തിരുവനന്തപുരം : വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം . സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത് .110 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ആർ.എസ് അജിതകുമാരിയാണ് വിജയിച്ചത്.
സിപിഎമ്മിലെ സുജാ സുരേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് . എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎമ്മിലെ കെ എസ് മിനിയാണ് മത്സരിച്ചത് . യുഡിഎഫിനു വേണ്ടി പി ലേഖയും മത്സരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്കായിരുന്നു ആർ.എസ് അജിത കുമാരി പരാജയപ്പെട്ടത്. കുടുംബ ശ്രീ പ്രവർത്തനങ്ങളിലൂടെ വാർഡിൽ പൊതു സ്വീകാര്യത നേടിയ വ്യക്തിത്വമാണ് അജിത കുമാരിക്ക് തുണയായത്. ഈ വിജയത്തോടെ വിളപ്പിൽ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി.
ഇടതു പക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ സിറ്റിംഗ് സീറ്റ് നഷ്ടമായത് സിപിഎമ്മിനു വലിയ തിരിച്ചടിയാണ് .