Columns

പ്രബുദ്ധ കേരളമേ … ഇതെന്താണിങ്ങനെ ?

ടി. ബിന്ദു

ജാമിദ ടീച്ചര്‍ എന്ന കേരളത്തിലെ ഈ പൊതുപ്രവര്‍ത്തകക്ക് എതിരെ വന്നത് ആയിരത്തിലധികം വധ ഭീഷണികളാണ്, നവമാധ്യമങ്ങളൂടെയും ഫോണ്‍ വഴിയും ഉള്ള അശ്ലീല സന്ദേശങ്ങളുടെ കണക്കെടുക്കാന്‍ പോലുമാവില്ല. വെട്ടി നുറുക്കും തുടങ്ങി അപമാനിക്കും എന്നുവരെയുണ്ട് ഭീഷണികള്‍. ലോകമമ്പാടുമുള്ള മാധ്യമങ്ങള്‍ വരെ വിഷയം വാര്‍ത്തയാക്കി. പാക്കിസ്ഥാനിലെ ഡോണ്‍ പത്രം മുതല്‍ ബ്രിട്ടിഷ് ജേണല്‍ വരെ ഭീഷണിയെപ്പറ്റി എഴുതി. അന്യരാജ്യങ്ങളിലെ ( പലസ്തീനോ, അമേരിക്കയോ)ഒരു സ്ത്രീയ്ക്ക് എതിരെ മനുഷ്യവകാശ ലംഘനം ഉണ്ടായാല്‍ പോലും ഇളകിയാടുന്ന കേരളത്തിലെ മാധ്യമങ്ങളോ, ബുജികളോ സംഭവം അറിഞ്ഞിട്ടില്ല. തെരുവില്‍ ആ സ്ത്രീ മരിച്ചാലോ,ചേകന്നൂര്‍ മൗലവിയെ പോലെ അപ്രത്യക്ഷമായാലോ സംസാരിക്കാം എന്ന നിലപാടിലാകാം അവർ.

എന്തിനെയും കക്ഷി രാഷ്ട്രീയ, മത സങ്കുചിത മനസ്സു കൊണ്ട് അളക്കുന്ന കേരളത്തെ പുറമെ ഉള്ളവര്‍ക്ക് മനസിലാക്കാന്‍ പ്രയാസമാണ്. പ്രബുദ്ധത എന്ന നുണ പല ആവര്‍ത്തി പറഞ്ഞ് സത്യമാണെന്ന് വിശ്വസിച്ചു പോയവരുടെ നാടായി കേരളം മാറിയിട്ട് കാലങ്ങളായല്ലോ…? ഈയടുത്ത് നടന്ന മറ്റൊരു സംഭവം പറയാം. ഒരു പ്രമുഖ ചാനലിലെ അവതാരക, ഒരു യുവ എംഎല്‍എയെ കാണാന്‍ അവരുടെ ഫ്‌ലാറ്റില്‍ പോകുന്നു. സീറ്റിന് വേണ്ടിയുള്ള ഗൂഢചര്‍ച്ചയാണെന്നാണ് ചില മാധ്യമങ്ങള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോയും, സംഭവവും പ്രചരിച്ചു. അതില്‍ ചില അപമര്യാദയുള്ള പ്രചരണങ്ങള്‍ നടന്നു. നേരെ അവതാരക പോലിസ് മേധാവിയ്ക്ക് പരാതി നല്‍കുന്നു. മൂന്ന് ദിവസത്തിനുളളില്‍ നിരവധി പേരെ ആണ് കേരള പോലിസിലെ സിംഹങ്ങള്‍ കുടഞ്ഞിട്ടു പിടിച്ചത്. ഇനിയും വേട്ട തുടരുമെന്നാണ് കേൾക്കുന്നത്.

