ബാഴ്സലോണ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ആളില്ലാ വാഹനങ്ങൾ ഓടിക്കാനുള്ള പദ്ധതിയുമായി സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഹുവായ് . റോഡ് റീഡർ എന്നാണ് പദ്ധതിയുടെ പേര് . പദ്ധതിയിലെ ആദ്യ സ്മാർട്ട് ഫോണായ മേറ്റ് 10 പ്രോ പ്യൂഷെ പനമേറ കാർ ഓടിക്കുന്നതിന്റെ വീഡിയോ കമ്പനി പുറത്തുവിട്ടു.
ഫോണിലെ ഓബ്ജക്ട് റെക്കൊഗ്നിഷൻ സോഫ്റ്റ്‌വെയറാണ് കാറിന്റെ ദിശ നിയന്ത്രിക്കുന്നത്. മറ്റ് ഡ്രൈവറില്ലാ കാറുകളെപ്പോലെയല്ല മേറ്റ് 10 പ്രോയെ അടിസ്ഥാനമാക്കിയുള്ള കാറുകളെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റ് കാറുകൾക്ക് റോഡിൽ തടസമുണ്ടെന്ന് മാത്രം മനസിലാകുമ്പോൾ തങ്ങളുടെ ഫോൺ ഉപയോഗിക്കുന്ന കാറിന് തടസം എന്താണെന്ന് കൂടീ അറിയാൻ കഴിയുമെന്നും കമ്പനി പറയുന്നത്.തടസം എന്താണെന്നതിനനുസരിച്ച് കാർ ഓടിക്കുന്നതിൽ വ്യത്യാസം ഉണ്ടാക്കാൻ കഴിയുമത്രെ.
https://www.youtube.com/watch?time_continue=7&v=JBGRRx-aSpU
റോഡിൽ ഇരിക്കുന്ന നായയെ തട്ടാതെ കാർ വഴിമാറി ഓടുന്നതിന്റെ വീഡിയോ ആണ് കമ്പനി പുറത്തുവിട്ടത്. ഫോണിലെ ക്യാമറ ആപ്പ് ആണ് റോഡിലെ തടസം എന്താണെന്ന വിവരം നൽകുന്നത്. ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഹുവായ് അവരുടെ പുതിയ പദ്ധതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 26-27 തീയതികളിലാണ് കോൺഗ്രസ് നടക്കുക.
അഞ്ചാഴ്ച കൊണ്ടാണ് സംവിധാനം വികസിപ്പിച്ചതെന്ന് ഹുവായ് അധികൃതർ വ്യക്തമാക്കുന്നു. ഫോണിന്റെ മുന്നിലുള്ളത് എന്താണെന്ന് മനസ്സിലാക്കുന്ന ക്യാമറയാണ് മേറ്റ് 10 പ്രോയുടെ സവിശേഷത. കാറും ഫോണും തമ്മിലുള്ള വിനിമയ സംവിധാനം വികസിപ്പിച്ചെടുത്തതോടെയാണ് പ്യൂഷോ പനമേറ ഹുവായുടെ ആശയത്തിനനുസരിച്ച് സഞ്ചരിച്ചത്.















