ്ങള്‍.

പാല്‍, ചീസ്, യോഗര്‍ട്ട്, തൈര്, ക്രീം തുടങ്ങിയവ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, റൈബോഫ്‌ളേവിന്‍, വൈറ്റമിന്‍ എ, ഡി, ബി12, ന്യൂട്രിയന്റ്‌സ് എന്നിവയാല്‍ സമ്പുഷ്ടമാണ്. പാലിന്റെ കൂടുതല്‍ ഗുണങ്ങളെക്കുറിച്ച് താഴെ വായിക്കാം.

* എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യവും ഫോസ്ഫറസും ബോണ്‍ ഡെന്‍സിറ്റി കൂട്ടുന്നു. ദിവസേന പാല്‍ കുടിക്കുന്നത് വളര്‍ച്ചയെ സഹായിക്കുന്നതിനൊപ്പം എല്ലുകളെ ബലമുള്ളതാക്കുന്നു. പാല്‍ ഉത്പന്നങ്ങളുടെ ഉപയോഗം ഒസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നു. പാല്‍ പുളിപ്പിച്ച് തയ്യാറാക്കുന്ന യോഗര്‍ട്ടില്‍ പാലില്‍ അടങ്ങിയിട്ടുള്ളതിലും അധികം ന്യൂട്രിയന്റ്‌സ് അടങ്ങിയിട്ടുണ്ട്.

* പല്ലിന്റെ ആരോഗ്യത്തിനും ബലത്തിനും ഏറെ നല്ലതാണ്. പാലില്‍ അടങ്ങിയിരിക്കുന്ന കസെയ്ന്‍ എന്ന പ്രോട്ടീന്‍ ദന്തക്ഷയത്തെ ചെറുത്ത് പല്ലുകള്‍ക്ക് ഉറപ്പു നല്‍കുന്നു. പാല്‍, ചീസ്, യോഗര്‍ട്ട് എന്നിവയിലടങ്ങിയിരിക്കുന്ന കാല്‍സ്യം ഗം ഡിസീസിനെ തടയുന്നു.

* നിര്‍ജലീകരണം തടയുന്നു. വിയര്‍പ്പിന്റെ രൂപത്തില്‍ കുഞ്ഞുങ്ങളില്‍ നിന്നും ധാരാളമായി ജലം നഷ്ടപ്പെടുന്നുണ്ട്. ദ്രവരൂപത്തില്‍ ഉള്ളിലെത്തുന്ന പാല്‍ ശരീരത്തിനുള്ളിലേക്ക് ആവശ്യമായ ജലാംശം എത്തിക്കുന്നു. നല്ലൊരു ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്റര്‍ കൂടിയാണ് പാല്‍. പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സോഡിയവും പൊട്ടാസ്യവും മികച്ച രീതിയില്‍ ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തുന്നു. കുട്ടികള്‍ക്ക് ചൂടു കാലാവസ്ഥയില്‍ തൈരില്‍ അല്‍പ്പം ഉപ്പു ചേര്‍ത്തു നല്‍കുന്നതും നല്ലതാണ്.

* രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. കൂടിയ രക്തസമ്മര്‍ദ്ദം ഇന്ന് കുട്ടികളിലും വളരെ സാധാരണമാണ്. ഇത് അവരുടെ ഹൃദയത്തെയും രക്തധമനികളെയും മറ്റ് അവയവങ്ങളെയും സാരമായി ബാധിച്ചേക്കാവുന്ന ഒന്നാണ്. പൊട്ടാസ്യം നിറഞ്ഞ ഭക്ഷണങ്ങളാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഏറ്റവും ഉത്തമം. പാല്‍ യോഗര്‍ട്ട് എന്നിവയില്‍ പൊട്ടാസ്യം ധാരാളമായി ചേര്‍ന്നിട്ടുണ്ട്. പാലില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് പെപ്‌റ്റൈഡ്‌സും രക്തസമ്മര്‍ദ്ദം സന്തുലനാവസ്ഥയില്‍ ആക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

* കുഞ്ഞുങ്ങളിലെ അമിതവണ്ണം ഇന്ന് വളരെ സാധാരണമാണ്. ലോകത്താകമാനമുള്ള കുട്ടികളില്‍ 10ല്‍ ഒരാള്‍ അമിതവണ്ണം മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാല്‍ ഉത്പന്നങ്ങള്‍ക്ക് ഇതിനെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കും. പാല്‍ അമിതവണ്ണം ഉണ്ടാക്കും എന്നത് തെറ്റായ ധാരണയാണ്. ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യം ബോഡി ഫാറ്റ് കുറയ്ക്കുകയാണ് ചെയ്യുന്നത്. ഈ ഗണത്തില്‍ ഫ്‌ളേവര്‍ ചേര്‍ത്ത പാല്‍ മറ്റു മധുരപാനീയങ്ങളെക്കാള്‍ നല്ലതാണ്.

* ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുന്നു. 10 വയസു വരെയുള്ള കുട്ടികളുടെ ശരീരത്തിന് വേണ്ടുന്ന ഘടകമാണ് കാല്‍സ്യം. കാരണം ഈ സമയത്താണ് അവരുടെ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ച കാര്യമായി നടക്കുന്നത്. പാലില്‍ വളരെ അധികം കാല്‍സ്യം ചേര്‍ന്നിട്ടുണ്ട്.

കുട്ടികള്‍ക്ക് ഇട ഭക്ഷണമായി പാല്‍ നല്‍കുന്നത് വളരെ നല്ലതാണ്. പാല്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് സോയ മില്‍ക്ക് അല്ലെങ്കില്‍ തൈര് നല്‍കാവുന്നതാണ്. അതുമല്ലെങ്കില്‍ കുട്ടികള്‍ക്ക് അവരിഷ്ടപ്പെടുന്ന ചോക്കലേറ്റ് പോലുള്ള ഫ്‌ളേവറുകള്‍ ചേര്‍ത്തും നല്‍കാം. ചീസ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. ചെറു പലഹാരങ്ങള്‍ക്കിയിലോ സാന്‍ഡ്‌വിച്ചിലോ വച്ച് ചീസ് നല്‍കാം.

 

 

580 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close