സത്യമപ്രിയം

ശ്രീലേഖയുടെ പബ്ലിസിറ്റി സ്റ്റണ്ട്

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലില്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്നത്. ഒരുവര്‍ഷത്തെ പ്രാര്‍ത്ഥനയും വഴിപാടും ഒക്കെയാണ് ഓരോ പൊങ്കാലക്കലത്തിലും നിവേദ്യമായി അര്‍പ്പിക്കപ്പെടുന്നത്. കാലാകാലങ്ങളായി സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകളാണ് പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്നത്. സിനിമാതാരങ്ങള്‍ കൂടി എത്തിയതോടെ പൊങ്കാലയുടെ താരപ്പൊലിമ മാധ്യമങ്ങള്‍ എടുത്താഘോഷിച്ചു. പുരസ്‌കാരം കിട്ടിയവരും കിട്ടാത്തവരുമൊക്കെ തങ്ങളുടെ അഭിലാഷപൂര്‍ത്തിയ്ക്കായി പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്നത് വാര്‍ത്തയുമായി.

സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഓഫീസുകളും വ്യത്യസ്ത മതവിഭാഗക്കാരുടെ ആരാധനാലയങ്ങളും വീടുകളുമൊക്കെ പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്കായി തുറന്നിടുന്നു. എല്ലാ കവലകളിലും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്കായി ഭക്ഷണമൊരുക്കുന്നു. ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വര്‍ണ്ണത്തിന്റെയുമൊന്നും വ്യത്യാസമില്ലാതെ പാതയോരത്ത് തൊട്ടുചേര്‍ന്ന് പൊങ്കാല ഇടുന്നതും അര്‍പ്പിക്കുന്നതും സമൂഹത്തില്‍ സൃഷ്ടിക്കുന്നത് ഒരു പുതിയ സമരസതയാണ്. ക്ഷേത്രപ്രവേശനം വരേണ്യവര്‍ഗ്ഗക്കാര്‍ക്കു മാത്രം അനുവദിച്ചിരുന്ന കാലത്തുനിന്ന് നാനാ ജാതിമതസ്ഥരും ഒന്നിച്ചുചേര്‍ന്ന് പൊങ്കാലയര്‍പ്പിക്കുന്ന നിലയിലേക്കുള്ള പരിവര്‍ത്തനം ഒരുപക്ഷേ, കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുദേവനും ആനന്ദതീര്‍ത്ഥനും പണ്ഡിറ്റ് കറുപ്പനും ഒക്കെ സ്വപ്നം കണ്ടതാണ്. ഹിന്ദു സമൂഹത്തിന്റെ സമഞ്ജസമായ ഒരു കോര്‍ത്തിണക്കല്‍ ഈ പൊങ്കാലയിലുമുണ്ട്.

പൊങ്കാലയിലെ ജനപങ്കാളിത്തവും ഓരോ വര്‍ഷവും കൂടിവരുന്ന പ്രാധാന്യവും ഒക്കെ ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നു എന്നത് സത്യമാണ്. ഇതേ തരത്തിലുള്ള അസ്വസ്ഥത ശബരിമലയുടെ കാര്യത്തിലുമുണ്ട്. ശബരിമല തീവെയ്പ് കേസ് അന്വേഷിച്ച അന്നത്തെ ഡി.ഐ.ജി ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. ജാതിയ്ക്കതീതമായി എല്ലാ ഹിന്ദുക്കള്‍ക്കും ഒരേപോലെ ആരാധന നടത്താന്‍ ശബരിമലയില്‍ ലഭിച്ചിട്ടുള്ള സൗകര്യം സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുകയും ആ മതത്തില്‍ വിശ്വസിക്കാത്തവര്‍ പാപികളാണെന്ന് കരുതുകയും ചെയ്യുന്ന ചിലര്‍ക്കെങ്കിലും അലോസരമായിരുന്നു. അതുകാരണമാണ് ശബരിമല ക്ഷേത്രത്തിന് അന്ന് തീയിട്ടത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഈ സംഭവത്തില്‍ തുടരന്വേഷണം ഉണ്ടായില്ല. ശബരിമലയില്‍ നിന്നു വ്യത്യസ്തമായി ആറ്റുകാലില്‍ ബാലാവകാശത്തിന്റെയും മറ്റും പേരില്‍ വിവാദമുണ്ടാക്കാന്‍ ജയില്‍ ഡി.ജി.പി ശ്രീലേഖ നടത്തിയ ശ്രമത്തില്‍ ഈ ജനക്കൂട്ടത്തിനിടയില്‍ ആളുകളിക്കാന്‍ നടത്തിയ ഒരു പരിശ്രമത്തിനപ്പുറം എന്തെങ്കിലുമുണ്ടോ? ആരും ശ്രദ്ധിക്കുന്നില്ല എന്നു തോന്നുമ്പോള്‍ തന്നിലേക്ക് ശ്രദ്ധയാകര്‍ഷിക്കാന്‍ നടത്തുന്ന മൂന്നാംകിട കളി മാത്രമാണ് ശ്രീലേഖയുടെ ബ്ലോഗെഴുത്തിലെ ആറ്റുകാല്‍ പരാമര്‍ശങ്ങള്‍.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ അതിന്റെ മഹിമ കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ളവരാണ്. ഡി.ജി.പി തസ്തിക വരുംമുന്‍പ് വെറും ഐ.ജി തസ്തിക മാത്രമുള്ളപ്പോള്‍ ഐ.ജിയായിരുന്ന ചന്ദ്രശേഖരന്‍ നായരുടെയോ എസ്.പിയായിരുന്ന മരിയാര്‍പ്പുതത്തിന്റെയോ, വെറും എസ്.ഐ മാത്രമായിരുന്ന മിന്നല്‍ പരമശിവന്‍ നായരുടെയോ ജനപ്രീതിയോ അര്‍പ്പണബോധമോ ജനാവകാശങ്ങളെ സംരക്ഷിക്കാനുള്ള ജാഗ്രതയോ ഇപ്പോഴത്തെ ഏതെങ്കിലും ഡി.ജി.പിക്ക് ഉണ്ടോ? ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് വഴങ്ങി അവരുടെ പുരികക്കൊടിയുടെ ചലനങ്ങള്‍ക്കനുസരിച്ച് ഓടിയും നടന്നും കിതച്ചും സ്വന്തം തൊപ്പി സുരക്ഷിതമാക്കാന്‍ നടക്കുന്ന ഏറാന്‍ മൂളികളായി പോലീസ് നേതൃത്വം മാറിയില്ലേ? എന്തെങ്കിലും വിവാദമുണ്ടാക്കി എന്നും പൊതുജനശ്രദ്ധയില്‍ നില്‍ക്കുകയെന്നത് ചിലരുടെയൊക്കെ അവകാശമാണ്. അതുകൊണ്ടു തന്നെയാണ് ജയിലിലെ കൃഷി വിളവെടുപ്പ് വേളയില്‍ ചാനല്‍ ക്യാമറകള്‍ കണ്ടപ്പോള്‍ ആഭ്യന്തരവകുപ്പ് ജയില്‍ വകുപ്പിനോട് ചിറ്റമ്മ നയം കാട്ടുന്നു എന്ന ആരോപണം ശ്രീലേഖ ഉന്നയിച്ചത്.

