ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 10 അക്ക ഡിജിറ്റില്‍ നിന്നും 13 അക്ക ഡിജിറ്റിലേക്ക് മാറ്റുന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. രാജ്യത്തെ മുന്‍നിര മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എം2എം കമ്മ്യൂണിക്കേഷനുള്ള (മെഷീന് 2 മെഷീന്) മൊബൈല്‍ നമ്പറുകള്‍ മാത്രമാണ് 13 ഡിജിറ്റിലേക്ക് മാറ്റാന്‍ ടെലികോം മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. സാധാരണ മൊബൈല്‍ നമ്പറുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. നിലവിലുള്ള 10 ഡിജിറ്റില്‍ തന്നെ ഇവ തുടരും.
ജൂലായ് 1 മുതല്‍ തീരുമാനം പ്രാവര്‍ത്തികമാക്കി തുടങ്ങും. ഈ സമയം മുതല്‍ എം2എം കമ്മ്യൂണിക്കേഷന്‍ വേണ്ടി നല്കുന്ന നമ്പറുകള്‍ 13അക്ക ഡിജിറ്റില്‍ ഉള്ളതായിരിക്കും.
നിലവില്‍ എം2എം കമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കുന്ന 10 അക്ക നമ്പറുകള്‍ ഡിസംബര്‍ 31നു മുന്‍പ് പുതിയ രീതിയിലേക്ക് മാറ്റണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇതിനുള്ള സൗകര്യം ലഭ്യമാകും. രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കും ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിക്കഴിഞ്ഞു. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കം.