സ്മാർട്ട് ഫോൺ പ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളായ S9, S9+ എന്നീ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചത്. 57,900 മുതൽ 72,900 വരെയാണ് ഫോണിന്റെ വില.
നാല് വ്യത്യസ്ത മോഡലുകളിലാണ് s9, s9+ ഫോണുകൾ എത്തുന്നത്. S9 64 ജിബിയ്ക്ക് 57,900 രൂപയും, S9 256 ജിബിയ്ക്ക് 65,900 രൂപയും S9+ 64 ജിബിയ്ക്ക് 64,9000 രൂപയും S9+ 256 ജിബിയ്ക്ക് 72,900 രൂപയുമാണ് വില.
സാംസങ്ങ് കഴിഞ്ഞ വർഷം പുറത്തിറക്കിയ S8 ന്റെ അതേ രൂപകൽപ്പനയിൽ തന്നെയാണ് എസ്9 ഉം എത്തുന്നത്. എന്നാൽ ആപ്പിളിന്റെ ഐഫോണിനോട് മത്സരിക്കുന്നതിനുതകുന്ന രൂതിയിൽ തന്നെയാണ് പുതിയ ഫോൺ സാംസങ്ങ് ഇറക്കുന്നത്.
ഇതിൽ എടുത്ത പറയേണ്ടത് ക്യാമറയുടെ ഫീച്ചർ തന്നെയാണ്. S9 മോഡലിന് ഒരു പിൻ ക്യാമറയും S9+ ന് രണ്ട് പിൻ ക്യാമറയുമാണ് ഉള്ളത്. സ്മാർട്ട് ഫോണുകളിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും പ്രകാശം സ്വീകരിക്കാൻ കഴിവുള്ള ലെൻസാണ് S9+ ന്റെ ഒരു ക്യാമറയ്ക്കുള്ളത്. ഇതിൽ ഒരെണ്ണം ടെലി ലെൺസാണ്. ഓഗ്മെന്റൽ റിയാലിറ്റിയ്ക്ക് സജ്ജമാണ് ഇതിലെ ക്യാമറകൾ എന്നതും ശ്രദ്ധേയമാണ്. ഇത് കൂടാതെ പ്രധാന ക്യാമറയ്ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും, ഡ്യൂവല്‍ പിക്സല്‍ ഓട്ടോഫോക്കസും ഉണ്ട്.
ആപ്പിൾ ഐഫോൺ X അവതരിപ്പിച്ചപ്പോൾ ഏവരും ശ്രദ്ധിച്ച ഒരു ഫീച്ചറായിരുന്നു ആനിമേറ്റഡ് ഇമോജി. ഇപ്പോൾ അതേ പാത തന്നെ പിൻതുടരുകയാണ് സാംസങ്ങും. ആനിമേറ്റഡ് മെസേജ് എന്ന ഫീച്ചറാണ് പുതിയ ഫോണിൽ അവർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ ഫോണിൽ ഇമോജികളാണ് ആനിമേറ്റായിരുന്നതെങ്കിൽ ഒരുപടി കൂടി കടന്ന് ഉപഭോക്താവിന്റെ കാർട്ടൂൺ ഭാവങ്ങൾ റെക്കോഡ് ചെയ്യാനാവുന്നതാണ് പുതിയ ഫീച്ചർ.
S9 മോഡലിന് 300mah ബാറ്ററിയും S9+ ന് 3500mah ബാറ്ററിയുമാണ് സാംസങ്ങ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും പുതിയ മോഡലിനുണ്ട്.