മുകളില്‍ പറഞ്ഞ രണ്ടു പേരും വനിതകളാണ്. കേരളത്തില്‍ അറിയപ്പെടുന്നവരാണ്. ആദ്യം പറഞ്ഞയാളെ പ്രമുഖ എന്ന് വിളിക്കാമോ എന്നറിയില്ല. രണ്ടാമത്തെ വ്യക്തിത്വം പ്രമുഖ തന്നെയാണ്. ഒരാളെ അപമാനിക്കാന്‍ ശ്രമം നടത്തുന്നു, മറ്റെയാളെ കൊല്ലുമെന്ന് ആയിക്കണക്കിന് ആളുകള്‍ പരസ്യമായും രഹസ്യമായും ഭീഷണിപ്പെടുത്തുന്നു. ഏത് കേസിനായിരിക്കണം പ്രാമുഖ്യം. സ്വന്തം മൊബൈലില്‍ അറിയാതെയിട്ട കമന്റിന് അഴിയെണ്ണുന്നവര്‍ക്ക് മുന്നില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ വെളുക്കെ ചിരിച്ച് വിലസുന്നു, വീണ്ടും വീണ്ടും ഭീഷണി മുഴക്കുന്നു. ഇതേത് നാടാണ്. കുറെ പേരുടെ മരണത്തിന് ഇടയാക്കിയ കേസിലെ പ്രതിയ്ക്ക് കേരളത്തില്‍ സ്വീകരണം നല്‍കിയപ്പോഴും, അദ്ദേഹത്തെ വേറെ ചിലര്‍ ഗാന്ധിജിയോട് വരെ ഉപമിച്ചപ്പോഴും ഇതേ ചോദ്യം ഉയര്‍ന്നതാണ്. ഇതെന്താ ഇങ്ങനെ..?

യുവതി യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നു, മക്കളെ കാണാനില്ല അവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്നു എന്നെല്ലാം പറഞ്ഞ് അവരുടെ മതാപിതാക്കള്‍ പരാതി നല്‍കിയപ്പോള്‍ അതിന്റെ ഗൗരവമല്ല, ഇതിന്റെ പേരില്‍ ഒരു സമുദായത്തെ പ്രതികൂട്ടിലാക്കരുതെന്നാണ് വേണ്ടപ്പെട്ടവരുടെ പ്രതികരണം. നാട് നടുങ്ങുന്ന വിഷയത്തില്‍ ഭീകര സംഘടനയിലേക്ക് കേരളത്തിലെ പാവപ്പെട്ടവരെ ആകര്‍ഷിച്ച് കൊണ്ടു പോകുന്നത് ഞെട്ടലുണ്ടാക്കുകയല്ലേ ചെയ്യുക.അത് നിസാരം എന്ന രീതിയില്‍ പ്രതികരിക്കുന്ന മാനസീകാവസ്ഥക്ക് പിന്നിലെന്താണ്.?

വോട്ട് ബാങ്ക് രാഷ്ട്രീയവും, പ്രമുഖരും, ഉന്നതരും മാത്രം നീതി നിശ്ചയിക്കുന്ന ഇടമാണോ ഇവിടം.മുഖം നോക്കാതെ.മത-സാമൂഹ്യ-രാഷ്ട്രീയ-ലിംഗ-വിവേചനമില്ലാതെ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയങ്ങളില്‍ നമ്മളെന്താണി കാട്ടിക്കൂട്ടുന്നത് ?. മനോരോഗിയായ സ്ത്രീയെ തെരുവിലിട്ട് കൈകാര്യം ചെയ്യുന്ന, നടക്കാന്‍ വയ്യാത്ത വൃദ്ധനെ മോഷണം ആരോപിച്ച് തല്ലി അവശനാക്കുന്ന, തീവണ്ടിയില്‍ കൂടെ യാത്ര ചെയ്യുന്ന പെണ്‍കുട്ടി സഹായത്തിനായി നിലവിളിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കാത്ത, മരണവെപ്രാളത്തോടെ മുന്നില്‍ പിടയുന്ന ആളെ വെറുതെ നോക്കി നില്‍ക്കുന്ന വാര്‍ത്തകള്‍ വായിച്ച് നാം ഇനിയെങ്കിലും ചോദിക്കേണ്ടേ നമ്മളെന്താ ഇങ്ങനെ?

പരസ്യമായി ഇത് ചോദിച്ചാല്‍ കേരളത്തെ അപമാനിക്കുന്നുവെന്ന് പറഞ്ഞു വരുന്നവരോട് സ്വയം കണ്ണാടിയില്‍ നോക്കാനാല്ലാതെ എന്താണ് പറയുക.?

