തിരുവനന്തപുരം: കേരള നിയമസഭയിലെ അക്രമം സംബന്ധിച്ച കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. ഭരണം മാറുന്നതിനനുസരിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്തെ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നത് കുറ്റവാളികള്‍ക്ക് സംരക്ഷണം നല്കുന്നതിനു തുല്യമാണ്. ഒരു ക്രിമിനല്‍ കേസിലെ പ്രതിയുടെ അപേക്ഷ പരിഗണിച്ച് കേസ് പിന്‍വലിക്കുന്നത് ഒരു ഭരണാധികാരിക്കും യോജിച്ചതല്ല. ഇങ്ങനെയെങ്കില്‍ ഏതെങ്കിലും കൊലപാതക കേസിലെ പ്രതി താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ് നാളെ ഭരണകൂടത്തെ സമീപിച്ചാല്‍ കേസ് എഴുതി തള്ളുവാന്‍ പോലും ഈ സര്‍ക്കാര്‍ തയാറാകും.
നിയമസഭയില്‍ ഇടത് പക്ഷ അംഗങ്ങള്‍, പ്രത്യേകിച്ച് സി പി എം അംഗങ്ങള്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ കേരള ജനത നേരില്‍ കണ്ടതാണ്. ജനങ്ങളുടെ പണം കൊണ്ട് ഉണ്ടാക്കിയ പൊതുമുതലാണ് ഈ അക്രമങ്ങളിലൂടെ നശിപ്പിക്കപ്പെട്ടത്. പൊതുമുതലിന് ഉണ്ടായ നാശം ജനങ്ങള്‍ക്കുണ്ടായ നഷ്ടമാണ്. ഇത്തരത്തില്‍ കേസുകള്‍ പിന്വലിക്കപ്പെടുമ്പോള് ജനങ്ങള്‍ക്കുണ്ടായ നഷ്ടം എങ്ങനെയാണ് പരിഹരിക്കപ്പെടുന്നത്.
പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ കാട്ടിക്കൂന്ന അതിക്രമങ്ങളും ക്രിമിനല്‍ കുറ്റങ്ങളും ഉള്‍പ്പെടെയുള്ളവയുടെ കേസുകള്‍ തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ പിന്‍വലിക്കുന്നത് കേരളത്തിലെ രണ്ട് മുന്നണികളും കീഴ്വഴക്കമാക്കിയിട്ടുണ്ട്. ഇവരെ വോട്ടു ചെയ്ത് വിജയിപ്പിച്ച പൊതുജനങ്ങളാണ് ഇതിലൂടെ വഞ്ചിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.