തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഓര്‍ഡിനറി ബസുകളില്‍ ഇന്ന് മുതല്‍ മിനിമം ചാര്‍ജ്ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയായി ഉയരും. ഫാസ്റ്റ് പാസഞ്ചര്‍, ജന്‍ റം ബസുകളുടെ നിരക്കുകളിലും വര്‍ധനയുണ്ട്. കിലോമീറ്റര്‍ നിരക്കിലും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കിലും ആനുപാതിക വര്‍ധനയുണ്ടാകും. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് നിരക്കില്‍ മാറ്റമില്ല. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കിന് ശേഷമുള്ള നിരക്കില്‍ വര്‍ധിച്ച തുകയുടെ 25 ശതമാനം നല്‍കണം.
ഡീസല്‍ വിലവര്‍ധനവും സ്പെയര്‍ പാര്‍ട്സുകളുടെ കാലോചിതമായ വര്‍ധനവും കണക്കിലെടുത്താണ് മാര്‍ച്ച് ഒന്ന് മുതല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഫാസറ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ആകും. സൂപ്പര്‍ ഫാസറ്റ്, സൂപ്പര്‍ എക്സ്പ്രസ് എന്നിവയുടെ മിനിമം നിരക്കില്‍ രണ്ട് രൂപയുടെ വര്‍ധനയാണ് ഉള്ളത്.
ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കിലും പിന്നീട് ജന്‍ റം ബസുകള്‍ക്കും വര്‍ധന ബാധകമാക്കി. ഇതനുസരിച്ച് ജന്‍ റം ലോ ഫ്ളോര്‍ നോണ്‍ എസിയിലെ മിനിമം ചാര്‍ജ് 8ല്‍ നിന്ന് 10 ആകും. എസി ലോ ഫ്ളോറിന്റെ മിനിമം നിരക്ക് 15ല്‍ നിന്ന് 20 ആയി വര്‍ധിക്കും. സെസ് കൂടി ചേര്‍ത്താല്‍ 21 രൂപ. മള്‍ട്ടി ആക്സില്‍ സ്കാനിയ, വോള്‍വോ ബസുകളില്‍ മിനിമം 80 രൂപ നല്‍കണം. കിലോമീറ്റര്‍ നിരക്കുകളും വര്‍ധിക്കും. ഓര്‍ഡിനറികളില്‍ 7 പൈസയാണ് കിലോമീറ്റര്‍ നിരക്കിലെ വര്‍ധന. ജന്‍ റം ബസുകളില്‍ 10 പൈസയുടെ വര്‍ധനവുണ്ട്. 2014 മെയ് 19നാണ് അവസാനമായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.