ഇവര്‍ക്കൊക്കെയുള്ള മറുപടി നേരത്തെ മന്ത്രി ജി. സുധാകരന്‍ പറഞ്ഞിട്ടുണ്ട്. ഒരു ഐ.എ,എസ്സോ, ഐ.പി. എസ്സോ കിട്ടിക്കഴിഞ്ഞാല്‍ ലോകം മുഴുവന്‍ കാല്‍ക്കീഴിലാണ് എന്ന് കരുതുന്ന ഇവരെപ്പോലുള്ളവര്‍ ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോള്‍ എങ്ങനെയാണ് സമൂഹത്തിന്റെ വിശ്വാസപ്രശ്‌നങ്ങളില്‍ ബ്ലോഗ് എഴുതുക. ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ടും സ്വന്തം വീട്ടിലേക്കുള്ള വഴി സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഇന്റര്‍ലോക്ക് ഇട്ടതും കുത്തിയോട്ടത്തിന് കുട്ടികളെ കൊണ്ടുപോകുന്നതിനേക്കാള്‍ വലിയ സുതാര്യതയുടെയും ജനവിശ്വാസത്തിന്റെയും പ്രശ്‌നമാണ്. സാമൂഹ്യമാധ്യമങ്ങള്‍ കൊണ്ടാടിയതുപോലെ സുന്നത്തിന്റെയും മാമോദീസയുടെയും ക്രൂരത കാണാതെ, ബാലഭിക്ഷാടനത്തിന്റെയും ബാലവേലയുടെയും കൊടും ഭീകരതയ്‌ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ, ഇപ്പോള്‍ ഇങ്ങനെ ബ്ലോഗ് എഴുതിയ ശ്രീലേഖയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. 30 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഒരു കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്താന്‍ അവകാശം സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ ഇപ്പോള്‍ വാചകമടിക്കുന്നത് ആത്മാര്‍ത്ഥമായാണെന്ന് കരുതാനുമാകില്ല തൊപ്പി ഊരി വെച്ചിട്ടുവേണം ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടിന് ഇറങ്ങാന്‍. ശ്രീലേഖ പൊങ്കാലയിടാത്തതുകൊണ്ട് ആറ്റുകാലമ്മ ഇക്കുറി ഭയങ്കരമായി വിഷമിച്ചിട്ടുണ്ടാകും.

വര്‍ഷങ്ങളായുള്ള പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി യൂണിവേഴ്‌സിറ്റി കോളേജ് പൊങ്കാലക്കാര്‍ക്ക് നിഷേധിക്കുകയും കവാടം അടച്ചിടാന്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്ത പ്രിന്‍സിപ്പലിനെ ഓര്‍ത്ത് അതിന് അനുകൂലമായി നിലപാടെടുത്ത വിദ്യാഭ്യാസമന്ത്രി രവീന്ദനാഥിനെയും മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നു. മൂന്നാറിലെ അനധികൃത കുരിശ് പൊളിച്ച ശ്രീറാം വെങ്കിട്ടരാമനെതിരെ അന്ന് കുരച്ചു ചാടിയ പിണറായിക്ക് യൂണിവേഴ്‌സിറ്റി കോളേജിന്റെ കവാടം തുറക്കാന്‍ പ്രിന്‍സിപ്പലിനോട് നിര്‍ദ്ദേശിക്കാമായിരുന്നു. ഊരിപ്പിടിച്ച കത്തിയും ഇരട്ടച്ചങ്കുമൊന്നും ഇക്കാര്യത്തില്‍ കണ്ടില്ല.

ജി.കെ സുരേഷ് ബാബു

ചീഫ് എഡിറ്റർ ജനം ടിവി

 

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close