Tech

നമ്മൾ ഡൗൺ ലോഡ് ചെയ്യണം ഈ സർക്കാർ ആപ്പുകൾ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്ര ഗവണ്‍മെന്റ് ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായ ഈ കാലഘട്ടത്തില്‍ ഓരോ വ്യക്തിക്കും അവരുടെ ദൈനംദിന ജീവിതത്തില്‍ പ്രയോജനപ്പെടുന്ന രീതിയിലുള്ള ആപ്ലിക്കേഷനുകളും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഗവണ്‍മെന്റ് പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പെയ്‌മെന്റ് നടത്താനും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുമെല്ലാം ഇവയില്‍ പലതും സഹായകമാണ്. നാമറിയേണ്ട നമ്മെ സഹായിക്കുന്ന 11 ആപ്ലിക്കേഷനുകളെ കുറിച്ച് ഇവിടെ വായിക്കാം.

1 അയ്കാര്‍ സേതു
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ നിരവധി സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്ലിക്കേഷനാണിത്. ടാക്‌സ് ഓണ്‍ലൈന്‍ ആയി അടക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ഓരോ വ്യക്തിയും അടക്കേണ്ട ടാക്‌സ് എത്രയാണെന്ന് അറിയാനുമെല്ലാം ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ടുള്ള നമ്മുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഇതിലൂടെ ലഭിക്കും.

2 ഉമങ്
ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന്റെയും നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്റെയും നേതൃത്വത്തില്‍ തയാറാക്കി. യുണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ എയ്ജ് ഗവേണന്‍സ് എന്നതാണ് ഉമങിന്റെ പൂര്‍ണരൂപം. എല്ലാ ഗവണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റുകളെയും അവരുടെ സേവനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നു. ഡിജിറ്റല്‍ ഇന്ത്യ സേവനങ്ങളായ ആധാര്‍, ഡിജി.ലോക്കര്‍, പേ.ഗവണ്‍മെന്റ് എന്നിവയെല്ലാം ഇതിലൂടെ ലഭ്യമാണ്.

3 എംപാസ്‌പോര്‍ട്
പേരു പോലെ തന്നെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട എന്തും ഇതിലൂടെ സാധ്യമാണ്. പാസ്‌പോര്‍ട് സേവ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, സ്റ്റാറ്റസ് ട്രാക്കിങ്, പാസ്‌പോര്‍ട് ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ മുതലായവയെല്ലാം ഇതിലൂടെ അറിയാം.

4 എംആധാര്‍ ആപ്പ്
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെതാണ് എംആധാര്‍ ആപ്പ്. ആധാര്‍ ഐഡന്റിറ്റി ഫോണില്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഈ ആപ്ലിക്കേഷന്‍ നല്‍കുന്നത്. ക്യു ആര്‍ കോഡ് ഉപയോഗിച്ച് ആധാര്‍ പ്രൊഫൈല്‍ കാണാനും കൈമാറുവാനും സാധിക്കും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമെ ഇത് ലഭ്യമാകു

5 പോസ്റ്റ് ഇന്‍ഫൊ
പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റ് വികസിപ്പിച്ചെടുത്ത ആപ്പ് ആണിത്. പാര്‍സല്‍ ട്രാക്ക് ചെയ്യാനും പോസ്റ്റ് ഓഫീസുകള്‍ എവിടെ എന്നറിയാനും ഇത് നമ്മെ സഹായിക്കും. വിവിധ ഇന്‍ഷുറന്‍സ് പോളിസികളും ഇതിലൂടെ പ്രയോജനപ്പെടുത്താം.

6 മൈഗവ്
ഗവണ്‍മെന്റുമായി ജനങ്ങള്‍ക്ക് സംവദിക്കുന്നതിനുള്ള വേദിയാണിത്. മന്ത്രാലയങ്ങളുമായി ബന്ധപ്പെടാനും ആശയങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം കൈമാറാനുമെല്ലാം ഇത് സഹായിക്കുന്നു.

7 എംകവച്
മൊബൈല്‍ ഫോണിലുണ്ടാകുന്ന സുരക്ഷാ വീഴ്ചകള്‍ ഒഴിവാക്കാം. ആന്‍ഡ്രോയിഡുകളില്‍ മാത്രമെ ഇത് ലഭ്യമാകു. എസ്എംഎസും ആവശ്യമില്ലാത്ത വിളികളുമെല്ലാം ബ്ലോക്ക് ചെയ്യാം. വൈറസുകളുടെ ആക്രമണത്തില്‍ നിന്നും വ്യക്തി വിവരങ്ങള്‍ ചോരുന്നത് തടയാനുമെല്ലാം സഹായകമാണ്.

8 സ്വച്ഛ് ഭാരത് അഭിയാന്‍
വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുളള ആപ്ലിക്കേഷനാണിത്. ഓരോ വ്യക്തികള്‍ക്കും ഇതിലൂടെ ചിത്രങ്ങളെടുത്ത് മുനിസിപ്പല്‍ അധികാരികളെ വിവരങ്ങള്‍ അറിയിക്കാന്‍ സാധിക്കും. എല്ലാ നഗര മേഖലകളെയും ഈ ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പരാതികള്‍ അറിയിക്കാനും ഇതില്‍ പ്രത്യേക സംവിധാനമുണ്ട്.

9 ഭീം
ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി എന്നതാണ് ഭീമിന്റെ പൂര്‍ണരൂപം. ഡിജിറ്റലായി പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഇവര്‍ നല്‍കുന്നത്. പണം അയക്കുവാനും സ്വീകരിക്കുവാനും ഇതിലൂടെ സാധിക്കും. എല്ലാ പ്രധാന ബാങ്കുകളുമായി ലിങ്ക് ചെയ്തിട്ടുള്ളതിനാല്‍ അനായാസമായി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും.

10 ഐ ആര്‍ സി ടി സി
വളരെ ജനപ്രീതിയുള്ള ഒരു ആപ്ലിക്കേഷനാണിത്. റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഇതിലൂടെ ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ സമയം അറിയാനുമെല്ലാം ഇത് സഹായിക്കും.

11 ജിഎസ്റ്റി റേറ്റ് ഫൈന്റര്‍
ജിഎസ്റ്റി നടപ്പിലാക്കിയതിനു ശേഷമുള്ള വിലവിവരങ്ങളെക്കുറിച്ച് പലര്‍ക്കും കൃത്യമായ ധാരണ ഉണ്ടാകില്ല. ജിഎസ്റ്റി റേറ്റ് ഫൈന്റര്‍ ഉപയോഗിച്ച് ഏതൊരു വസ്തുവിന്റെയും ജിഎസ്റ്റിക്ക് ശേഷമുള്ള വിലയെക്കുറിച്ച് അറിയാം.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close