ജു മ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജാമിദ ടീച്ചര്‍ക്ക് വന്ന വധഭീഷണികള്‍ക്ക് നേരെ കേരള സമൂഹം കണ്ണടക്കുന്നത്.കശ്മീരിലെ വിഘടനവാദികളുടേയും, തീവ്രവാദികളുടെയും ചെയ്തികള്‍ക്ക് നേരെ താഴ് വരയിലെ ജനങ്ങള്‍ നോക്കി നില്‍ക്കുന്നത് പോലെയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എനിക്കെതിരെയും വാളെടുക്കുമോ ?..കശ്മീരിലിങ്ങനെ ഒക്കെയായിരുന്നു തുടക്കമെന്ന് പറഞ്ഞാല്‍ അപഹസിക്കുമോ ? നിശ്ബ്ദരായ പണ്ഡിറ്റുകള്‍ കശ്മീർ വിട്ടില്ലെങ്കില്‍ അവരെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ചിലര്‍ ആക്രോശിച്ചപ്പോള്‍ ഇപ്പോള്‍ കേരളത്തില്‍ നിറയുന്ന മൗനം കശ്മീരിലെ മഞ്ഞിനെ മുഴുവന്‍ പുതപ്പിച്ചിരിക്കുകയായിരുന്നു. മൗനം നിശബ്ദതതയും പിന്നെ വിധേയത്വവുമായപ്പോള്‍ സ്വര്‍ഗ്ഗ ഭൂമിയില്‍ പടര്‍ന്ന രക്തത്തിന് താഴ്വരയിലെ മനുഷ്യജീവിതത്തിന്റെ പുഴുത്ത മണമുണ്ടായിരുന്നു…

പലസ്തീനും ഇറാഖിനും ഏകാധിപതിയായ സദ്ദാം ഹൂസൈനുവരെ ഇന്ത്യയില്‍ ജയ് വിളികള്‍ ഉയര്‍ന്നപ്പോള്‍.രാജ്യം മൗനം വാരി വലിച്ചിട്ടു. അന്നും ചോദിച്ചിരുന്നു ചിലരെങ്കിലും എന്താണിതൊക്കെ…? ശബ്ദിക്കേണ്ടിടത്ത് അത് ചെയ്യാതെ മുഖം പൂഴ്ത്തിയിരിക്കുന്നതിന് ഒരു പാട് ന്യായീകരണങ്ങളുണ്ടാകാം.. താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന് വേണ്ടി പോരാടുന്ന ജാമിദ ടീച്ചര്‍ക്കെതിരെ വധഭീഷണി ഉയരുമ്പോള്‍ അത് ചര്‍ച്ച ചെയ്യാത്തതിന്..

പ്രമുഖരും, പ്രമുഖകളും മാത്രം നീതിയ്ക്ക് അവകാശികളാകുമ്പോള്‍ ഇതെന്ത് എന്ന പരസ്യമായി ചോദിക്കാത്തതിന്, നാടിനെ നശിപ്പിക്കുന്ന ഭീകരതയ്ക്ക് നേരെ ഭരണകൂടം കണ്ണടക്കുമ്പോള്‍..വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ചോരയോഴുക്കുമ്പോള്‍…കണ്‍മുമ്പില്‍ സഹജീവികളെ ചിലര്‍ ക്രൂരമായി വേട്ടയാടുമ്പോള്‍ മുഖം തിരിക്കുന്നതിന്…എല്ലാത്തിനും ന്യായീകരണങ്ങളുണ്ടാകും തുടക്കത്തില്‍..

പിന്നെ അത് മൗനം മാത്രമാകും, ഒടുവില്‍ നിസ്സഹായതിലേക്കുള്ള മുഖം പൂഴ്ത്തലും. ഈ മൗനത്തിന്റെ മറുപടി മരണമോ ? അതിലും ഭീകരമായ മറ്റെന്തോ ആയേക്കാം എന്ന ആശങ്ക പടര്‍ത്തുകയല്ല, നാം ജീവിക്കുന്നത് ഇവിടെയാണ്..ഒട്ടും സുരക്ഷിതമല്ലാത്ത, പ്രബുദ്ധമല്ലാത്ത, ജാതിയും, മതവും, രാഷ്ട്രീയവും, അധികാരവും ചോരകുടിച്ച് വളരുന്ന നാട്ടില്‍ എന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ്….

ഇതുകൊണ്ടൊന്നും എന്നെ നിശ്ശബ്ദയാക്കാനാകില്ല എന്ന് ജാമിദ ടീച്ചര്‍ തലയുയര്‍ത്തി പറയുമ്പോള്‍ അല്‍പമെങ്കിലും പൗരബോധവും മനുഷ്യത്വവും ഉള്ളിലുണ്ടെങ്കില്‍ തല കുനിയേണ്ടതാണ്.അതുമില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല.

ടി.ബിന്ദു

മാദ്ധ്യമ പ്രവർത്തകയാണ് ലേഖിക

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close