Special

അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള വിഹിതം 5.97 ലക്ഷം കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു

അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള 2018-19 കാലയളവിലെ വിഹിതം 5.97 ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായി ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 2017-18 ല്‍ അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള വിഹിതം 4.94 ലക്ഷം കോടി രൂപയായിരുന്നു. നഗര മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രത്യേകമായി വികസിപ്പിക്കുന്നതിന് ഗവണ്‍മെന്റ് പദ്ധതിയിടുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ 100 ആദര്‍ശ് സ്മാരകങ്ങളില്‍ വിനോദ സഞ്ചാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. സ്മാര്‍ട്ട് സിറ്റി പദ്ധതി, അമൃത് പദ്ധതി എന്നിവ നടപ്പാക്കിയ രീതിയെ ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കായി 2.04 ലക്ഷം കോടി രൂപ മതിപ്പു ചെലവില്‍ 99 സിറ്റികള്‍ തെരഞ്ഞെടുത്തു. 2350 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും, 20,852 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. പൈതൃത നഗരങ്ങളുടെ പുനരുജ്ജീവനത്തിനായി പൃദയ് പദ്ധതി നടപ്പാക്കി.

അമൃത് പദ്ധതിയിലൂടെ 500 നഗരങ്ങളില്‍ 77,640 കോടി രൂപയുടെ സംസ്ഥാനതല പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 19,428 കോടി രൂപ ചെലവില്‍ 494 പദ്ധതികള്‍ക്കുള്ള ജലവിതരണ കരാറുകളും, 12,429 കോടി രൂപ ചെലവില്‍ 272 പദ്ധതികള്‍ക്കുള്ള അഴുക്കുചാല്‍ നിര്‍മാണ കരാറുകളും നല്‍കിക്കഴിഞ്ഞു. 484 നഗരങ്ങളില്‍ ക്രെഡിറ്റ് റേറ്റിങ്ങുകളും, 144 നഗരങ്ങളില്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡ് റേറ്റിങ്ങും ആരംഭിച്ചു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ പ്രേരിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

റോഡ് മേഖലയില്‍ അടുത്ത കാലത്ത് ആരംഭിച്ച ഭാരത്മാല പരിയോജനയിലൂടെ 5,35,000 കോടി രൂപ ചെലവില്‍ 35,000 കിലോമീറ്റര്‍ റോഡ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ദേശീയ പാത അതോറിറ്റി ടോള്‍, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയിലൂടെ ധനശേഖരണം നടത്തുന്ന കാര്യം പരിഗണിക്കും.

അതിര്‍ത്തി മേഖലയിലേക്കുള്ള സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സേല പാസ്സില്‍ തുരങ്കം നിര്‍മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിനോദ സഞ്ചാരം, അടിയന്തിര വൈദ്യ സഹായം എന്നിവ ലക്ഷ്യമിട്ട് സീ പ്ലെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.

വിമാനത്താവളങ്ങളുടെ ശേഷി അഞ്ച് മടങ്ങായി ഉയര്‍ത്തുന്നതിനുള്ള നഭ് നിര്‍മാണ്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായി. ഉഡാന്‍ പദ്ധതിയിലൂടെ 56 വിമാനത്താവളങ്ങളെയും, 31 ഹെലിപ്പാഡുകളെയും ബന്ധിപ്പിക്കും. 16 വിമാനത്താവളങ്ങളില്‍ ഇതിനകം പദ്ധതി ആരംഭിച്ചു.

ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ രംഗത്തിനായുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി. 3073 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാനുഫാക്ചറിങ്ങ്, ബിഗ് ഡേറ്റ അനാലിസിസ്, ക്വാണ്ടം കമ്യൂണിക്കേഷന്‍ എന്നീ രംഗങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ് ദൗത്യം ആരംഭിക്കും.

ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 5 ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ആരംഭിക്കാന്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നു. ഭാരത്‌നെറ്റ് പദ്ധതി യുടെ ആദ്യഘട്ടത്തിലൂടെ 20 കോടി ഗ്രാമീണര്‍ക്ക് ബ്രോഡ്ബാന്‍ഡ് സേവനം ഇതിനകം ലഭ്യമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നിതി ആയോഗ് ദേശീയ പദ്ധതി ആരംഭിക്കും. ഐഐറ്റി ചെന്നൈയില്‍ ടെലികോം വകുപ്പിന്റെ സഹായത്തോടെ 5ജി ടെസ്റ്റ് ബെഡ് ആരംഭിക്കും.

ക്രിപ്‌റ്റോ രീതികളിലൂടെയുള്ള നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കും. ഡിജിറ്റല്‍ സമ്പദ് മേഖലയില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ആരായുമെന്നും ധനമന്ത്രി അറിയിച്ചു.

Shares 221

Post Your Comments

Close
Close