HealthLife

കണ്ണിനെ കാക്കാം പൊന്നു പോലെ

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്ന ചൊല്ല് നമ്മുടെയെല്ലാം ജീവിതത്തില്‍ ഒരു പരിധി വരെ ശരിയാണ്. ശരീരത്തില്‍ ഏറ്റവും അധികം പരിഗണന അര്‍ഹിക്കുന്ന ഭാഗമാണ് നമ്മുടെ കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതലറിയാം.

* പഴങ്ങളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീര പോലുള്ള ഇലക്കറികളില്‍ ലൂട്ടിന്‍, സീക്‌സാന്തിന്‍ എന്നീ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കുറയുന്നതു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇവ കണ്ണിനെ സംരക്ഷിക്കും. അതേ പോലെ മീനും മീനെണ്ണ അടങ്ങിയ ഭക്ഷണവും ശീലമാക്കുന്നതും നല്ലതാണ്. മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഓമേഗ 3 ഫാറ്റി ആസിഡുകള്‍ കാഴ്ച്ചക്കുറവുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു.

* കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും എസി മുറികളില്‍ ജോലി ചെയ്യുന്നവരിലും ചില പ്രത്യേക രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരിലും കണ്ണുനീരിന്റെ ഉത്പാദനം കുറയുകയും കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യാറുണ്ട്. കണ്ണില്‍ എല്ലായ്‌പ്പോഴും ഈര്‍പ്പം ഉണ്ടാകേണ്ടത് ആവശ്യമാണ്. കണ്ണുനീരാണ് കണ്ണിനെ സംരക്ഷിക്കുന്നതും രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നതും. കണ്ണുനീര്‍ ഇല്ലാതായാല്‍ കണ്ണിനു ചുവപ്പും തരുതരുപ്പും അനുഭവപ്പെടാം. ഡ്രൈ ഐ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുള്ളിമരുന്നുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അതേ പോലെ ലാപ്‌ടോപ്പും കംപ്യൂട്ടറും തുടര്‍ച്ചയായി നോക്കുന്നവര്‍ ആന്റി-ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുന്നത് കണ്ണിനു സംരക്ഷണം നല്‍കും.

* കാഠിന്യമേറിയ സൂര്യപ്രകാശത്തിലിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുകയോ വീതി കൂടിയ തൊപ്പി ധരിക്കുകയോ ചെയ്യുക. അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണുകളില്‍ ആഘാതമേല്‍പ്പിക്കുന്നത് കുറയ്ക്കാനാണിത്. പ്രായമായവരുടെ കണ്ണുകളില്‍ അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴുമെല്ലാം കണ്ണട ധരിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ കഴുകുകയും വേണം.

* കണ്ണില്‍ പൊടി വീണാല്‍ ഒരിക്കലും കണ്ണുകള്‍ തിരുമ്മരുത്. ഇങ്ങനെ ചെയ്താല്‍ കണ്ണിനുള്ളില്‍ പോറലേല്‍ക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പൊടിയോ കരടോ പ്രാണികളോ പെട്ടാല്‍ കണ്ണു തുറന്നു പിടിച്ച് ശുദ്ധമായ വെള്ളം കൊണ്ട് കഴുകുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. മൃദുവായ ഒരു തുണി ഉപയോഗിച്ച് പതിയെ പൊടി മാറ്റാനും ശ്രമിക്കാം. കൃഷ്ണമണിക്കുള്ളിലാണ് പൊടി വീണതെങ്കില്‍ ഇങ്ങനെ ചെയ്യരുത്. കൃഷ്ണമണിക്ക് ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത ഉണ്ട്. ഡോക്ടറുടെ സഹായത്തോടെ മാത്രമെ ഇത് നീക്കാന്‍ ശ്രമിക്കാവു.

* കണ്ണുകളില്‍ മേക്കപ്പ് ചെയ്യാനുപയോഗിക്കുന്ന വസ്തുക്കള്‍ ആറ് മാസത്തിലൊരിക്കല്‍ മാറ്റുക. മേക്കപ്പുകള്‍ വഴി ബാക്ടീരിയ കണ്‍പീലികളേയും കണ്‍പോളയെയും ബാധിക്കാം. ഇത് കണ്ണൂകള്‍ക്ക് ദോഷകരമായി മാറാന്‍ സാദ്ധ്യതയുണ്ട്. ചൊറിച്ചിലോ നീറ്റലോ അനുഭവപ്പെടുകയാണെങ്കില്‍ അവ വീണ്ടും ഉപയോഗിക്കാതിരിക്കേണ്ടതാണ്. കോണ്ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയപരിധിക്കപ്പുറം ഉപയോഗിക്കാതിരിക്കുക. മാത്രവുമല്ല കോണ്ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച് ഉറങ്ങിപോകാതിരിക്കാനും ശ്രദ്ധിക്കണം.

* കണ്ണില്‍ കഴിയുന്നതും സ്പര്‍ശിക്കാതിരിക്കുക. കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കണ്ണ് കഴുകുന്നത് ശീലമാക്കാം. ആദ്യം കൈകള്‍ രണ്ടും സോപ്പിട്ട് കഴുകി വൃത്തിയാക്കണം. എന്നിട്ടേ കണ്ണുകള്‍ കഴുകാനൊരുങ്ങാവൂ. ആറു മാസത്തിലൊരിക്കല്‍ നേത്രരോഗ വിദഗ്ധനെ സന്ദര്‍ശിച്ച് കണ്ണുകളുടെ ആരോഗ്യം ഉറപ്പു വരുത്തുന്നതും നല്ലതാണ്.

189 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close